കേന്ദ്രം ഞായറാഴ്ച നിയമിച്ച പുതിയ സംസ്ഥാന ഗവർണർമാരിൽ സുപ്രീം കോടതിയിലെ ഒരു മുൻ ജഡ്ജിയും, ഒരു മുൻ പട്ടാള കമാൻഡറും ഉൾപ്പെടുന്നു. പല സംസ്ഥാനങ്ങളിലെ ഗവർണർമാരേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തിന്റെ ലെഫ്റ്റനന്റ് ഗവർണറേയും മാറ്റിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ, ജാർഖണ്ഡ്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാർ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ട് വിവാദങ്ങളുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ചിരുന്നു. ചില പ്രത്യേക കാരണങ്ങളാൽ, സൈന്യത്തിന്റേയും നീതിന്യായവ്യവസ്ഥയുടേയും പങ്ക് താൽപ്പര്യമുളവാക്കുന്ന വിഷയമാണ്, പ്രത്യേകിച്ചും ഭരണകൂടവുമായി അവയുടെ ബന്ധത്തെ സംബന്ധിച്ച്. ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തെക്കുറിച്ചുള്ള തർക്കങ്ങൾ നിലനിൽക്കെ, ന്യായാധിപ നിയമനങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ വ്യഗ്രത പ്രകടമാണ്. കൊളീജിയം ശുപാർശ ചെയ്യുന്ന ചില ആളുകളുടെ നിയമനത്തിൽ കാലതാമസം വരുത്തുകയും മറ്റു ചിലരുടേത് ത്വരിതപ്പെടുത്തുകയും ചെയ്തുകൊണ്ട് ന്യായാധിപ നിയമനങ്ങളിൽ ഇല്ലാത്ത അധികാരങ്ങൾ ഭരണകൂടം ഫലപ്രദമായി വിനിയോഗിച്ചു. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) അതിന്റെ രാഷ്ട്രീയ ആഖ്യാനങ്ങൾക്കായി സായുധ സേനയെ ഉപയോഗിച്ചുവെന്ന ആരോപണവും നിലവിലുണ്ട്. വിരമിച്ച പോലീസ്, രഹസ്യാന്വേഷക ഉദ്യോഗസ്ഥർ രാജ്ഭവനുകൾ ഏറ്റെടുത്ത ചരിത്രമുണ്ട്. എന്നാൽ ഒരു വിരമിച്ച സുപ്രീം കോടതി മുഖ്യ ന്യായാധിപൻ 2014-ൽ ഗവർണറായി നിയമിക്കപ്പെട്ടത് ഒരു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചു. വിരമിച്ച മറ്റൊരു മുഖ്യ ന്യായാധിപനെ 2020-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതും ചോദ്യങ്ങൾ ഉയർത്തി.
ഗവർണറുടെ പദവി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണ സംവിധാനത്തിൽ നിന്ന് ഉൾകൊണ്ട പാരമ്പര്യമാണ്. ഒരു ജനാധിപത്യത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ഗവർണറുടെ നിയമസാധുത ഭരണഘടനാ നിർമ്മാണസഭയിൽ ചൂടേറിയ ചർച്ചയ്ക്ക് വിഷയമായിരുന്നു. എന്നിരുന്നാലും അത് പുതിയ ജനായത്തഭരണത്തിന്റെ ഭാഗമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒരു പരിവര്‍ത്തനാത്മകമായ കണ്ണിയായി പ്രവർത്തിക്കുകയാണ് ഗവർണറുടെ ഉത്തരവാദിത്വം. എന്നാൽ ഭരണഘടനാ നിർമ്മാതാക്കൾ ഈ പദവി ആലങ്കാരികമാണെന്ന് വ്യക്തമാക്കിയിരുന്നു. നിർവചിക്കപ്പെട്ട ചുരുങ്ങിയ ചില അവസരങ്ങളിലൊഴികെ, തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വിവേചനാധികാരം ഗവർണ്ണർക്കില്ല. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി, ഗവർണർമാരുടെ ഇടപെടൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലും, ജനാധിപത്യത്തിന്മേലും ഗുരുതരമായ വെല്ലുവിളി ഉയർത്തിയിരുന്നു. 2014-ൽ കേന്ദ്രത്തിൽ ബി.ജെ.പി.യുടെ ആധിപത്യം വന്നതുമുതൽ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളായി. ബി.ജെ.പി.യുടെ ദേശീയ ഐക്യത്തിന്റെ കാഴ്ചപ്പാട് പ്രാദേശിക കക്ഷികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗവർണറുടെ പദവി അത് ലഭിക്കുന്നവരുടെ വ്യക്തിത്വത്താൽ അലങ്കരിക്കപ്പെടേണ്ടതായിരുന്നു. നിലവിലെ പദവികളിൽ കക്ഷിരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടവർക്ക് വിരമിച്ചതിനുശേഷം ചേക്കേറാനുള്ള ഒരു താവളമായി ഗവർണർ പദവി മാറുന്നത്, അവരുടെ പഴയ പദവിയുടെയും പുതിയതിന്റേയും അന്തസ്സ് വെട്ടിക്കുറയ്ക്കുന്നു.
This editorial has been translated from English, which can be read here.
COMMents
SHARE