സാവധാനം സുസ്ഥിരം: ലുലയുടെ തിരിച്ചുവരവ് 

പ്രസിഡന്റ് ലുല ബ്രസീലിന്റെ യാഥാസ്ഥിതിക രാഷ്ട്രീയത്തെ ശ്രദ്ധയോടെ തരണം ചെയ്യണം

Published - January 04, 2023 11:25 am IST

ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ്, ജെയർ ബോൾസോനാരോയുടെ കഴിഞ്ഞ നാല് വർഷത്തെ തെറ്റുകൾ തിരുത്താനും, രാജ്യത്തെ തുല്യനീതി ഉറപ്പാക്കുന്ന വളർച്ചയുടെ പാതയിലേക്ക് തിരികെ കൊണ്ടുവരാനും ബ്രസീലിന് ലഭിച്ച സുവർണാവസരമാണ്. ലുല എന്ന് അറിയപ്പെടുന്ന ഈ ഇടതുപക്ഷ വർക്കേഴ്‌സ് പാർട്ടി നേതാവ് വമ്പിച്ച ജനപ്രീതിയോടെ, ചരിത്ര വിജയവുമായാണ് ഭരണത്തിലേക്ക് വരുന്നത്. 2003 മുതൽ 2011 വരെയുള്ള അദ്ദേഹത്തിന്റെ രണ്ട് ഭരണകാലങ്ങളിൽ വിപണി സൗഹൃദ നയങ്ങളും പൊതുസമൂഹത്തിനു വേണ്ടിയുള്ള വർധിച്ച പണവിനയോഗവും ചേർന്ന മിശ്ര സാമ്പത്തിക സമീപനമാണ് കൈകൊണ്ടത്. ഇത് ഏകദേശം 25 ദശലക്ഷം ബ്രസീലുകാരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയും രാജ്യത്തിന്റെ ഉയർന്ന സാമ്പത്തിക വളർച്ച ഉറപ്പാക്കുകയും ചെയ്തു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ബ്രസീൽ പ്രശ്‌നങ്ങളാൽ വലഞ്ഞു. ലുല തിരഞ്ഞെടുത്ത തന്റെ പിൻഗാമി, മുൻ വിപ്ലവകാരി ദിൽമ റൂസഫിന് കോൺഗ്രസിന്റെ എതിർപ്പും കുറ്റവിചാരണയും നേരിടേണ്ടി വന്നു. ബ്രസീലിന്റെ ക്രൂരമായ സൈനിക സ്വേച്ഛാധിപത്യത്തെ അനുകൂലിക്കുന്ന തീവ്രവലതുപക്ഷ, തീവ്രദേശീയ പ്രസിഡന്റായിരുന്ന ബോൾസോനാരോയുടെ കീഴിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച അപ്രത്യക്ഷമായി. ഇക്കാലഘട്ടത്തിൽ പട്ടിണി കുതിച്ചുയരുകയും ആരോഗ്യസംരക്ഷണ സംവിധാനം തകരുകയും ചെയ്തു. ബോൾസോനാരോ കോവിഡ് മഹാമാരിയുടെ ഭീഷണിയെ കുറച്ചുകാട്ടുകയും ഭരണകൂടം ആരോഗ്യപ്രതിസന്ധിയോട് വേണ്ടരീതിയിൽ പ്രതികരിക്കാതിരിക്കുകയും ചെയ്തതുമൂലം 7,00,000 ആളുകളെങ്കിലും ബ്രസീലിൽ മരണമടഞ്ഞു. ബോൾസോനാരോയുടെ നയങ്ങൾ ആമസോൺ മഴക്കാടുകളുടെ അതിവേഗ നശീകരണത്തിനും കാരണമായി.

ബോൾസോനാരോ ഭരിച്ച വർഷങ്ങളിൽ ബ്രസീലിലെ ഉദാരതാവാദികളും തൊഴിലാളിവർഗ, പുരോഗമന വിഭാഗങ്ങളും, അഴിമതി ആരോപിതനായി ശിക്ഷിക്കപ്പെട്ട് പിന്നീട് പരമോന്നത കോടതിയാൽ കുറ്റവിമുക്തനാക്കപ്പെട്ട ലുലയ്ക്ക് പിന്നിൽ അണിനിരന്നു. രണ്ട് ഭരണകാലാവധികൾക്ക് ശേഷം, 83 ശതമാനം അംഗീകാരത്തോടെ 2011-ൽ അധികാരം വിട്ട ലുല, പ്രതിപക്ഷത്തെ ഊർജ്ജസ്വലരാക്കി, ആദ്യഘട്ട പ്രസിഡണ്ട് തിരഞ്ഞടുപ്പിൽ നേരീയതെങ്കിലും വിശ്വസനീയമായ വിജയം നേടി. രാഷ്ട്രത്തിന്റെ ഐക്യത്തിലും പുനർനിർമ്മാണത്തിലുമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ഞായറാഴ്ച സ്ഥാനാരോഹണത്തിന് ശേഷം ലുല പറഞ്ഞു. ഇപ്പോൾ തെക്കേ അമേരിക്കയിലൂടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ പിങ്ക് വേലിയേറ്റം ലുലക്ക് ഗുണം ചെയ്തേക്കാം. വെനസ്വേല, ചിലി തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ നേതാക്കളിൽ നിന്ന് ലുല തന്റെ കാര്യപരിപാടികൾക്ക് പിന്തുണ കണ്ടെത്തും. ഈ വർഷം 28 ബില്യൺ ഡോളർ അധികമായി ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതിനാൽ ബ്രസീലിന്റെ വ്യയപരിധി തീരുമാനം തത്കാലത്തേക്ക് നിർത്തി വെക്കാൻ  ലുല ഒരു ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും മുന്നോട്ടുള്ള വഴി സുഗമമാകാനിടയില്ല. ബോൾസോനാരോ തിരഞ്ഞെടുപ്പ് പരാജയം ഔദ്യോഗികമായി അംഗീകരിക്കാതിരിക്കുകയും ലുലയുടെ സ്ഥാനാരോഹണത്തിന് മുമ്പ് രാജ്യം വിടുകയും ചെയ്തു. അതേസമയം, അദ്ദേഹത്തിന്റെ അനുയായികൾ അക്രമാസക്തരാവുകയും “സർക്കാരിനെ അടച്ചുപൂട്ടാൻ” സൈന്യത്തിന് ആഹ്വാനം നൽകുകയും ചെയ്തു. സാമൂഹിക സംഘർഷങ്ങൾ വലുതാണെങ്കിൽ, സാമ്പത്തിക വെല്ലുവിളികൾ അതിലും കൂടുതലായിരിക്കും. 2000-ത്തിൻറെ തുടക്കത്തിൽ ലുലയുടെ സാമൂഹിക ക്ഷേമ ചെലവുകൾക്ക് സഹായകരമായിരുന്ന ചരക്ക് വ്യാപാരരംഗത്തെ മുന്നേറ്റം ഇന്ന് നിലവിലില്ല. സർക്കാരിലുള്ള പൊതുവിശ്വാസം പുനഃസ്ഥാപിക്കുക, സമ്പദ്‌വ്യവസ്ഥയും ആരോഗ്യമേഖലയും പുനർനിർമ്മിക്കുക, ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഒന്നിപ്പിക്കുക എന്നീ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിന്റെ മുൻപിലുണ്ട്. പ്രഭുക്കന്മാരുടെ മേൽക്കോയ്മയുള്ള രാഷ്ട്രീയ അന്തരീക്ഷത്തിൽ വ്യത്യസ്‌ത വിഭാഗങ്ങളുമായി ചർച്ചകൾ നടത്തി, രാജ്യത്തിൻറെ സമ്പത്തിക ഘടനയിൽ ക്രമാനുഗതവും, എന്നാൽ കാര്യവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ലുല ശ്രദ്ധയോടെ മുന്നോട്ട് പോകണം.

This editorial has been translated from English, which can be read here.

0 / 0
Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.