യുക്രെയ്നിലെ റഷ്യയുടെ യുദ്ധം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഒരു ഭാഗത്തും അനുരഞ്ജനത്തിന്റെ ലക്ഷണമൊന്നും കാണുന്നില്ല. വസന്തകാലത്ത് നടക്കാൻ സാധ്യതയുള്ള ഒരു വലിയ ആക്രമണത്തിനായി മോസ്‌കോ 5,00,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ ഫെബ്രുവരിയിൽ ആദ്യ ആക്രമണം നടത്താൻ നിയോഗിച്ച സേനയുടെ ഇരട്ടിയിലധികം വരും. കീവിന്റെ പ്രതിരോധവും ആക്രമണവും ശക്തിപ്പെടുത്താൻ, സുപ്രധാന സാമ്പത്തിക, സൈനിക സഹായങ്ങൾ നൽകുന്ന പാശ്ചാത്യ രാജ്യങ്ങൾ കവചിത വാഹനങ്ങൾ, കൃത്യതയുള്ള ബോംബുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ യുക്രെയ്നിലേക്ക് അയക്കുന്നുണ്ട്. തിങ്കളാഴ്ച കീവിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ യുദ്ധത്തിൽ തകർന്ന രാജ്യത്തിന് അമേരിക്കയുടെ ശാശ്വത പിന്തുണ വാഗ്ദാനം ചെയ്തു. അടുത്ത ദിവസം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ, ഒരു നീണ്ട യുദ്ധത്തിന് രാജ്യം സജ്ജമാണെന്ന് പ്രഖ്യാപിക്കുകയും ‘പുതിയ സ്റ്റാർട്ട്’ ഉടമ്പടിയിലെ പങ്കാളിത്തം മരവിപ്പിക്കുകയും ചെയ്തു. ഇത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ തകർച്ചയെ സൂചിപ്പിക്കുന്നു. മാത്രമല്ല, ഇത് ആണവായുധ മത്സരത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു വർഷം യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ കൂട്ടർക്കും വിനാശകരമായിരുന്നു. പെട്ടെന്നുള്ള വിജയം ആഗ്രഹിച്ച പുടിൻ, കീവിന്റെ പ്രതികരണവും അതിനെ പിന്തുണയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ദൃഢനിശ്ചയവും മുന്നിൽക്കണ്ടില്ല. നിരവധി പ്രദേശങ്ങൾ നഷ്ടപ്പെട്ടെങ്കിലും, യുക്രെയ്ൻ റഷ്യക്ക് വലിയ തോതിയിൽ മാനുഷികവും ഭൗതികവുമായ നഷ്ടങ്ങൾ വരുത്തി. റഷ്യയോടുള്ള സമീപനത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. എന്നാൽ യുദ്ധം വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിമൂലം ഇവരും വലയുകയാണ്.
തിരിച്ചടികൾ ഉണ്ടായിട്ടും, ഒരു പക്ഷവും ചർച്ചയ്ക്ക് തയ്യാറല്ല. പുടിൻ എത്ര കാലം വേണമെങ്കിലും പോരാടാൻ തയ്യാറാണെങ്കിൽ, യുക്രെയ്‌നെ ഇതേ രീതിയിൽ പിന്തുണക്കാൻ പാശ്ചാത്യലോകവും സന്നദ്ധമാണ്. പോരാട്ടങ്ങളെല്ലാം സ്വന്തം അതിർത്തിക്കുള്ളിൽ നടക്കുന്ന ഈ നീണ്ട യുദ്ധം യുക്രെയ്ന് അതിവിനാശകരമായിരിക്കും. രാജ്യത്തിന് ഭൂമിയും ആയുധങ്ങളും പതിനായിരക്കണക്കിന് ജീവനും നഷ്ടപ്പെട്ടു. അതിന്റെ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ ആക്രമിക്കപ്പെടുകയും സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങൾ സ്ഥിരമായി ലഭിക്കാതെ റഷ്യൻ ആക്രമണത്തെ അതിജീവിക്കാൻ യുക്രെയ്‌ന് ആവില്ല. കൂടാതെ, യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ, നേരിട്ടുള്ള റഷ്യ-നാറ്റോ സംഘർഷത്തിന്റെ സാധ്യതകളും ഏറെയായിരിക്കും. യൂറോപ്പിലെ സുരക്ഷിതത്വത്തിന്റെ ദ്രുതഗതിയിലുള്ള തകർച്ചയും വൻശക്തികൾ തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസവും ഒന്നാം ലോകമഹായുദ്ധത്തിന് മുൻപ് ഭൂഖണ്ഡനത്തിലുണ്ടായിരുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്താവുന്നതാണ്. ആണവായുധങ്ങളുടെ ഭീഷണി മൂലം വൻശക്തികൾ തമ്മിലുള്ള ഒരു തുറന്ന ഏറ്റുമുട്ടൽ ഇന്ന് വളരെയേറെ വിനാശകരമായിരിക്കും. അത്തരമൊരു സംഘർഷം നടന്നാൽ യുദ്ധം യൂറോപ്പിന്റെ മാത്രം പ്രശ്നം അല്ലാതായിത്തീരും. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. പൂർണ്ണമായ വിജയങ്ങളിലൂടെയോ ചർച്ചകളിലൂടെയോയാണ് യുദ്ധങ്ങൾ സാധാരണ അവസാനിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ വർഷം സൂചിപ്പിക്കുന്നത് പരിപൂർണ്ണ വിജയം ഇരുവശത്തും സാധ്യമാവില്ല എന്നാണ്. അതായത് റഷ്യയും യുക്രെയ്നും പാശ്ചാത്യരാജ്യങ്ങളും അന്തിമമായ ഒരു ഒത്തുതീർപ്പിന് തയ്യാറാവണം. എത്ര നേരത്തെ അവർ പരസ്പരം സംസാരിക്കാൻ തുടങ്ങുന്നുവോ അത്രയും അത് ലോകത്തിന് നല്ലതായിരിക്കും.
This editorial has been translated from English, which can be read here.
COMMents
SHARE