അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിന് ഭാരത സർക്കാർ ഇപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്, പ്രത്യേകിച്ച് സുരക്ഷയുടെ കാര്യത്തിൽ. അതിർത്തി ഗ്രാമങ്ങളിൽ രാജ്യസ്നേഹികളായ പൗരന്മാർ തിങ്ങിപ്പാർക്കുമ്പോൾ മാത്രമേ അതിർത്തികൾ സ്ഥിരമായി സുരക്ഷിതമാക്കാൻ കഴിയൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡിസംബർ 29-ന് പറഞ്ഞു. അതിർത്തി ഗ്രാമങ്ങളിലെ വികസനവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നതിന് 2022 ബജറ്റിൽ കേന്ദ്രം പ്രഖ്യാപിച്ച ഊര്‍ജ്ജസ്വല ഗ്രാമ പദ്ധതി ഫലപ്രദമായി ഉപയോഗിക്കാൻ അതിർത്തി രക്ഷാ സേനയോട് ഷാ ആവശ്യപ്പെട്ടു. ജനസംഖ്യ കുറവുള്ള അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിന് ധനസഹായം നൽകുന്നതാണ് ഈ പദ്ധതിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ 2022 ലെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. “പരിമിതമായ വാർത്താവിനിമയ/ഇന്റർനെറ്റ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പലപ്പോഴും ഈ ഗ്രാമങ്ങളെ വികസന നേട്ടങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നു,” ധനമന്ത്രി പറഞ്ഞു. സർക്കാരിന്റെ “സമഗ്രമായ സമീപനം” ഈ ഗ്രാമങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. നിലവിലുള്ള പദ്ധതികൾ പുതിയതിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പ്രവർത്തികൾ നടന്നുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാർച്ച് 29-ന് പാർലമെന്റിനെ അറിയിച്ചു. ഇതിനായുള്ള പ്രവർത്തന ചട്ടക്കൂട്, ധനലഭ്യത, മറ്റ് നടപടിക്രമങ്ങൾ എന്നിവ അന്തിമഘട്ടത്തിലാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലവിലുള്ള അതിർത്തി മേഖലാ വികസന പദ്ധതി എല്ലാ അതിർത്തി പ്രദേശങ്ങളുടെയും വികസനം ലക്ഷ്യമാക്കുന്നു. എന്നാൽ, ഊര്‍ജ്ജസ്വല ഗ്രാമ പദ്ധതി അതിൽനിന്ന് എങ്ങനെ വ്യത്യസ്തമാകുമെന്ന് വ്യക്തമല്ല.
ഈ പദ്ധതി പ്രഖ്യാപിച്ച് ഒരു വർഷം പിന്നിട്ടിട്ടും, ബജറ്റിൽ സൂചിപ്പിച്ചതുപോലെ, എല്ലാ അതിർത്തി പ്രദേശങ്ങളും ഉൾക്കൊള്ളുമോ അതോ ചൈനയുമായുള്ള വടക്കൻ അതിർത്തി മാത്രമാണോ ഇതിൽപ്പെടുക തുടങ്ങിയ വിശദാംശങ്ങളിൽ വ്യക്തതയില്ല. എന്നിരുന്നാലും, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം, വിനോദസഞ്ചാര കേന്ദ്രങ്ങൾ, റോഡുകൾ, വികേന്ദ്രീകൃത പുനരുപയോഗ ഊർജം ലഭ്യമാക്കൽ തുടങ്ങിയ പദ്ധതികൾ സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവകൂടാതെ, ദൂരദർശൻ, വിദ്യാഭ്യാസ ചാനലുകൾ എന്നിവ വീടുകളിൽ ലഭ്യമാക്കാനും, ജനങ്ങൾക്ക് ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സഹായം നൽകാനും പദ്ധതി വിഭാവനം ചെയ്യുന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് എന്നിവിടങ്ങളിലെ ചൈനയുടെ അതിർത്തിയിലുള്ള ഗ്രാമങ്ങൾ വിനോദസഞ്ചാരികൾക്കായി തുറക്കാനും പദ്ധതിയിട്ടിരുന്നു. പരിപാടിയുടെ ബജറ്റ് വ്യവസ്ഥകൾ അംഗീകാരത്തിനായി ധനകാര്യ സമിതിക്ക് അയച്ചതായി ആഭ്യന്തര മന്ത്രാലയം അടുത്തിടെ പാർലമെന്ററി സ്ഥിരം സമിതിയെ അറിയിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളോട് ചേർത്തുനിർത്തുന്നത് എപ്പൊഴും ഒരു വെല്ലുവിളിയാണ്. അതിന് മൃദു സമീപനം ആവശ്യവുമാണ്. വംശീയ-സാംസ്കാരിക പൈതൃകം പങ്കിടുന്ന ആളുകളെ അതിർത്തികൾ വിഭജിക്കുന്നുവെങ്കിലും, രാഷ്ട്രതന്ത്രജ്ഞരെ ആവേശം കൊള്ളിക്കുന്ന പോർവിളികൾ അവരെ ബാധിക്കുന്നില്ല. രാജ്യസ്നേഹത്തിന്റെ മുന്നണിപ്പോരാളികളാകാൻ അതിർത്തിയിലുള്ള ജനങ്ങളെ വെല്ലുവിളിക്കേണ്ടതില്ല.
This editorial has been translated from English, which can be read here.
COMMents
SHARE