തമിഴ്‌നാട്ടിലെ കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന കിംവദന്തികളും വ്യാജ വാർത്തകളും വന്നതിനെത്തുടർന്ന് അധികാരികൾ പെട്ടെന്ന് ഇടപെടുകയും തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പുനൽകുകയും ചെയ്തു. രണ്ട് കൂട്ടം കുടിയേറ്റ തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോ അവരുടെനേരെ പ്രദേശവാസികൾ നടത്തിയ ആക്രമണമായി ചിത്രീകരിക്കപ്പെട്ടതിനെത്തുടർന്ന് വളരെയേറെ തൊഴിലാളികൾ, പ്രത്യേകിച്ചും ബിഹാറിൽ നിന്നുള്ളവർ, റെയിൽവേ സ്റ്റേഷനുകളിൽ സ്വന്തം സംസ്ഥാനത്തേക്ക് പോകാൻ കാത്തിരിക്കുന്നതായി കാണപ്പെട്ടു. അല്ലെങ്കിൽത്തന്നെ, ചില തൊഴിലാളികൾ ഹോളി ആഘോഷങ്ങൾക്കായി നാട്ടിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. പ്രശ്‌നം വഷളാകുന്നതിന് മുൻപ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ബന്ധപ്പെട്ടത് ഒരു നല്ല നടപടിയായി. മറ്റു കാര്യങ്ങളിലും വേഗത്തിലുള്ള തുടർനടപടികൾ ഉണ്ടായി. ദൈനിക് ഭാസ്‌കർ ദിനപത്രത്തിന്റെ എഡിറ്റർ ഉൾപ്പെടെ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം തമിഴ്‌നാട് പോലീസ് കേസെടുത്തു. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ബിഹാറിലെ ജാമുയി ജില്ലയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചില വീഡിയോകളും വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് ബിഹാർ പോലീസും കണ്ടെത്തിയിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ കോയമ്പത്തൂരിലേയും തിരുപ്പൂരിലേയും കുടിയേറ്റ കേന്ദ്രങ്ങൾ സന്ദർശിച്ചു. അതേസമയം, വ്യവസായ പ്രതിനിധികൾ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പ് നൽകാൻ തങ്ങളാൽ കഴിയുന്നത് ചെയ്യുന്നുണ്ട്.
നിർഭാഗ്യവശാൽ, ഈ വിഷയം തമിഴ്‌നാട്ടിലും ബീഹാറിലും വർഗ്ഗസ്നേഹ രാഷ്ട്രീയത്തിന് വഴിയൊരുക്കി. തമിഴ്‌നാട്ടിലെ സാമ്പത്തിക പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് കെട്ടിട നിർമാണ മേഖലയിൽ, കുടിയേറ്റ തൊഴിലാളികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ക്രെഡായ് തമിഴ്‌നാടിന്റെ കണക്കനുസരിച്ച്, കുടിയേറ്റ സമൂഹം വൻകിട പദ്ധതികളിലെ 85 ശതമാനവും, ഇടത്തരം പദ്ധതികളിൽ 70 ശതമാനവും ജോലികൾ ചെയ്യുന്നു. ഉല്പാദന മേഖല, തുണിത്തരങ്ങൾ, കെട്ടിട നിർമ്മാണം, ഹോട്ടലുകൾ എന്നിവയിലും ഇവർക്ക് വ്യക്തമായ സാന്നിധ്യമുണ്ട്. 2015-ൽ തമിഴ്‌നാട് തൊഴിൽ വകുപ്പ് നടത്തിയ പഠനപ്രകാരം സംസ്ഥാനത്ത് ഏകദേശം 11.5 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ രാഷ്ട്രീയ പ്രവർത്തകർ ജാഗ്രതയും സംയമനവും പാലിക്കേണ്ടതിന്റെ ആവശ്യകതയെ ഇപ്പോഴത്തെ സംഭവങ്ങൾ ഉയർത്തിക്കാട്ടുന്നു. തദ്ദേശവാസികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ മറവിൽ, രാഷ്ട്രീയ നേതാക്കൾ കുടിയേറ്റ തൊഴിലാളികളെ പലപ്പോഴും അപകീർത്തിപ്പെടുത്താറുണ്ട്. തദ്ദേശവാസികൾ തൊഴിലില്ലായ്മ നേരിടുന്നതിന് കാരണമായി അവരെ ചൂണ്ടിക്കാണിക്കാറുമുണ്ട്. “സംസ്ഥാനത്തിന്റെ വികസനത്തിന് സഹായിക്കുന്ന കുടിയേറ്റ തൊഴിലാളികൾ ഞങ്ങളുടെ തൊഴിലാളികളാണ്”, നിതീഷ് കുമാറുമായുള്ള സംഭാഷണത്തിൽ സ്റ്റാലിൻ എടുത്തുപറഞ്ഞു. ഈ സന്ദേശം എല്ലായിടത്തുമുള്ള രാഷ്ട്രീയ കക്ഷികൾ ഉൾക്കൊള്ളണം. അതേസമയം, സാമൂഹിക ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കുന്ന സർക്കാർ, ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതിക്ക് കീഴിൽ നൽകുന്ന വസ്തുക്കൾക്ക് പുറമെ, പൊതുവിതരണ സമ്പ്രദായത്തിൽ ചുരുങ്ങിയ നിരക്കിൽ പയറുവർഗ്ഗങ്ങളും പാചകത്തിനുള്ള എണ്ണയും വിതരണം ചെയ്യണം. കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരു പ്രത്യേക വിഭാഗം രൂപീകരിക്കുകയും വേണം. സർക്കാരിന് കുടിയേറ്റ തൊഴിലാളികളെപ്പറ്റി പുതിയതും സമഗ്രവുമായ ഒരു പഠനം നടത്തുകയും, അവരുടെ സ്വന്തം നാടെന്ന് തോന്നിപ്പിക്കാൻ തദ്ദേശിയരുമായി അവരെ സംയോജിപ്പിക്കുകയും വേണം.
This editorial has been translated from English, which can be read here.
COMMents
SHARE