പഞ്ചാബിലെ അക്രമാസക്തരായ വിഘടനവാദികൾക്കെതിരായ പോലീസ് നടപടി വൈകിയെങ്കിൽപ്പോലും നിഷ്‌ക്രിയമായി നോക്കിനിൽക്കുന്നതിനേക്കാൾ ഭേദമാണ്. സമീപ വർഷങ്ങളിൽ സംസ്ഥാനത്ത് മതഭ്രാന്ത് ഹീനമായ രീതിയിൽ തലപൊക്കുകയും കഴിഞ്ഞ മാസങ്ങളിൽ നിയന്ത്രണാതീതമാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ഭരണകർത്താക്കൾക്ക് നേരെ അക്രമത്തിനുള്ള തുറന്ന ആഹ്വാനങ്ങളും ഭീഷണികളും പുറത്തുവന്നു. ഫെബ്രുവരി 23-ന് ഒരു ജനക്കൂട്ടം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കടന്ന് പ്രതികളെ മോചിപ്പിച്ചു. ഇത് ക്രമസമാധാനം പൂർണ്ണമായും തകർന്നതിന്റെ തെളിവാണ്. അനുഭവപരിചയമില്ലാത്ത ആം ആദ്മി പാർട്ടി സർക്കാരിന് ഇത് ഒരു വലിയ വെല്ലുവിളിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രകടമായ തരത്തിലുള്ള ഏകോപനത്തിലൂടെ നടപടികൾ എടുക്കേണ്ടതാണ്. 1980-കളിൽ പാകിസ്ഥാന്റെ പിന്തുണയോടെ പ്രത്യേക ഖലിസ്ഥാന് വേണ്ടിയുള്ള അക്രമാസക്തമായ സമരം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു പ്രധാനമന്ത്രി കൊല്ലപ്പെടുകയും, സിക്കുകാർക്കെതിരായ വംശീയ കലാപത്തിൽ ആയിരക്കണക്കിന് നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അത്തരമൊരു പ്രതിസന്ധി തിരിച്ചുവരാനും, അതുമൂലം സിഖ് സമുദായത്തിനും ഇന്ത്യക്കും ആഘാതമേൽക്കാനും അനുവദിക്കരുത്. പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ മടിക്കാത്തവരും, പരിശ്രമശാലികളുമായ സിഖുകാർ ഇപ്പോൾ ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. എന്നാൽ സാമ്പത്തികവും സാമൂഹികവുമായ സ്തംഭനാവസ്ഥ അവരെ അലട്ടുന്നുണ്ട്. കാർഷികരംഗം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു; മയക്കുമരുന്ന് ദുരുപയോഗം വ്യാപകമാണ്. ഈ അവസരം മുതലെടുത്ത് അക്രമങ്ങൾ അഴിച്ചുവിടാൻ ചിലർ ശ്രമിക്കുന്നു.
വ്രണമാകാൻ അനുവദിക്കപ്പെടുന്ന ഒരു മുറിവ് ശരീരത്തെ മുഴുവൻ രോഗബാധിതമാക്കും. മതഭ്രാന്ത്, വിദേശസഹായത്തോടെയുള്ള അവസരവാദം, സാമൂഹിക പ്രതിസന്ധി എന്നിവയെല്ലാം ചേർന്നാണ് പഞ്ചാബിലെ പ്രശ്‌നങ്ങൾ വഷളാക്കുന്നത്. ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സിഖ് പ്രവാസികളുടെ ഒരു വിഭാഗം വിഘടനവാദത്തെ അനുകൂലിച്ച് അണിനിരന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. ഈ പ്രശനം പരിഹരിക്കാൻ പഞ്ചാബ് സർക്കാരുമായും വിദേശ രാജ്യങ്ങളുമായും കേന്ദ്രം ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അക്രമ പ്രവണതകളെ മുളയിലേ നുള്ളുകയും, വിദ്വേഷത്തിന്റെ വക്താക്കൾക്ക് ശിക്ഷ ഉറപ്പാക്കുകയും വേണം. കൂടാതെ, പ്രശ്നമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിന് സിഖ് സമൂഹവുമായി വലിയതോതിൽ ആശയവിനിമയം നടത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവണം. പൗരന്മാർക്കും പുറംലോകത്തിനും ഇന്ത്യ വിഘടനവാദം പ്രോത്സാഹിപ്പിക്കാത്ത ഒരു ബഹുമത, ബഹുസ്വര രാഷ്ട്രമായി തുടരുന്നു എന്ന സന്ദേശം വ്യക്തമായി ലഭിക്കണം. പഞ്ചാബിലെ കർഷകരും കേന്ദ്രവും തമ്മിലുള്ള അവിശ്വാസം മൂലം 2021-ൽ കാർഷിക മേഖലയെ പരിഷ്കരിക്കാൻ ഉദ്ദേശിച്ച നിയമങ്ങൾ നടപ്പാക്കാനായില്ല. അക്രമകാരികൾക്കെതിരെ കർശനമായ നടപടികൾ എടുക്കുന്നതും, പൊതുജനങ്ങളുടെ വിശ്വാസം വളർത്തിയെടുക്കുന്നതും ആവണം സർക്കാരിന്റെ നയങ്ങളുടേയും പ്രചാരണത്തിന്റേയും കാതൽ. എന്തുതന്നെയായാലും, കൂടുതൽ അകൽച്ചയുണ്ടാക്കുന്ന കുപ്രചാരണങ്ങൾ, അത് ഏതു കോണിൽ നിന്ന് ഉയർന്നാലും, പ്രോത്സാഹിപ്പിക്കരുത്.
This editorial has been translated from English, which can be read here.
COMMents
SHARE