പത്തുവർഷത്തിലൊരിക്കൽ നടത്തുന്ന ജനസംഖ്യാകണക്കെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറയേണ്ട ആവശ്യമില്ല. അടിസ്ഥാന ജനസംഖ്യാശാസ്‌ത്രം, സാക്ഷരതാ നിലവാരം, ജാതി നില, വിദ്യാഭ്യാസ നിലവാരം, സംസാര ഭാഷകൾ, മതം, വൈവാഹിക നില, തൊഴിൽ, കുടിയേറ്റ നില എന്നിങ്ങനെ പൗരന്മാരെസംബന്ധിച്ച വിവിധ വിവരങ്ങൾ തിട്ടപ്പെടുത്തുന്നത് ഭരണപരമായ പ്രവർത്തനങ്ങൾക്കും ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിനും അത്യന്താപേക്ഷിതമാണ്. മുഴുവൻ ജനങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന മറ്റ് മാതൃകാ പരിശോധനകൾക്ക് അടിസ്ഥാനമായ ഒരു ചട്ടക്കൂടായി ഉപയോഗിക്കുന്നതിനാൽ ഈ കണക്കെടുപ്പിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാണ്. ലോകജനസംഖ്യ കണക്കാക്കാനും അന്താരാഷ്ട്ര സംഘടനകൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. 1881 മുതൽ പത്തു വർഷത്തിലൊരിക്കൽ ഇന്ത്യയിൽ ജനസംഖ്യാകണക്കെടുപ്പ് നടത്തുന്നുണ്ട്. മഹാമാരി ബാധിച്ച 2021-ൽ മാത്രമാണ് ഈ പ്രക്രിയ മാറ്റിവച്ചത്. അതിർത്തികൾ നിശ്ചയിക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 വരെ വീണ്ടും നീട്ടിയതിനാൽ, ഇതിന് ഏതാനും മാസങ്ങൾക്ക് ശേഷം മാത്രമേ ജനസംഖ്യാകണക്കെടുപ്പ് ഫലപ്രദമായി നടത്താൻ കഴിയൂ. വീടുകൾ പട്ടികയിൽ ചേർക്കുന്നത് പോലെയുള്ള പ്രവർത്തനങ്ങളാണ് കണക്കെടുപ്പിന് മുൻപ് നടത്താറുള്ളത്. 2020-ന്റെ തുടക്കത്തിൽ മഹാമാരി പടരുന്നതിന് മുമ്പ് മിക്ക സംസ്ഥാനങ്ങളും ഇത് ആരംഭിക്കാൻ തയ്യാറായിരുന്നു. എന്നാൽ ആവർത്തിച്ചുള്ള മാറ്റിവയ്ക്കലും അതേ തുടർന്ന് കണക്കെടുപ്പ് ആരംഭിക്കുന്നതിന് നേരിട്ട അനാവശ്യ കാലതാമസവും ജില്ലകളിലേയും, താഴ്ന്ന തലങ്ങളിലേയും ജനസംഖ്യയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളുടെ ലഭ്യതയെ സാരമായി ബാധിക്കും.
മഹാമാരിയാണ് കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, അടച്ചുപൂട്ടലുകളും സാമൂഹിക അകലം പാലിക്കലും ഇപ്പോൾ ഒരു പഴയ കാര്യമാണ്. 2022-ന്റെ തുടക്കത്തിൽ ഒമിക്‌റോൺ വകഭേദത്തിന്റെ തരംഗമുണ്ടായത് മുതൽ രാജ്യത്ത് രോഗബാധയുടെ അളവ് താരതമ്യേന കുറഞ്ഞിരിക്കുന്നതിനാൽ ഇത് മതിയായ ഒഴിവുകഴിവല്ല. വാസ്തവത്തിൽ, ഈ ജനസംഖ്യാകണക്കെടുപ്പ്, കോവിഡ്-19 മഹാമാരിയുടെ സമയത്ത് പുറത്തുവന്ന മരണനിരക്കിനെക്കുറിച്ചുള്ള അനുമാനങ്ങളെ സാധൂകരിക്കണം. ഈ അനുമാനങ്ങൾ “അധിക മരണങ്ങളെ” സംബന്ധിച്ച വിവിധ വിശകലനങ്ങളെ അടിസ്ഥാനമാക്കിയതാണ്. കൂടാതെ, നഗരവൽക്കരണവും സംസ്ഥാനങ്ങളിലുടനീളമുള്ള ആളുകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ജനസംഖ്യാശാസ്‌ത്രത്തിലെ ദശാബ്ദകാല മാറ്റങ്ങളും വേണ്ടതുപോലെ രേഖപ്പെടുത്തണം.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ ഉപഭോക്താവിനെ ലക്ഷ്യമിട്ടുള്ള പൊതുവിതരണ സമ്പ്രദായം പോലുള്ള ക്ഷേമപദ്ധതികൾ ജനസംഖ്യാ കണക്കുകളെ ആശ്രയിച്ചിരിക്കുന്നു. കാലഹരണപ്പെട്ട 2011-ലെ കണക്കെടുപ്പിനെയാണ് സർക്കാർ ഇതിനായി ആശ്രയിക്കുന്നത്. ജനസംഖ്യാ വളർച്ചാനിരക്കിലെ അന്തർ-സംസ്ഥാന അസമത്വങ്ങൾ തിരഞ്ഞെടുപ്പിനായുള്ള അതിർത്തി നിർണയത്തെയും സംസ്ഥാനങ്ങളിലുടനീളമുള്ള സീറ്റ് വിഭജനത്തെയും സംബന്ധിച്ച ചർച്ചകളെ തടസ്സപ്പെടുത്തും. ഇവകൂടാതെ, കാര്യനിർവഹണം, ക്ഷേമം, ഭരണത്തിനായുള്ള സ്ഥിതിവിവരപട്ടികയുടെ മേൽനോട്ടം എന്നിവയുടെ സുഗമമായ ആസൂത്രണത്തിനും, നടത്തിപ്പിനുമായി ജനസംഖ്യാകണക്കെടുപ്പ് ആരംഭിക്കുന്നതിൽ കേന്ദ്ര സർക്കാർ ഉത്സാഹം കാണിക്കണം.
This editorial has been translated from English, which can be read here.
COMMents
SHARE