ഞായറാഴ്‌ച കേപ്‌ടൗണിൽ സമാപിച്ച ഐ.സി.സി. വനിതാ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ വിജയം പ്രതീക്ഷിച്ചതായിരുന്നു: മഹത്തായ അനിശ്ചിതത്വങ്ങൾക്ക് പേരുകേട്ട ഒരു കായിക ഇനമാണെങ്കിലും, ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വിജയം ഏതാണ്ട് ഉറപ്പിച്ചമട്ടായിരുന്നു. ഇതുവരെ എട്ടു തവണ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ആറു തവണ വിജയം നേടിയിട്ടുണ്ട്. 12 വനിതാ ക്രിക്കറ്റ് (ഒ.ഡി.ഐ.) ലോകകപ്പുകളിൽ ഏഴിലും ഓസ്‌ട്രേലിയ ചാമ്പ്യന്മാരായിരുന്നു. ടെസ്റ്റ് മത്സരങ്ങളിൽ – ഖേദകരമെന്നു പറയട്ടെ, ഇക്കാലത്ത് സ്ത്രീകൾക്ക് വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ ഉള്ളൂ – ഏറ്റവും മികച്ച വിജയ ശതമാനവും ഓസ്‌ട്രേലിയക്കാണ് ഉള്ളത്. ടി20 മത്സരങ്ങളിൽ ചരിത്രവിജയങ്ങൾ നേടിയശേഷമാണ് ഓസീസ് ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിൽ എത്തിയത്. മൂന്ന് വർഷത്തിനിടെ ഒരു തവണ മാത്രമാണ് അവർ തോറ്റത്, അതും ഡിസംബറിൽ നവി മുംബൈയിൽ നടന്ന സൂപ്പർ ഓവർ പോരാട്ടത്തിൽ ഇന്ത്യയോട്. ഓസ്‌ട്രേലിയയുടെ അതിലും ഗംഭീരമായ വിജയമുന്നേറ്റം – 26 ഏകദിന വിജയങ്ങൾ – അവസാനിപ്പിച്ചതും ഇന്ത്യയാണ്. 2021-ലെ ആ വിജയം നടന്നത് ഓസ്‌ട്രേലിയയുടെ സ്വന്തം മണ്ണിലാണ്. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലും തങ്ങളുടെ ശക്തരായ എതിരാളിയുടെ മുന്നേറ്റം തടയാൻ ഇന്ത്യൻ വനിതകൾക്ക് ഒരു മികച്ച അവസരം ലഭിച്ചിരുന്നു. സെമിഫൈനലിൽ, പിച്ചിൽ ബാറ്റ് കുടുങ്ങി ഹർമൻപ്രീത് കൗർ റണ്ണൗട്ടാകുന്നതുവരെ ഉയർന്ന ലക്ഷ്യം പിന്തുടരുന്നതിൽ അവർ മികച്ച നിലയിലായിരുന്നു.
ആതിഥേയർ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോൾ അടുത്ത സെമിഫൈനലും വലിയ അട്ടിമറി നടന്നു. ഈ മത്സരങ്ങൾ നല്ല രീതിയിൽ കാണികളെ ആകർഷിച്ചിരുന്നു. എന്നാൽ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ സാന്നിധ്യം ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് നിറയാൻ ഇടയാക്കി. അവസാന കടമ്പയിൽ ദക്ഷിണാഫ്രിക്കൻ വനിതകൾ ഇടറിവീണിട്ടുണ്ടാകാം, പക്ഷേ അവരുടെ മുന്നേറ്റമാവാം ഒരുക്ഷേ ലോകകപ്പിന്റെ യഥാർത്ഥ കഥ. ഒരു വിവാദത്തിനിടയിലാണ് അവർ മത്സരത്തിൽ പ്രവേശിച്ചത്: ക്യാപ്റ്റൻ ഡെയ്ൻ വാൻ നിക്കെർക്കിനെ ആരോഗ്യക്ഷമതയില്ലെന്ന് പറഞ്ഞ് മാറ്റിനിർത്തി (രണ്ട് കിലോമീറ്റർ ഓടിയെത്താൻ നിശ്ചിത സമയത്തേക്കാൾ 18 സെക്കന്റ് കൂടുതൽ വേണ്ടിവന്നു). ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അവരെ ഞെട്ടിച്ചു. പക്ഷേ, സുനെ ലൂസിന്റെ നേതൃത്വത്തിൽ, അവർ അത്ഭുതകരമായി തിരിച്ചുവരികയും ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ (പുരുഷൻമാരുടേയും വനിതകളുടേയും) പ്രവേശിക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ടീമായി മാറുകയും ചെയ്തു. മുൻകാലങ്ങളിലെ വർണ്ണവിവേചന നയത്തിന് കനത്ത വില നൽകിയ ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റിന് മാത്രമല്ല, മറ്റു വനിതാ കായിക വിനോദങ്ങൾക്കും ഇത് ഒരു വലിയ പ്രചോദനമായിരിക്കും. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവർഗ്ഗ പ്രസിഡന്റായ നെൽസൺ മണ്ടേല, വിഭജിക്കപ്പെട്ട രാഷ്ട്രത്തെ ഒന്നിപ്പിക്കാൻ കായിക മത്സരങ്ങളെ വിജയകരമായി ഉപയോഗിച്ചുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1995-ലെ റഗ്ബി ലോകകപ്പിന് രാജ്യം ആതിഥേയത്വം വഹിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.
This editorial has been translated from English, which can be read here.
COMMents
SHARE