ഇസ്രായേൽ: തന്ത്രപരമായ പിൻവാങ്ങൽ

ഒരു വലിയ വിഭാഗം ജനങ്ങളെ ഒറ്റപ്പെടുത്താതെ നെതന്യാഹുവിന് തന്റെ കാര്യപരിപാടി നടപ്പിലാക്കാനാവില്ല 

March 29, 2023 10:51 am | Updated 10:51 am IST

കഴിഞ്ഞ ഡിസംബറിൽ ഇസ്രായേൽ പ്രധാനമന്ത്രിയായി വീണ്ടുമെത്തിയ ബെഞ്ചമിൻ നെതന്യാഹു രാജ്യത്തിന്റെ 37-ാമത് സർക്കാരിന്റെ നാല് സുപ്രധാന ലക്ഷ്യങ്ങൾ എടുത്തുകാട്ടി: ഇറാനെ തടയുക; ഇസ്രായേലിന്റെ സുരക്ഷയും ഭരണനിയന്ത്രണവും പുനഃസ്ഥാപിക്കുക; ഉയരുന്ന ജീവിതച്ചെലവിന്റെ പ്രശ്നം പരിഹരിക്കുക; “സമാധാനത്തിന്റെ വലയം” (അറബികൾക്കൊപ്പം) വികസിപ്പിക്കുക. എന്നാൽ കഴിഞ്ഞ നാല് മാസങ്ങളിൽ, സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും ന്യായാധിപ പരിഷ്കരണ ബില്ലുകൾ നെസെറ്റിൽ പാസാക്കുക എന്നത് മാത്രമായിരുന്നു. ഇത് അഭൂതപൂർവമായ പ്രതിഷേധങ്ങൾക്ക് കാരണമായി. തുടക്കത്തിൽതന്നെ, താൻ നയിക്കുന്ന സഖ്യത്തിന് ഭൂരിപക്ഷമുള്ള (ഇസ്രായേലി നിലവാരമനുസരിച്ച്) പാർലമെന്റിൽ, നിയമനിർമ്മാണവുമായി മുന്നോട്ട് പോകുമെന്ന് നെതന്യാഹു പ്രതിജ്ഞയെടുത്തു. എന്നാൽ പ്രതിഷേധം ശക്തമായതോടെ കലാപം പൊട്ടിപ്പുറപ്പെട്ടു. ദേശീയ സുരക്ഷയിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ബില്ലുകൾ പാസാക്കുന്നത് വൈകിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കി.എന്നാൽ, പ്രതിസന്ധി അദ്ദേഹത്തിന്റെ നിയന്ത്രണത്തിന് അതീതമായി അപ്പോഴേക്കും വളർന്നിരുന്നു. തിങ്കളാഴ്ച, പ്രതിഷേധങ്ങൾക്കും ജനജീവിതം സ്തംഭിപ്പിച്ച പൊതുപണിമുടക്കിനും ഇടയിൽ, ഇസ്രായേലിനെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ്, ബില്ലുകൾ മരവിപ്പിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ “അരാജകവാദികൾക്ക്” കീഴടങ്ങുന്നതിനെതിരെ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകുകയും, അങ്ങനെ ചെയ്താൽ സഖ്യം വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നെതന്യാഹുവിന് സഖ്യത്തെ ഒരുമിച്ച് നിർത്താൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. യഹൂദ തീവ്രവാദിയായ ബെൻ-ഗ്വിറിന്റെ പിന്തുണ ഉറപ്പാക്കാനായി ദേശീയ ഗാർഡിന്റെ ചുമതല അദ്ദേഹത്തിന്റെ മന്ത്രാലയത്തിലേക്ക് മാറ്റും.

1996-ൽ ഷിമോൺ പെരസിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ നെതന്യാഹു തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി ഉയർച്ച-താഴ്ചകൾ കണ്ടിട്ടുണ്ട്. എന്നിരുന്നാലും, നിലവിലെ പ്രതിസന്ധി അദ്ദേഹം അഭിമുഖീകരിച്ചതിൽ വച്ച് ഏറ്റവും കാഠിന്യമേറിയതാണ്. വർഷങ്ങളായി ഇസ്രായേൽ രാഷ്ട്രീയത്തിൽ തീവ്ര വലതുപക്ഷത്തിലേക്കുള്ള നാടകീയമായ മാറ്റത്തിന് നെതന്യാഹു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വലതുപക്ഷ (ലിക്കുഡ്), മതാഷ്ഠിത (ഷാസ്, യുണൈറ്റഡ് തോറ യഹൂദമതം), തീവ്ര വലതുപക്ഷ (റിലിജിയസ് സയണിസ്റ്റ്, ഒത്സ്മ യെഹൂദിറ്റ്) പാർട്ടികൾ ഉൾപ്പെടുന്ന നിലവിലെ സർക്കാർ ഇതിന്റെ ഫലമാണ്. നിലവിലുള്ള വ്യവസ്ഥയിലെ  ന്യായാധിപ പരിശോധനകളും സന്തുലനവും രാജ്യത്തെ അതിന്റെ യഥാർത്ഥ ജൂത സ്വത്വം തിരിച്ചറിയുന്നതിൽ നിന്ന് തടയുന്നുവെന്ന് തീവ്ര വലതുപക്ഷം വളരെക്കാലമായി വാദിക്കുന്നുണ്ട്. പാർലമെന്റിന് ന്യായാധിപ നിയമനങ്ങൾ നിയന്ത്രിക്കാനും, സുപ്രീം കോടതി വിധികളെ മറികടക്കാനുമുള്ള അധികാരം നൽകുന്ന ആസൂത്രിത നീതിന്യായ പരിഷ്കാരങ്ങൾ ഇതിന്റെ ഭാഗമാണ്. ഫലസ്തീൻ അധിനിവേശത്തിന്റെ കാര്യത്തിലോ ബാഹ്യ ഭീഷണികളെ നേരിടുമ്പോഴോ സ്വന്തം വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കാൻ നെതന്യാഹുവിനും കൂട്ടാളികൾക്കും ഇതുവരെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരുടെ കൈകളിൽ കൂടുതൽ അധികാരം എത്തിക്കാനുള്ള നീക്കം പ്രതിരോധ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ നിന്ന് വ്യാപകമായ ചെറുത്തുനിൽപ്പിന് കാരണമായി. ബില്ലുകൾ മരവിപ്പിച്ചതിലൂടെ നെതന്യാഹു പ്രതിസന്ധി പരിഹരിക്കുകയല്ല, അതിന്റെ ആഘാതം വൈകിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഒരു മാസത്തിനുശേഷം സമവായത്തിലൂടെ ബില്ലുകൾ നെസെറ്റിൽ തിരിച്ച് കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ, ഇസ്രായേൽ നയതന്ത്രജ്ഞരേപ്പോലും സമരത്തിനിറക്കിയ, രാജ്യത്തെ ധ്രുവീകരിക്കാനിടയാക്കിയ ഈ പ്രശ്‌നത്തിൽ അദ്ദേഹം എങ്ങനെ സമവായം കണ്ടെത്തുമെന്ന് വ്യക്തമല്ല. നെതന്യാഹു തന്റെ സഖ്യകക്ഷികളെ സർക്കാർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും, നീതിന്യായ വ്യവസ്ഥയെ മൊത്തത്തിൽ ദുർബലപ്പെടുത്താനുള്ള പദ്ധതി ഉപേക്ഷിക്കുകയും, രാജ്യം അഭിമുഖീകരിക്കുന്ന ഇതിലും വലിയ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം.

This editorial has been translated from English, which can be read here.

0 / 0
Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.