എട്ട് പ്രധാന വ്യവസായങ്ങളുടെ നവംബറിലെ ഔദ്യോഗിക സൂചികയും ഡിസംബറിലെ ഉത്പ്പാദന, സേവന മേഖലകൾക്കായുള്ള എസ് ആന്റ് പി ഗ്ലോബലിന്റെ സർവേ അടിസ്ഥാനമാക്കിയുള്ള പർച്ചേസിംഗ് മാനേജർമാരുടെ സൂചികയും (പിഎംഐ) ഉൾപ്പെടുന്ന സമീപകാല സ്ഥൂല സാമ്പത്തിക വിവരങ്ങൾ (മാക്രോ-ഇക്കണോമിക് ഡാറ്റ), സമ്പദ്‌വ്യവസ്ഥയിലെ അടിസ്ഥാന വേഗതയെ സംബന്ധിച്ച് സമ്മിശ്ര സൂചനകൾ നൽകുന്നു. കൽക്കരി മുതൽ വൈദ്യുതി വരെയുള്ള പ്രധാന വ്യവസായങ്ങളുടെ ഉൽപാദനം നവംബറിൽ ശരാശരി 5.4 ശതമാനം വർദ്ധിച്ചതായി സർക്കാരിന്റെ താൽക്കാലിക കണക്കുകൾ കാണിക്കുന്നു. സിമന്റ്, കൽക്കരി, വൈദ്യുതി, സ്റ്റീൽ എന്നിവയുടെ ഇരട്ട അക്ക വാർഷിക വളർച്ചയാണ് സൂചികയെ ഉയർത്തിയത്. എന്നിരുന്നാലും, മാസമാസമുള്ള സൂചിക നോക്കുമ്പോൾ, പ്രമുഖ മേഖലകളായ വൈദ്യുതിയും, റിഫൈനറിയും (ഇവ രണ്ടും സൂചികയുടെ പകുതിയോളം പ്രതിനിധീകരിക്കുന്നു) ഉൾപ്പെടുന്ന ആറു മേഖലകളിൽ ഉണ്ടായ തളർച്ച മൂലം പ്രധാന വ്യവസായങ്ങളുടെ ശരാശരി ഉത്പ്പാദനം മാറ്റമില്ലാതെ തുടർന്നു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുതി ഉൽപ്പാദനം 2.1 ശതമാനമായി കുറയുകയും, റിഫൈനറി ഉൽപ്പന്നങ്ങൾ 3.1 ശതമാനമായി ചുരുങ്ങുകയും ചെയ്തു. കൽക്കരിയുടെയും സിമന്റിന്റെയും ഉൽപ്പാദനം മാത്രം വർഷാവർഷവും, മാസമാസവും ഉയർന്നു. ഇത്, സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഊർജേതര കൽക്കരിയുടെ ആവശ്യകതയിലും കെട്ടിട നിർമാണ പ്രവർത്തനങ്ങളിലും അല്പം പുരോഗതിയുണ്ടായിട്ടുണ്ടെന്ന് കാണിക്കുന്നു. പ്രധാന നിർമാണ സാമഗ്രിയായ സിമന്റിന്റെ മുന്നേറ്റം ആശ്വാസകരമാണ്. തൊഴിൽ-ദായക മേഖലകളായ വീട് നിർമാണം, അടിസ്ഥാന സൗകര്യ നിർമാണം എന്നിവയുടെ വളർച്ചയെ ഇത് സൂചിപ്പിക്കുന്നു. ഇത് തുടർന്നാൽ വിശാലമായ സാമ്പത്തിക വളർച്ച ഉറപ്പിക്കാനാവും. കൽക്കരി ഉൽപ്പാദനത്തിൽ 12.3 ശതമാനം വർഷാവർഷ വളർച്ചയും 15.1 ശതമാനം ക്രമാനുഗതമായ വർദ്ധനവും ശുഭസൂചനയാണ്. കാരണം ഇത് ലോഹനിർമ്മാണ വ്യവസായങ്ങൾക്കും, ഉപോഭോക്താക്കൾ സ്ഥാപിക്കുന്ന ഊർജോത്പ്പാദന നിലയങ്ങൾക്കും, ചൂളകൾക്കും വേണ്ട പ്രധാന ഇന്ധനത്തിന്റെ മെച്ചപ്പെട്ട ലഭ്യതയുടെ സൂചകമാണ്.
കൂടാതെ, ഡിസംബറിലെ പിഎംഐ സൂചിക പ്രകാരം, ബിസിനസ്സുകളുടെ പുതിയ ഓർഡറുകളിൽ വന്ന വർദ്ധനവ് നിർമ്മാണ പ്രവർത്തനങ്ങൾ ഗണ്യമായി വർധിച്ചതായി കാണിക്കുന്നു. 2021 ഫെബ്രുവരിക്ക് ശേഷം പുതിയ ഓർഡറുകളിൽ വന്ന ഏറ്റവും വേഗത്തിലുള്ള വർധനവാണിത്. ഏകദേശം 400 നിർമ്മാതാക്കളുടെ പർച്ചേസിംഗ് മാനേജർമാരുടെ സ്വകാര്യ സർവേയുടെ കണക്കനുസരിച്ച് ഈ സ്ഥാപനങ്ങളിലുടനീളം ശരാശരി ഉൽപ്പാദന വളർച്ച 13 മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 2020 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ശക്തമായ ഉത്പ്പാദന മേഖലാ വിപുലീകരണത്തിലേക്കാണ് കഴിഞ്ഞ മാസത്തെ 57.8 പോയിന്റിന്റെ പിഎംഐ വിരൽ ചൂണ്ടുന്നത്. ഉത്പന്നങ്ങളുടെ നിർമാതാക്കൾ പൂർത്തീകരിക്കാത്ത ഓർഡറുകൾക്കായി തൊഴിലവസരങ്ങൾ വർധിപ്പിച്ചതായി കാണുന്നു. തൊഴിൽ മേഖലയിൽ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് രേഖപെടുത്തിയതെങ്കിലും, പത്തുമാസമായി തൊഴിലവസരങ്ങൾ തുടർച്ചയായി വളർന്നുകൊണ്ടിരിക്കുകയാണ്. നിർമ്മാതാക്കൾക്കിടയിലെ ഉയർന്ന ശുഭാപ്തിവിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പിഎംഐ സർവേ പ്രകാരം, സ്വകാര്യ മേഖലയിലെ മൊത്തത്തിലുള്ള ഉത്പന്നങ്ങളുടെ പണപ്പെരുപ്പം വർധിച്ചതായി നിർമ്മാതാക്കൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം രണ്ടര വർഷത്തിനിടെ ആദ്യമായാണ് അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവിനെക്കാൾ ഉത്പന്നങ്ങളുടെ പണപ്പെരുപ്പം കൂടുതലാണെന്നു നിർമ്മാതാക്കൾ പറയുന്നത്. ഈ ഘട്ടത്തിൽ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ജാഗ്രത ഉപേക്ഷിക്കാൻ നയനിർമ്മാതാക്കൾ തയ്യാറാകരുത്.
This editorial has been translated from English, which can be read here.
COMMents
SHARE