കഴിഞ്ഞ ഞായറാഴ്ച കലിംഗ സ്റ്റേഡിയത്തിൽ നടന്ന പുരുഷ ഹോക്കി ലോകകപ്പിൽ വിജയിച്ചതോടെ ഭുവനേശ്വറുമായുള്ള ജർമനിയുടെ ബന്ധം കൂടുതൽ ദൃഢമായി. 2002-ലും 2006-ലും കപ്പുനേടിയ ജർമനി ഇത് മൂന്നാം തവണയാണ് കിരീടം ചൂടുന്നത്. ആകസ്മികമാണെങ്കിലും, ജർമ്മനിയുടെ അവസാന പ്രധാന കിരീടമായ 2014-ലെ ചാമ്പ്യൻസ് ട്രോഫി നേടിയത് ഒഡീഷയുടെ തലസ്ഥാനത്ത് ആയിരുന്നു. കൂടാതെ, ഭുവനേശ്വറിന്റെ ആധുനിക ഭാഗം 1946-ൽ രൂപകൽപന ചെയ്തത് ജർമ്മൻ വാസ്തുശില്പി ഓട്ടോ കൊനിഗ്സ്ബെർഗർ ആണെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ഡൈ ഹോനാമസ് എന്ന് അറിയപ്പെടുന്ന ജർമ്മനി മൂന്നു കിരീടങ്ങൾ ചൂടിയ ഓസ്‌ട്രേലിയയുടെയും നെതർലൻഡിന്റെയും ഒപ്പമെത്തുകയും, പാകിസ്ഥാന്റെ തൊട്ടുപിന്നിൽ നിലയുറപ്പിക്കുകയും ചെയ്തു. യൂറോ ഹോക്കി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി ലോകകപ്പിന് യോഗ്യത നേടുകയും, 2021-ലെ ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യയോട് തോൽക്കുകയും ചെയ്ത ജർമ്മനി കിരീടസാധ്യതയുള്ളവരുടെ കൂട്ടത്തിലില്ലായിരുന്നു. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും, സെമിഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയും, ഫൈനലിൽ 2018-ലെ വിജയിയായ ബെൽജിയത്തിനെതിരെയും സ്വതസിദ്ധമായ മനക്കരുത്തും കളി തിരിച്ചുപിടിക്കാനുള്ള നിശ്ചയദാർഢ്യവും ജർമനി നന്നായി ഉപയോഗിച്ചു. ഫൈനലുൾപ്പെടെ രണ്ട് വിജയങ്ങൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ജർമനി നേടിയത്. 2014-ലെ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിൽ കളിച്ച 7 പേരുൾപ്പെട്ട ശക്തമായ നിരയാണ് ജർമ്മനിക്ക് ഉണ്ടായിരുന്നത്. ഇതിൽ നിക്ലാസ് വെല്ലൻ ടൂർണമെന്റിലെ ‘പ്ലെയർ ഓഫ് ദി ഫൈനൽ’, ‘ബെസ്റ്റ് പ്ലെയർ’, ‘ബെസ്റ്റ് ഫോർവേഡ്’ എന്നീ ബഹുമതികൾ കരസ്ഥമാക്കി. യുവത്വവും പാരമ്പര്യവും ഒത്തുചേർന്ന ജർമൻ ടീം ഒറ്റക്കെട്ടായി കാണപ്പെട്ടു. 2018-ൽ അർജന്റീനയ്‌ക്കായി കളിച്ച ഡ്രാഗ്-ഫ്ലിക്കർ ഗോൺസാലോ പെയ്‌ലാറ്റ് ജർമ്മൻ കുപ്പായത്തിൽ സുപ്രധാന ഗോളുകൾ നേടി നിർണായക സംഭാവന നൽകി.
ചാമ്പ്യൻ സ്ഥാനം നിലനിർത്താമെന്ന ബെൽജിയത്തിന്റെ സ്വപ്നം തകർന്നപ്പോൾ, നാലാം സ്വർണം എന്ന ചരിത്രനേട്ടത്തിനൊപ്പമെത്താൻ കാത്തിരുന്ന ഓസ്‌ട്രേലിയക്ക് 1998-ന് ശേഷം ആദ്യമായി വെറുംകൈയ്യോടെ മടങ്ങേണ്ടിവന്നു.
നെതർലൻഡ്സ് പ്രോത്സാഹന വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യം തുടർന്നപ്പോൾ അവരുടെ ഏഷ്യൻ എതിരാളികൾ നിരാശയുളവാക്കി. ഏറ്റവും മികച്ച ഏഷ്യൻ നിരയായ ദക്ഷിണ കൊറിയ എട്ടാം സ്ഥാനത്തെത്തി. അർജന്റീനയ്‌ക്കൊപ്പം ഒമ്പതാം സ്ഥാനത്ത് നിന്ന ഇന്ത്യ, ആതിഥേയത്വം വഹിച്ച നാല് ലോകകപ്പുകളിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ വെങ്കല മെഡലിലേക്ക് നയിച്ച് ചരിത്രം സൃഷ്ടിച്ച പ്രധാന പരിശീലകൻ ഗ്രഹാം റീഡിന്റെ രാജിവെക്കലിന് ഇത് കാരണമായി. മൊത്തത്തിൽ, കുറ്റമറ്റ രീതിയിൽ നടത്തപ്പെട്ട ലോകകപ്പിലെ 44 മത്സരങ്ങളിൽ 11 എണ്ണം സമനിലയിലോ ഷൂട്ടൗട്ടിലോ കലാശിച്ചു. ഭുവനേശ്വറും, ഇരിപ്പിട ശേഷിയുടെ കാര്യത്തിൽ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം എന്ന് അഭിമാനിക്കുന്ന റൂർക്കേലയും ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്ക് സാക്ഷിയായി. ഒരു മത്സരത്തിൽ ശരാശരി 5.66 ഗോളുകൾ എന്നത് പുരുഷ ലോകകപ്പിലെ എക്കാലത്തെയും ഉയർന്ന നിരക്കാണ്. നിരവധി മത്സരങ്ങൾ നിറഞ്ഞ സദസ്സുകൾക്ക് മുൻപിൽ വിജയകരമായി നടത്തിയത് പ്രധാനപ്പെട്ട മത്സരങ്ങളുടെ സംഘാടകൻ എന്ന നിലയിൽ ഇന്ത്യയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. മാത്രമല്ല, ഇത് 2026 ലെ പുരുഷ-വനിതാ ലോകകപ്പുകളുടെ സംയുക്ത ആതിഥേയരായ ബെൽജിയത്തിനും നെതർലാൻഡിനും ഒരു അളവുകോൽ സ്ഥാപിക്കുകയും ചെയ്തു. മുൻ ക്യാപ്റ്റൻ ദിലീപ് ടിർക്കി നയിക്കുന്ന ഹോക്കി ഇന്ത്യ, കായികരംഗത്തെ പുനരുജ്ജീവിപ്പിക്കാൻ ഈ ഐതിഹാസിക പരിപാടി സൃഷ്ടിച്ച അന്തരീക്ഷം മുതലെടുക്കണം.
This editorial has been translated from English, which can be read here.
COMMents
SHARE