സഖ്യസർക്കാരുകളും, രാഷ്ട്രീയപ്രവർത്തകരുടെ കൂടുവിട്ട് കൂടുമാറലും ഏറെ കണ്ടിട്ടുള്ള മേഘാലയയിൽ, കഴിഞ്ഞ നിയമസഭയുടെ അഞ്ചുവർഷ കാലയളവിൽ 60 എം.എൽ.എ.മാരിൽ മൂന്നിലൊന്നെങ്കിലും പല പാർട്ടികൾ മാറിയിട്ടുണ്ട്. ഫെബ്രുവരി 27-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) സ്ഥാനാർത്ഥി ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറുമാറിയെങ്കിൽ, ഒരു കോൺഗ്രസ്സ് സ്ഥാനാർത്ഥി തൃണമൂൽ കോൺഗ്രസിലേക്ക് (ടി.എം.സി.) കളം മാറി. 2018-ൽ കോൺഗ്രസ്സ് 21 സീറ്റും, എൻ.പി.പി. 20 സീറ്റും, ബി.ജെ.പി. 2 സീറ്റും നേടിയപ്പോൾ, പ്രാദേശിക പാർട്ടികളും സ്വതന്ത്രരും ബാക്കിയുള്ളവ കരസ്ഥമാക്കി. തിരഞ്ഞെടുപ്പ് നേരിടുന്ന മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മേഘാലയയിൽ മാത്രമാണ് കോൺഗ്രസ്സിന് കുറച്ചെങ്കിലും പോരാട്ട സാധ്യതയുള്ളത്. ഒരു കാലത്ത് മേഘാലയയിലെ പ്രധാന രാഷ്ട്രീയ ശക്തിയായിരുന്ന കോൺഗ്രസ്സിന്, 2018-ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും, നിലവിൽ ഒരു എം.എൽ.എ. പോലുമില്ല. രണ്ടക്കം തികയ്ക്കാമെന്ന പ്രതീക്ഷയിൽ ബി.ജെ.പി. എല്ലാ 60 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 2021 നവംബറിൽ 12 കോൺഗ്രസ്സ് എം.എൽ.എ.മാർ കൂറുമാറി വന്നപ്പോൾ ഒറ്റരാത്രികൊണ്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയായി മാറിയ തൃണമൂൽ കോൺഗ്രസ്സ് 55 സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ഏറ്റവും സ്വാധീനമുള്ള പ്രാദേശിക സംഘടനയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി 46 സീറ്റുകളിലാണ് മത്സരിക്കുന്നത്. തായ്‌വഴി പിന്തുടർച്ചാവകാശം തുടരുന്ന ഖാസി, ജയന്റിയ, ഗാരോ ഗോത്രങ്ങളാണ് സംസ്ഥാന രാഷ്ട്രീയം നിയന്ത്രിക്കുന്ന പ്രധാന ശക്തികേന്ദ്രങ്ങൾ. ഇതിൽ ഖാസി, ജയന്റിയ ഗോത്രങ്ങൾ വംശീയമായി അടുത്തുനിൽക്കുന്നു. 50 വർഷം മുമ്പ് സംസ്ഥാനം രൂപീകൃതമായതു മുതൽ 34 വർഷം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത് ഗാരോ ഗോത്രക്കാരാണ്.
ഗാരോ ഗോത്രക്കാർ ഒരു പ്രത്യേക സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണ ഇതേപ്പറ്റിയുള്ള സംസാരം അധികം ഉയർന്നു കേൾക്കുന്നില്ല. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിൽ 36 എണ്ണം ഖാസി-ജയന്റിയ കുന്നുകളിലും, 24 എണ്ണം ഗാരോ കുന്നുകളിലുമാണ്. ഭരണകക്ഷിയായ എൻ.പി.പി.യും പ്രധാന എതിരാളിയായ തൃണമൂലും നേർക്കുനേർ ഏറ്റുമുട്ടുന്ന ഗാരോ കുന്നുകളിൽ മത്സരം ഏറ്റവും തീവ്രമാണ്. അസം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പ്രശ്നം ഇത്തവണ മേഘാലയയിൽ പ്രവേശിച്ചത് എൻ.പി.പി.യും, ബി.ജെ.പി.യും തൃണമൂലിനെ ഇന്ത്യയുടെ അയൽക്കാരോട് അനുഭാവമുള്ള ബംഗാളി പാർട്ടിയായി ചിത്രീകരിക്കാൻ ശ്രമിച്ചത് മൂലമാണ്. തൃണമൂലും സഖ്യകക്ഷികളും എൻ.പി.പി.യുടേത് ദുർഭരണമായിരുന്നുവെന്ന് ആരോപിക്കുന്നു. വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം, റേഷൻ വിതരണം തുടങ്ങിയ വിവിധ മേഖലകളിൽ വൻതോതിലുള്ള അഴിമതി നടന്നെന്ന് അവർ പറയുന്നു. കൂടാതെ, അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ അസമുമായി ഒപ്പുവെച്ച കരാർ “സന്തുലിതമല്ലെന്ന്” അവർ ആരോപിക്കുന്നു. അതേസമയം, സഖ്യകക്ഷികൾ തങ്ങൾ ഭാഗമായിരുന്ന സർക്കാരിന്റെ ചെയ്തികളിൽനിന്ന് കൈകഴുകി, മുഴുവൻ കുറ്റവും എൻ.പി.പി.യുടെ തലയിൽ വെയ്ക്കാൻ ശ്രമിക്കുന്നു. പ്രധാന തീരുമാനങ്ങളെല്ലാം എൻ.പി.പി. സ്വയമാണ് എടുത്തിരുന്നതെന്നും തങ്ങളോട് ഒരുവിഷയത്തിലും കൂടിയാലോചന നടത്തിയിരുന്നില്ലെന്നും അവർ ആരോപിക്കുന്നു. സ്ഥാനമൊഴിയുന്ന സർക്കാരിലെ സഖ്യകക്ഷികൾ എൻ.പി.പി.ക്കെതിരെ മത്സരിക്കുമ്പോൾ, തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാദ്ധ്യതകൾ ശരിയായി ഉപയോഗപ്പെടുത്താനായി ഓരോരുത്തരും നിയമസഭയിൽ തങ്ങളുടെ അംഗബലം പരമാവധി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു.
This editorial has been translated from English, which can be read here.
COMMents
SHARE