ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിന് ഇക്കഴിഞ്ഞ മാർച്ച് 2-ന് തീപിടിച്ചത് സംസ്ഥാനത്തിന്റെ കാര്യക്ഷമമല്ലാത്ത ഖര-മാലിന്യ സംസ്കരണ രീതികളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഉറവിടത്തിൽ വെച്ചുതന്നെ മാലിന്യം വേർതിരിക്കാത്തതും, കരാറുകാരുടെ ചുമതലകളും പ്രവർത്തനങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളും ഇതിൽപ്പെടും. ബ്രഹ്മപുരത്ത് ഇത് ആദ്യത്തെ തീപിടുത്തമല്ല. സി.എസ്.ഐ.ആർ.-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി 2019-ലും, 2020-ലും നടത്തിയ പഠനങ്ങൾ പ്രകാരം നിരവധി തീപിടുത്തങ്ങൾ ചുറ്റുമുള്ള അന്തരീക്ഷത്തിലേക്ക് അത്യധികം വിഷാംശമുള്ള പദാർത്ഥങ്ങൾ പുറന്തള്ളുന്നതായി കണ്ടെത്തി; ഇത്തരം വിഷാംശങ്ങൾ ഈ തീപിടുത്തത്തിലും പുറന്തള്ളപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. ഈ വസ്തുതകൾ രണ്ട് പ്രശ്നങ്ങൾ സൂചിപ്പിക്കുന്നു – ബ്രഹ്മപുരത്ത് ഖരമാലിന്യങ്ങൾ കുമിഞ്ഞുകൂടി; അവ വേഗത്തിൽ നീക്കം ചെയ്തതുമില്ല. കൂടാതെ, രണ്ട് തരത്തിലുള്ള പരാജയങ്ങളും ഉണ്ടായി. ഒന്നാമതായി, കൊച്ചിയിലെ ഖരമാലിന്യ സംസ്കരണ സംവിധാനത്തിന്റെ ശേഷി പട്ടണത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിനേക്കാൾ വളരെ കുറവാണ്. രണ്ടാമതായി, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്ന ബ്രഹ്മപുരത്തെ സംവിധാനം പ്രവർത്തനരഹിതവുമാണ്. ആദ്യത്തേത് ഇന്ത്യ മുഴുവൻ നേരിടുന്ന പ്രശ്നമാണ്. അമിത ഉപഭോഗം, കുറഞ്ഞ വിഭവ-ഉപയോഗ കാര്യക്ഷമത, മാലിന്യങ്ങൾ ശരിയായി കൈകാര്യം ചെയ്യാത്തത് എന്നിവയാണ് ഈ പ്രശ്നത്തിന്റെ കാരണം. ജൈവ മാലിന്യങ്ങൾ വളമാക്കാം; അജൈവ മാലിന്യങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ, കത്തിച്ച് ഊർജ്ജം ഉല്പാദിപ്പിക്കുകയോ, നിലം നികത്താൻ ഉപയോഗിക്കുകയോ ചെയ്യാം. അത്തരം മാലിന്യങ്ങൾ മറ്റെവിടെയും പോകില്ല; അതിനാൽ, ഈ മൂന്ന് വഴികളിൽ ഏതെങ്കിലും അടഞ്ഞുപോയാൽ, ബാക്കിയുള്ളവയിൽ മാലിന്യം അടിഞ്ഞുകൂടും. ഇക്കാരണത്താൽ, നിലംനികത്താനുപയോഗിക്കുന്ന മാലിന്യം നഗര ഭരണകേന്ദ്രങ്ങളുടെ പ്രവർത്തനരാഹിത്യത്തിന്റെ അടയാളമാണ്. മറ്റൊരു പ്രശ്നം സംഭരണ കേന്ദ്രങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നത്തിലെ അപര്യാപ്തതയാണ്. മാലിന്യങ്ങൾ ഊർജ ഉല്പാദനശാലകളിൽ ഉപയോഗിക്കുകയോ, അവയിൽനിന്ന് വിലപിടിപ്പുള്ള ലോഹങ്ങൾ വീണ്ടെടുക്കുകയോ, ഇന്ധനം ഉല്പാദിപ്പിക്കുകയോ, ജൈവമണ്ണായി ഉപയോഗിക്കുകയോ ചെയ്യാം. കത്തുന്ന മാലിന്യങ്ങൾ വേറെ സംഭരിക്കുകയും ആവാം. ഇത്തരം നടപടികളിലൂടെ തീപിടുത്തങ്ങൾ ഒഴിവാക്കാം.
ബ്രഹ്മപുരം മാലിന്യ സംസ്കരണശാലയ്ക്ക് സംസ്ഥാന സർക്കാർ വേണ്ടത്ര ശ്രദ്ധ കൊടുത്തിരുന്നില്ലെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരം സംവിധാനങ്ങൾ വിജയിക്കണമെങ്കിൽ ഇവ ഉല്പാദിപ്പിക്കുന്ന താരതമ്യേന കൂടുതൽ ചിലവുകൂടിയ വൈദ്യുതി വാങ്ങാൻ ആളുണ്ടാവണം; ലഭ്യമായ മാലിന്യങ്ങളിൽ കത്തിക്കാവുന്നതിന്റെ അളവ് അവർക്ക് ഉത്പാദിപ്പിക്കാനും വിൽക്കാനും കഴിയുന്ന വൈദ്യുതിയുടെ അളവിന് ആനുപാതികമായിരിക്കണം; ലഭിക്കുന്ന മാലിന്യത്തിന് വൈദ്യുതി ഉൽപാദിക്കാനാവശ്യമായ ഊർജ്ജമാത്ര ഉണ്ടായിരിക്കണം. സംസ്കരണശാല പ്രവർത്തനക്ഷമമല്ല: അതിന് കാരണമെന്തെന്ന് സംസ്ഥാനം വിശദീകരിക്കുകയും അത് പുനരുജ്ജീവിപ്പിക്കുകയും വേണം. നിലംനികത്താനും, ലോഹങ്ങൾ വേർതിരിക്കാനുമുള്ള കരാറുകളെപ്പറ്റി വിശദീകരണം ആവശ്യമാണ്. കരാറുകാർ അവരുടെ ചുമതല നിറവേറ്റുന്നതിൽ എന്തുകൊണ്ട് പരാജയപ്പെട്ടു? എന്തുകൊണ്ട് തിരുത്തൽ നടപടികൾ വേഗത്തിൽ നടപ്പാക്കിയില്ല? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ആവശ്യമാണ്. സുപ്രീം കോടതിയുടേയും ദേശീയ ഹരിത ട്രിബുണലിന്റേയും വിധികൾ സംസ്ഥാനം അവഗണിച്ചത് ആശങ്കാജനകമാണ്. കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അഴിമതിയുടെ സാന്നിധ്യം അത്യന്തം നിരാശാജനകമാണ്. ആത്യന്തികമായി, കേരളം കേന്ദ്രീകൃതമായ മാലിന്യ സംസ്കരണം അവസാനിപ്പിച്ച്, ഖരമാലിന്യ പരിപാലന നയം പറയുന്നതുപോലെ വികേന്ദ്രീകൃത രീതി സ്വീകരിക്കണം. സംസ്ഥാനം അതിന്റെ മാലിന്യമലകൾ കുറയ്ക്കുന്നതിൽ പരാജയപ്പെടുകയും പകരം ഇവ കാലാവസ്ഥാ മലിനീകരണത്തിന്റെ ഉറവിടമാകാൻ അനുവദിക്കുകയും ചെയ്താൽ, പുനചംക്രമണ സമ്പദ്‌വ്യവസ്ഥ നടപ്പിൽ വരുത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ 2026-ഓടെ സംസ്ഥാനത്തിന് മാലിന്യരഹിത കേരളം എന്ന ലക്ഷ്യം കൈവരിക്കാനാവാതെ വരും.
This editorial has been translated from English, which can be read here.
COMMents
SHARE