ഈ ആഴ്ച അമേരിക്കയിലെ നേവൽ ബേസ് പോയിന്റ് ലോമയിൽ യു.എസ്., ബ്രിട്ടൺ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ഒന്നിച്ച് കൂടി അവരുടെ ത്രിരാഷ്ട്ര ഓക്കസ് പ്രതിരോധ ഉടമ്പടിയുടെ വിശദാംശങ്ങൾ വ്യക്‌തമാക്കിയത് കാഴ്ചയിലെന്ന പോലെ സാരാംശത്തിലും പ്രാധാന്യമർഹിക്കുന്നു. ഇത് ആഗോള മഹാശക്തികളുടെ മൽസരത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്നു. 2021 സെപ്റ്റംബറിൽ ആദ്യമായി പ്രഖ്യാപിച്ച ഈ ഇൻഡോ-പസഫിക് മേഖലയിലെ കരാറിൽ മൂന്ന് ഘട്ടങ്ങളുണ്ടാകും. ഈ വർഷം മുതൽ അമേരിക്കയുടേയും ബ്രിട്ടന്റേയും നാവികസേനകൾ ഓസ്‌ട്രേലിയൻ നാവികരെ ഉൾപ്പെടുത്തുകയും, ഒരുമിച്ച് പരിശീലനം നേടുന്നതിനായി ഓസ്‌ട്രേലിയയിലേക്കുള്ള തുറമുഖ സന്ദർശനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ, യു.എസിന്റെയും യു.കെയുടെയും ആണവ അന്തർവാഹിനികൾ ഓസ്‌ട്രേലിയയിലേക്ക് മാറിമാറി യാത്രകൾ നടത്തും. കൂടാതെ, അമേരിക്ക ഓസ്‌ട്രേലിയയ്‌ക്ക് അണുശക്തികൊണ്ട് പ്രവർത്തിക്കുന്ന പരമാവധി അഞ്ച് വിർജീനിയ ക്ലാസ് അന്തർവാഹിനികൾ വിൽക്കും. തുടർന്ന്, എസ്.എസ്.എൻ- ഓക്കസ് എന്ന പേരിൽ പുതിയ അന്തർവാഹിനി നിർമ്മിക്കും. ഇത് മൂന്ന് നാവികസേനകൾക്കും മാറിമാറി ഉപയോഗിക്കാൻ കഴിയും. ബ്രിട്ടീഷ് രൂപകൽപ്പനയും യു.എസ്. സാങ്കേതികവിദ്യയും ഉപയോഗിച്ച് ഓസ്‌ട്രേലിയൻ പ്രതിരോധത്തിനുള്ള ഏറ്റവും വലിയ കരാറിന് 368 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു സഖ്യത്തിന്റെ ലക്ഷ്യം ആരാണെന്ന് ഊഹിക്കാൻ പ്രയാസമില്ല. “റഷ്യയുടെ യുക്രെയ്നിലെ അനധികൃത അധിനിവേശവും, ചൈനയുടെ വർദ്ധിച്ചുവരുന്ന കടുത്ത നിലപാടുകളും, ഇറാന്റേയും ഉത്തര കൊറിയയുടേയും അസ്ഥിരപ്പെടുത്തുന്ന പെരുമാറ്റങ്ങളുമാണ് ലോകത്തിന് പുതിയ വെല്ലുവിളികൾ ഉയർത്തിയിരിക്കുന്നത്,” ബ്രിട്ടീഷ് നേതാവ് ഋഷി സുനാക് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ആണവ അന്തർവാഹിനികൾ ഉൾപ്പെടെയുള്ള ഒരു കപ്പൽപ്പടക്ക് ദക്ഷിണ ചൈനാ കടലിൽ വേഗത്തിൽ എത്താൻ കഴിയുമെന്നതിനാൽ തായ്‌വാന്റെമേൽ ചൈന അവകാശവാദം ഉന്നയിക്കുന്നതിനെ തടയാനുള്ള ഒരു മാർഗമായാണ് ഈ പുതിയ സഖ്യത്തെ കാണേണ്ടത്.
പ്രതീക്ഷിച്ചതുപോലെ, ബീജിംഗിന്റെ എതിർപ്പ് ഏറ്റവും കഠിനമായിരുന്നു. “തെറ്റായതും അപകടകരവുമായ പാത” എന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്. ആണവ അന്തർവാഹിനികൾ ഉപയോഗിക്കുന്ന ഒരു കൂട്ടം രാജ്യങ്ങളോടൊപ്പം ഓസ്‌ട്രേലിയ ചേരുമെന്നതിനാൽ ആണവ വ്യാപനത്തെക്കുറിച്ച് റഷ്യ ചോദ്യങ്ങൾ ഉന്നയിച്ചു. അന്തർവാഹിനികൾ അണുശക്തികൊണ്ട് പ്രവർത്തിക്കുന്നതായിരിക്കുമെന്നും എന്നാൽ ആണവായുധങ്ങൾ ഉണ്ടായിരിക്കില്ലെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ തറപ്പിച്ച് പറഞ്ഞു. എങ്കിലും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ മോസ്കോയിൽ വെച്ചുനടക്കുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ആണവനിർവ്യാപന ഉടമ്പടിയുടെ ലംഘനത്തെ സംബന്ധിച്ച് ആശങ്ക ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂസിലാൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ പരോക്ഷമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഓക്കസ് രാജ്യങ്ങൾ ഇതേകുറിച്ച് മുൻകൂർ വിവരം നൽകിയതിനാലാവാം, ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്വാഡിലെ തന്ത്രപരവും പ്രതിരോധപരവുമായ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ എപ്പോഴും മടി കാട്ടിയിട്ടുള്ള ഇന്ത്യക്ക്, ഇന്തോ-പസഫികിലെ സൈനിക വിന്യാസത്തിന്റെ കണക്കുകൂട്ടലിൽ ഓക്കസ് ഉടമ്പടി ആശ്വാസം നൽകുമെന്ന് കരുതേണ്ടിയിരിക്കുന്നു. യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികളും റഷ്യ-ചൈന കൂട്ടുകെട്ടും തമ്മിൽ നിലവിലുള്ള ഭിന്നതകൾ കൂടുതൽ വഷളാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ദക്ഷിണ ലോകത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഇന്ത്യ തന്നാലാവുന്നത് ചെയ്യണം. ആഗോള സംഘർഷം വർദ്ധിക്കുന്നതിനുള്ള കാരണമായി മാറാതെ, ഓക്കസ് ഉടമ്പടി ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ഒരു ഉപകരണമായിത്തീരണം.
This editorial has been translated from English, which can be read here.
COMMents
SHARE