നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ആക്ട്, 2023-ന്റെ സാരാംശം ഔപചാരികമായി വിവരിക്കുമ്പോൾ, ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ, കാലഹരണപ്പെട്ട 2000-ലെ ഐ.ടി. നിയമത്തിന് പകരം ഒരു ശക്തമായ നിയമം ആവശ്യമുണ്ടെന്ന് പറഞ്ഞു. സർക്കാർ പുനരവലോകനം ചെയ്യാൻ ശ്രമിച്ച ഒരു ചോദ്യം ഒരു ദുസ്സുചനയെന്നോണം അദ്ദേഹം കൂട്ടിച്ചേർത്തു: “എല്ലാ ഇടനിലക്കാർക്കും ഒരു ‘സേഫ് ഹാർബർ’ ആവശ്യമുണ്ടോ?” നിയമങ്ങൾ, പ്രത്യേകിച്ച് 2021-ലെ ഐ.ടി. നിയമങ്ങളും അതിന്റെ പിന്നീടുള്ള ഭേദഗതികളും, പാലിക്കേണ്ട ഇന്റർനെറ്റ് ഇടനിലക്കാരുടെ ഉത്തരവാദിത്ത ഭാരം വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത് പ്രാധാന്യമർഹിക്കുന്നു. സർക്കാരിന് അനുകൂലമായ നിയന്ത്രണങ്ങളോടെ കൊണ്ടുവന്ന ഈ നിയമങ്ങൾ, അവരുടെ ഉള്ളടക്കത്തിനെക്കുറിച്ചുള്ള തർക്കങ്ങളിൽ മദ്ധ്യസ്ഥത വഹിക്കാനുള്ള ചുമതല സമൂഹ മാധ്യമ ഇടനിലക്കാർക്ക് തന്നെ നൽകി. ഇത്, ഡിജിറ്റൽ വാർത്താ മാധ്യമങ്ങളിൽ നിന്ന് ഈ നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹർജ്ജികൾ ക്ഷണിച്ചു വരുത്തി. അതിനിടെ, ഈ ഇടനിലക്കാരുടെ മധ്യസ്ഥ തീരുമാനങ്ങൾക്കെതിരെ ഒരു ഉപഭോക്താവിന്റെ ഹർജ്ജിയിന്മേൽ തീർപ്പുകൽപ്പിക്കുന്നതിനായി സർക്കാർ കമ്മിറ്റികളെ നിയോഗിക്കാൻ 2022 ഒക്ടോബറിലെ ഒരു ഭേദഗതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2023 ജനുവരിയിൽ, പ്രസ് ഇൻഫർമേഷൻ ബ്യൂറോയോ മറ്റേതെങ്കിലും സർക്കാർ ഏജൻസിയോ “വ്യാജം” അല്ലെങ്കിൽ “തെറ്റ്” എന്ന് അടയാളപ്പെടുത്തിയ സമൂഹ മാധ്യമ/വാർത്ത അല്ലെങ്കിൽ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള ഒരു ഭേദഗതി ഐ.ടി. മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. മൊത്തത്തിൽ, ഇവ ഇടനിലക്കാർക്കുള്ള ‘സേഫ് ഹാർബർ’ പരിരക്ഷയുടെ നിലനിൽപ്പിന് തന്നെ ഇതിനകം ഭീഷണി ഉയർത്തിയിരിക്കുന്നു.
ഇൻറർനെറ്റിലെ വിദ്വേഷ പ്രസംഗങ്ങളുടേയും തെറ്റായ വിവരങ്ങളുടേയും നിയന്ത്രണം അനിവാര്യമാണ്. ഡിജിറ്റൽ വാർത്താ മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും ഉൾപ്പെടെയുള്ള ഇടനിലക്കാർക്ക് ഇതിന് ഉത്തരം പറയേണ്ട ചുമതലയുണ്ട്. ഉള്ളടക്കം നീക്കം ചെയ്യുന്നതിനോ ലഭ്യത ഇല്ലാതാക്കുന്നതിനോ മുമ്പ് ഉപയോക്താക്കൾക്ക് മുൻകൂർ അറിയിപ്പ് നൽകണമെന്നും, ഇടനിലക്കാർ ആനുകാലിക നിയമപാലന റിപ്പോർട്ടുകൾ നൽകണമെന്നുമുള്ള ഐ.ടി. നിയമങ്ങൾ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. പൊതു സമാധാനത്തിനായും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായും അല്ലാതെ ഉപയോക്താക്കളുടെ എഴുത്തുകളോ ആശയവിനിമയങ്ങളോ സമൂഹ മാധ്യമ ഇടനിലക്കാർ വിലക്കരുത്. എന്നാൽ ഇടനിലക്കാരുടെ മേലുള്ള നിബന്ധനകൾ അനാവശ്യമായി കഠിനവും ശിക്ഷാർഹവുമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇതും ‘സേഫ് ഹാർബർ’ എന്ന തത്വത്തെ വികലമാക്കുന്നു. വിദ്വേഷ പ്രസംഗം അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ – പലപ്പോഴും ഭരണകൂടത്തിന്റെ പ്രതിനിധികളിൽ നിന്ന് ഉത്ഭവിച്ചവ – തടയുന്നതിനേക്കാൾ സമൂഹ മാധ്യമ/വാർത്താമാധ്യമങ്ങളിലെ വിമർശനാത്മക അഭിപ്രായങ്ങളോ വിയോജിപ്പുകളോ നിയന്ത്രിക്കുന്നതിനോ, നീക്കം ചെയ്യുന്നതിനോ ആണ് സർക്കാർ താൽപ്പര്യം കാണിക്കുന്നത് എന്ന ന്യായമായ ആശങ്കയുണ്ട്. ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഓൺലൈൻ സേവനങ്ങൾക്ക് വ്യക്തമായ പരിരക്ഷ നൽകുന്ന ‘സേഫ് ഹാർബർ’ വ്യവസ്ഥകൾ, പ്രത്യേകിച്ച് 1996-ലെ യു.എസ്. വാർത്താവിനിമയ സഭ്യത നിയമം സെക്ഷൻ 230, ഇന്റർനെറ്റിന്റെ വികസനത്തെ ഉത്തേജിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. തെറ്റായ വിവരങ്ങൾ, പ്രശ്‌നകരമായ ഉള്ളടക്കം, ഇന്റർനെറ്റിന്റെ പുതിയ രൂപത്തിന്റെ പാർശ്വഫലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആധുനിക നിയന്ത്രണങ്ങൾ അനിവാര്യമാണെങ്കിലും, ‘സേഫ് ഹാർബറിന്റെ’ ആദ്യകാല തത്വങ്ങൾ അവയുടെ കാതൽ ഇല്ലാതാക്കാതെ നിലനിർത്തണം.
This editorial has been translated from English, which can be read here.
Published - March 13, 2023 09:57 am IST