പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും കാളകളെ ഉപയോഗിച്ചുള്ള പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ടിനുള്ള ഒരുക്കങ്ങൾ സജീവമായി. ഡിസംബർ 8-ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ജല്ലിക്കെട്ട് അനുവദിക്കുന്ന തമിഴ്‌നാട് നിയമത്തെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ വിധി പറയാൻ മാറ്റിവച്ചു. ഏകദേശം നാല് മാസത്തോളം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ഈ വർഷത്തെ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് കോടതി വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു. 2017-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (തമിഴ്നാട് ഭേദഗതി) നിയമത്തിന്റെ സാധുതയിന്മേൽ പരമോന്നത കോടതി വിധിപറയാൻ സാധ്യതയുണ്ട്. ജല്ലിക്കെട്ടിന് അനുമതി നൽകുന്ന തമിഴ്നാട് നിയമത്തിൽ “കാളകളെ മെരുക്കുന്നത്” സംബന്ധിച്ച് ഒന്നും പറയുന്നില്ല. 2014 മെയ് മാസത്തിലെ സുപ്രീം കോടതി വിധിക്ക് ശേഷം ഈ പരമ്പരാഗത കായിക വിനോദത്തിന് കുറച്ച് വർഷത്തേക്ക് അനുമതി നിഷേധിക്കപ്പെട്ടെങ്കിലും, 2016 ഡിസംബറിൽ അന്നത്തെ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണശേഷം അത് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമായി. “കാളകളെ മെരുക്കുന്നതിനെ” കുറിച്ച് പരാമർശിക്കുന്ന 2009-ലെ തമിഴ്നാട് ജെല്ലിക്കെട്ട് നിയമം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന്, 2017 ലെ നിയമത്തിന്റെ രൂപകർത്താക്കൾ ജല്ലിക്കെട്ടിനെ “പാരമ്പര്യവും സംസ്കാരവും പിന്തുടരുവാൻ കാളകളെ ഉൾപ്പെടുത്തി നടത്തുന്ന ഒരു പരിപാടി” എന്നാണ് നിർവചിച്ചത്. ഏറ്റവും പുതിയ നിയമത്തിനെതിരായ ഹർജികൾ പരിഗണിച്ചപ്പോൾ, ജല്ലിക്കെട്ടിന് ആർട്ടിക്കിൾ 29 (1) പ്രകാരം, ഒരു കൂട്ടായ സാംസ്കാരിക അവകാശമെന്ന നിലയിൽ ഭരണഘടനാപരമായ സംരക്ഷണം നൽകണമോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കോടതി ശ്രമിച്ചിരുന്നു. അതോടൊപ്പം, 2017-ലെ നിയമം “മൃഗങ്ങളോടുള്ള ക്രൂരത വർധിപ്പിക്കുന്നുണ്ടോ” അതോ “നാടൻ കാളകളുടെ നിലനിൽപ്പും ക്ഷേമവും” ഉറപ്പാക്കാനുള്ള ഒരു മാർഗമാണോ എന്നീ ചോദ്യങ്ങൾക്കും ഉത്തരം തേടിയിരുന്നു.
ഒരു ജനാധിപത്യത്തിൽ, ജനങ്ങളുടെ സാംസ്കാരിക സംവേദനക്ഷമതയെ ആർക്കും അവഗണിക്കാനാവില്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നവർ ഇത് മാനിക്കുന്നില്ലെന്ന ധാരണ ആറ് വർഷം മുമ്പ് ഉയർന്നുവന്നതിനെത്തുടർന്ന് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന 1960-ലെ കേന്ദ്ര നിയമത്തിൽ സംസ്ഥാനസംബന്ധിയായ പ്രത്യേക ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർബന്ധിതരായി. ചട്ടങ്ങൾക്ക് വിധേയമായി ജെല്ലിക്കെട്ട് നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള ഈ ഭേദഗതിയാണ് തമിഴ്നാടിനെ പ്രതിസന്ധിയിലാക്കി, മറീനാ ബീച്ചിൽ ദിവസങ്ങളോളം നീണ്ടുനിന്ന വലിയ പ്രതിഷേധത്തിനു തിരശീലയിട്ടത്. എന്നാൽ, മൃഗങ്ങളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ തടയാനോ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താനോ പരിഷ്കരിച്ച നിയമത്തിന് കഴിഞ്ഞില്ല. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കേണ്ടത് അവശ്യമാണ്. ജല്ലിക്കെട്ട് സുരക്ഷിതവും സുഗമവുമായി നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്യോഗസ്ഥർ തദ്ദേശീയ സമൂഹങ്ങളെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു. എല്ലാ പരമ്പരാഗത ആചാരങ്ങളും കാലത്തിനനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാകുന്നു. ജല്ലിക്കെട്ട് ഇതിന് അപവാദമല്ല. ഈ സന്ദേശം എല്ലാവരിലേക്കും നിർബന്ധമായും എത്തിക്കേണ്ടിയിരിക്കുന്നു.
This editorial has been translated from English, which can be read here.
Published - January 09, 2023 11:38 am IST