അനഭിലക്ഷണീയമായ സംഭവങ്ങളെക്കുറിച്ച് മുൻകൂട്ടിയുള്ള തോന്നൽ മിക്കപ്പോഴും യാഥാർഥ്യമായിത്തീരാറുണ്ട്. പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവി നിയമസഭയെ അഭിസംബോധന ചെയ്തപ്പോഴുണ്ടായ നാടകം പലരും മുൻകൂട്ടി കണ്ടതാണ്. ഗവർണർ രവി കുറച്ചുകാലമായി വിവാദ രാഷ്ട്രീയ പരാമർശങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനം ‘തമിഴ്‌നാട്’ എന്ന് സ്വയം വിളിക്കരുതെന്നും, അതിന്റെ രാഷ്ട്രീയം “പിന്തിരിപ്പൻ” ആണെന്നും അടുത്തിടെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം വിവേകരഹിതമായ പരാമർശങ്ങൾ മൂലം അദ്ദേഹം അഭിസംബോധന ചെയ്യാൻ വരുമ്പോൾ സഭയിൽ പിരിമുറുക്കമുണ്ടാവുമെന്ന സൂചനയുണ്ടായിരുന്നു. ഡി.എം.കെ. ഭരണത്തെ ഇരയാക്കുന്ന ഈ സമീപനം താൻ കൂടി അവിഭാജ്യഘടകമായ നിയമനിർമ്മാണ സഭയിലേക്ക് അദ്ദേഹം കൊണ്ടുവന്നത് ദൗർഭാഗ്യകരമാണ്. ഈ പശ്ചാത്തലത്തിൽ, “ദ്രാവിഡ ഭരണ മാതൃക”യെക്കുറിച്ചുള്ള പരാമർശവും സംസ്ഥാനത്തെ ക്രമസമാധാന നിലയെ അഭിനന്ദിക്കുന്ന വാക്കുകളും ഉൾപ്പെടെ, തയ്യാറാക്കിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ രവി ഒഴിവാക്കി. തയ്യാറാക്കിയ പ്രസംഗത്തിൽ നിന്ന് ഗവർണർമാർ വ്യതിചലിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനിൽ നിന്ന് ഉടനടി പ്രതീകരണമുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നയപ്രഖ്യാപനമായതുകൊണ്ട്, രാഷ്ട്രപതിയോ ഗവർണറോ പ്രസംഗത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല എന്നാണ് ഭരണഘടനാവഴക്കം. കീഴ്‌വഴക്കത്തിൽ നിന്ന് ഇടയ്ക്കിടെ വ്യതിചലിച്ചിട്ടും മുൻകാലങ്ങളിൽ മിക്ക മുഖ്യമന്ത്രിമാരും നേർക്കുനേരുള്ള ഏറ്റുമുട്ടലിന് മുതിർന്നിട്ടില്ല. എന്നാൽ, ഗവർണറുടെ സാന്നിധ്യത്തിൽത്തന്നെ ഒരു പ്രമേയം കൊണ്ടുവന്ന് സ്റ്റാലിൻ അതിനു ഉടനടി മറുപടി നൽകി. ഗവർണ്ണർ അഭിസംബോധനചെയ്യവേ കൂട്ടിച്ചേർത്തതോ നീക്കംചെയ്തതോ ആയ ഭാഗങ്ങളല്ല, തയ്യാറാക്കിയ പ്രസംഗം മാത്രമേ സഭാരേഖയിൽ ചേർക്കൂ എന്നദ്ദേഹം പറഞ്ഞു.
സ്റ്റാലിന്റെ തമിഴ് പ്രസംഗത്തിന്റെ പ്രസക്തി മനസ്സിലാക്കിയ ഉടൻ, പ്രമേയം അംഗീകരിക്കാനുള്ള നീക്കത്തെ അധിക്ഷേപമായി കണക്കാക്കി രവി സഭയിൽനിന്ന് ഇറങ്ങിപ്പോയി. കീഴ്‌വഴക്കത്തിൽ നിന്ന് വ്യതിചലനമുണ്ടായാൽ ഉടനടി മറുപടി നൽകുന്നത് തെറ്റല്ലാത്തതുകൊണ്ട് ഗവർണർ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല. ഉടനടിയുള്ള സ്റ്റാലിന്റെ പ്രതികരണവും കീഴ്‌വഴക്കത്തിൽ നിന്നുള്ള വ്യതിചലമാണ്. ഭരണഘടനപ്രകാരം അധികാരത്തിലുള്ളവർ ഏറ്റുമുട്ടലിന്റെ നയം സ്വീകരിച്ചാലുണ്ടാകാവുന്ന അനന്തരഫലങ്ങളിലേക്കാണ് ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നത്. ഗവർണർ രാഷ്‌ട്രീയച്ചുവയുള്ള പരാമർശങ്ങൾ നടത്താനുള്ള വ്യഗ്രത ഉപേക്ഷിക്കുകയും സംസ്ഥാനത്തിന്റെ രാഷ്ട്രീയ വികാരങ്ങൾ മാനിക്കുകയും ചെയ്‌താൽ മാത്രമേ ഭാവിയിലെ ഏറ്റുമുട്ടലുകൾ ഒഴിവാക്കാനാകൂ. ദീർഘകാലാടിസ്ഥാനത്തിൽ, രാജ്യത്തിന്റെ ഭരണഘടനാസമ്പ്രദായത്തിൽ ഗവർണറുടെ പങ്കിനെക്കുറിച്ച് സമഗ്രമായ പുനഃപരിശോധന ആവശ്യമാണ്. എന്നാൽ മാത്രമേ, രാജ്ഭവനിലെ അധികാരികൾ തങ്ങളുടെ അധീശത്വം ഉപേക്ഷിച്ച്, ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് പോലുള്ള അവരുടെ പ്രധാന ഭരണഘടനാ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളൂ.
This editorial has been translated from English, which can be read here.
COMMents
SHARE