മൈലുകൾ താണ്ടേണ്ടതുണ്ട്

ഭാരത് ജോഡോ യാത്ര ജനവികാരം ഉണർത്തി, പ്രത്യേകിച്ചും ശ്രീനഗറിൽ 

Published - January 31, 2023 11:23 am IST

ഏകദേശം 135 ദിവസം റോഡിലൂടെ സഞ്ചരിച്ചശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ശ്രീനഗറിൽ സമാപിച്ചു. നിരവധി പ്രതിപക്ഷ നേതാക്കൾ ത്രിവർണ്ണ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുത്തു. ഈ യാത്ര, പ്രത്യേകിച്ച് തെക്ക് നിന്ന് വടക്ക് വരെയുള്ളത്,  തകർന്ന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ഒരു നേതാവ് നടത്തിയ ശ്രമകരമായ പ്രയാണത്തിന്റെ ഉചിതമായ പര്യവസാനമായിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ ഹിന്ദു ആധിപത്യത്തിലൂന്നിയ ചിന്താധാരയിൽ നിന്ന് വ്യത്യസ്തമായി, “നാനാത്വത്തിൽ ഏകത്വം” എന്ന മുദ്രാവാക്യത്തിൽ ഉറച്ചുനിന്ന്, ഇന്ത്യയെക്കുറിച്ചുള്ള കോൺഗ്രസ്സിന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് എടുത്തുകാണിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. ജനങ്ങളുമായുള്ള ഈ ഇടപഴകൽ, പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാദ്ധ്യതകൾ ഉടൻ പുനരുജ്ജീവിപ്പിക്കില്ലായിരിക്കാം – പ്രത്യേകിച്ചും ജനസ്വാധീനത്തിൽ ക്രമാനുഗതമായ ഇടിവുനേരിടുകയും ധാരാളം നേതാക്കൾ ബി.ജെ.പി.യിലേക്ക് പലായനം നടത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ. രാജ്യത്തുടനീളമുള്ള പൗരസമൂഹവുമായി  ഇടപഴകുന്ന കോൺഗ്രസ്സ് പിന്തുടർച്ചാവകാശിയുടെ ദൃശ്യങ്ങൾ ഇന്ത്യയുടെ ബൃഹത്തായ പാരമ്പര്യം പേറുന്ന പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകിയിട്ടുണ്ട്. യാത്രയുടെ സന്ദേശം അധികം ശക്തമല്ലാത്തതും, മുദ്രാവാക്യങ്ങൾ ഇടകലർന്നതുമായിരുന്നിരിക്കാം. പക്ഷേ പാർട്ടിയുടെ വ്യത്യസ്തത ഒരു നല്ല പരിധി വരെ എടുത്തുകാണിക്കാൻ യാത്രയ്ക്ക് കഴിഞ്ഞു. ശ്രീനഗറിലെ പരിപാടിയിൽ ഇത് കൂടുതൽ പ്രകടവുമായിരുന്നു. 

ഇന്ത്യയിലെ ഏറ്റവും സംഘർഷഭരിതമായ പ്രവിശ്യയായ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റപ്പെട്ട് സംസ്ഥാനം രണ്ടായി 2019-ൽ വിഭജിക്കപ്പെട്ടു. ഇത് കേന്ദ്രഭരണ പ്രദേശമായി ഇപ്പോഴും തുടരുന്നു. തുടർന്നുള്ള വർഷങ്ങളിൽ വർധിക്കുന്ന അക്രമങ്ങളും, മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ശക്തിക്ഷയവും (കുറെ കാലത്തേക്ക് അതിനെ വിഘടനവാദവുമായി ചേർത്തുവെക്കാനുള്ള ശ്രമം നടന്നു), വാർത്താവിനിമയ നിയന്ത്രണങ്ങളും, പത്രസ്വാതന്ത്ര്യം മരവിപ്പിക്കുന്ന നടപടികളും കാശ്മീർ കണ്ടു. മാസങ്ങൾ നീണ്ട പ്രക്ഷുബ്ധതയ്ക്ക് ശേഷം, കാശ്മീരിൽ വിനോദസഞ്ചാരം സജീവമായതിനെത്തുടർന്ന് സാമ്പത്തിക മേഖല പുനരുജ്ജീവിക്കപ്പെട്ടു. എന്നാൽ പൊടുന്നനെയുള്ള മാറ്റങ്ങൾ കാരണം താഴ്‌വരയും അതിനപ്പുറവും അസ്വസ്ഥമായി തുടരുന്നു. കാശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആവർത്തിച്ചുള്ള അതിക്രമങ്ങളും പ്രക്ഷുബ്ധത നിലനിൽക്കുന്നതിന്റെ സൂചനയായിരുന്നു. പതാക ഉയർത്തൽ ചടങ്ങിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ കോൺഫറൻസ് തുടങ്ങിയ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യം താഴ്‌വരയിലെ മുഖ്യധാരാ പാർട്ടികൾ യാത്രയെ എത്രമാത്രം പ്രാധാന്യത്തോടെ കാണുന്നു എന്നതിന് തെളിവാണ്. ഒരു തരത്തിൽ, കശ്മീരി രാഷ്ട്രീയവും ദേശീയ പ്രതിപക്ഷവും തമ്മിലുള്ള ഐക്യദാർഢ്യത്തിനുള്ള ആത്മാർത്ഥമായ ഒരു ശ്രമത്തെ ഇത് എടുത്തുകാണിക്കുന്നു. എങ്കിലും കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനായി സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തിൽ നിരവധി മൈലുകൾ ഇനിയും മുന്നോട്ടു പോകാനുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, സംഘടനയുടെ പ്രസക്തി വർധിപ്പിക്കുന്നതിന് പാർട്ടിക്ക് നീണ്ട ചുവടുകൾ വെക്കേണ്ടതുണ്ട്.

This editorial has been translated from English, which can be read here.

0 / 0
Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.