അമേരിക്കയുടെ വടക്കൻ തീരത്ത് ഒരു ബാങ്ക് കഴിഞ്ഞ ആഴ്ച്ച തകർന്നപ്പോൾ ഓഹരി വിപണികളിൽ പഴയൊരു സംഭവത്തിന്റെ ആവർത്തനം പോലെ തോന്നിച്ചു. ലെഹ്മാൻ ബാങ്കിന്റെ തകർച്ചയുടെ ഭയം പുനരുജ്ജിവിച്ചപ്പോൾ ലോകമെമ്പാടുമുള്ള ബാങ്കിംഗ് ഓഹരികൾ കുത്തനെ ഇടിയുകയും, നിക്ഷേപകർ സ്വർണ്ണം പോലുള്ള സുരക്ഷിതമായ ആസ്തികൾ വാങ്ങാൻ തിരക്ക് കൂട്ടുകയും ചെയ്തു. എന്നിരുന്നാലും, വെള്ളിയാഴ്ച മുതലുള്ള നാല് ദിവസങ്ങളിൽ, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ നിയന്ത്രണ ഏജൻസികൾ ബാങ്കിംഗ് സംവിധാനത്തിൽ പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതിന് ഉത്സാഹത്തോടെ പ്രവർത്തിച്ചു. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (എഫ്.ഡി.ഐ.സി.) ആദ്യം കാലിഫോർണിയയിലെ സിലിക്കൺ വാലി ബാങ്ക് ഏറ്റെടുത്തു. ഞായറാഴ്ച അത് ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്കിന്റെ നിയന്ത്രണവും ഏറ്റെടുത്തു. ഫെഡറൽ റിസർവ്, ട്രഷറി വകുപ്പ് എന്നിവയുമായി സഹകരിച്ച് രണ്ട് ബാങ്കുകളിലേയും നിക്ഷേപകരുടെ മുഴുവൻ പണവും തിരിച്ചു നൽകുമെന്ന് അറിയിച്ചു. എന്നിരുന്നാലും, രണ്ട് ബാങ്കുകളുടേയും ഓഹരി ഉടമകൾ സംരക്ഷിക്കപ്പെടില്ല എന്ന് നിയന്ത്രണ ഏജൻസികൾ പറഞ്ഞു. യു.എസ്. ശക്തമായ ബാങ്കിംഗ് സംവിധാനം നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം തകർച്ചകൾ വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ബാങ്കുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രവർത്തിക്കുമെന്നും പറഞ്ഞുകൊണ്ട്, തിങ്കളാഴ്‌ച പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തിനും ആഗോള വിപണികൾക്കും ആത്‌മവിശ്വാസം നൽകാൻ ശ്രമിച്ചു. ഏകോപിപ്പിച്ച നടപടികൾ, തൽക്കാലത്തേക്കെങ്കിലും, മിക്ക വിപണികളിലും ഒരു പരിധിവരെ ശാന്തത പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇതിൽ നിന്ന് ചില പാഠങ്ങൾ പഠിച്ചു. മറ്റു ചിലത് ഒരുപക്ഷേ, കാലക്രമേണ പഠിക്കാൻ കഴിഞ്ഞേക്കും.
സിലിക്കൺ വാലി ബാങ്കിന്റെ കാര്യം സമാനതകളില്ലാത്തതാണ്. ഒരു പ്രത്യക സ്ഥലത്തും മേഖലയിലും കേന്ദ്രീകരിച്ച നിക്ഷേപകരുടെ കൂട്ടത്തിൽ സ്റ്റാർട്ടപ്പുകളും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഉൾപ്പെടുന്നു. ഇവയിൽ കൂടുതലും സാങ്കേതിക സിരാകേന്ദ്രമായ സിലിക്കൺ വാലിയിൽ നിന്നുള്ളവയാണ്. യു.എസ്. ട്രഷറിയുടേയും ഭൂപണയാധാരങ്ങളുടേയും ബോണ്ടുകളിൽ ബാങ്ക് വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു. പണപ്പെരുപ്പത്തോട് പോരാടുന്ന സെൻട്രൽ ബാങ്കിന്റെ സമീപകാലത്തെ പലിശ നിരക്ക് വർദ്ധനയുടെ ഫലമായി, ഈ നിക്ഷേപങ്ങൾ നഷ്ടത്തിലാവുകയും ദുരിത സാഹചര്യത്തിൽ പണമാക്കി മറ്റാൻ സാധിക്കാതാവുകയും ചെയ്തു. മറുവശത്ത്, സിഗ്നേച്ചർ ബാങ്കാവട്ടെ, ഡിജിറ്റൽ ആസ്തികളിൽ നിക്ഷേപിക്കുന്നവർക്ക് സേവനങ്ങൾ നൽകിക്കൊണ്ട് വളരെയധികം ചാഞ്ചാട്ടമുള്ള ക്രിപ്‌റ്റോകറൻസികളിൽ മുതൽമുടക്കി. അതും, നിക്ഷേപങ്ങളുടെ പിൻവലിക്കലും ആത്യന്തികമായി അതിന്റെ തകർച്ചക്ക് കാരണമായി. ബാങ്ക് തകരാൻ കാരണം ഫെഡറൽ റിസേർവിന്റെ പലിശ നിരക്ക് കൂട്ടിയ സാമ്പത്തിക നയമാണെന്ന് കുറ്റപ്പെടുത്തുന്നത് മരങ്ങൾ കാരണം കാട് കാണാൻ കഴിയുന്നില്ല എന്ന് പറയുന്നത് പോലെയാണ്. പലിശ നിരക്കുകൾ ചാക്രികമായാണ് നീങ്ങുന്നത്. എല്ലാ ബാങ്കുകളും അടിസ്ഥാനപരമായി പലിശ നിരക്ക് നീക്കങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കൈകാര്യം ചെയ്യേണ്ടതാണ്. അതുപോലെ തന്നെ വായ്പ നല്കാൻ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപങ്ങളും എല്ലായ്പ്പോഴും വരുമാനവുമായും ആസ്തികളുമായും ന്യായമായും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്. 2018-ലെ ഭാരതീയ റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ‘നിക്ഷേപങ്ങളുടെ അസ്ഥിരതയ്ക്കെതിരെയുള്ള കരുതൽ ശേഖരം’ രൂപീകരിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് പലിശ നിരക്കിന്റെ അപകട സാധ്യതകളിൽ നിന്ന് ഇന്ത്യൻ ബാങ്കുകളെ താരതമ്യേന സുരക്ഷിതമാക്കുന്ന ഒരു എതിർ-ചാക്രിക മാർഗ്ഗമാണ്. എന്നിരുന്നാലും, ആഗോള സംഭവങ്ങളുടെ പ്രത്യാഘാതങ്ങളോ നേതൃത്വത്തിന്റെ തെറ്റായ നടപടികളോ ഇന്ത്യയിലെ ബാങ്കുകൾക്ക് ഭീഷണിയുയർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ആർ.ബി.ഐ. ജാഗ്രത പാലിക്കണം.
This editorial has been translated from English, which can be read here.
COMMents
SHARE