ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ 2021-ലെ ഐടി ഇന്റർമീഡിയറി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനായി മുന്നോട്ടുവെച്ച കരട് രേഖയിലെ നിർദ്ദേശങ്ങൾ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. ഒരു സ്വയം നിയന്ത്രണ സമിതി, കളിക്കുന്നവരുടെ തിരിച്ചറിയൽ വിവരങ്ങളുടെ (കെവൈസി) ശേഖരണം, കമ്പനിക്കുള്ളിൽ പരാതികേൾക്കാനുള്ള ഉദ്യോഗസ്ഥന്റെ നിയമനം തുടങ്ങിയ നിർദ്ദേശങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇത്തരം കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനകൾ പ്രോത്സാഹിപ്പിച്ച നീക്കങ്ങളാണ് ഇവയൊക്കെ. ഈ മേഖലയിൽ, പ്രത്യേകിച്ച് പണം ഉപയോഗിച്ച് നടത്തുന്ന ചൂതാട്ടത്തെ നേരിടുന്നതിന് തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നതിനേക്കാൾ കർശനമായ നിയന്ത്രണങ്ങളാണ് ആവശ്യപ്പെടുന്നത്. സംസ്ഥാനങ്ങൾക്ക് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യത്തിന് കേന്ദ്രത്തിന്റെ കരട് രേഖയിൽ വ്യക്‌തതയില്ല. ഇതുവരെ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ നിയമപരമായ വെല്ലുവിളികൾ ഉയർത്തി നിരവധി നിരോധനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. തങ്ങളുടെ ഗെയിമുകൾ പൂർണ്ണമായും ഭാഗ്യത്തെ ആശ്രയിക്കുന്നവയല്ലെന്നും വൈദഗ്ധ്യം വേണ്ടവയാണെന്നും അവർ വാദിക്കുന്നു. പക്ഷെ ഭാഗ്യത്തെ ആശ്രയിക്കുന്നവയും പണമുപയോഗിക്കുന്നതുമായ ഗെയിമുകൾ തമ്മിൽ നേരിയ അന്തരം മാത്രമേയുള്ളൂ. ബ്രിട്ടീഷ് ഭരണകാലത്ത് നിലവിൽവന്ന 1867 പൊതു ചൂതാട്ട നിയമവും സംസ്ഥാനങ്ങളുടെ സ്വന്തം ചൂതാട്ട നിയമങ്ങളും വാതുവെപ്പുമായി ബന്ധപ്പെട്ട ഭൗതിക വിനോദങ്ങൾ അനുവദിക്കുന്നില്ല. ഭൗതിക വിനോദങ്ങളെപ്പോലെ ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്നതിന് കേന്ദ്രസർക്കാർ വ്യക്തമായ ഉത്തരം നൽകണം. ഇന്ത്യയിലെ വളർച്ചയുടെ സാമ്പത്തിക ചാലകമെന്ന നിലയിൽ ഗെയിമിംഗ് വ്യവസായത്തിന് വലിയ സാധ്യതകളുണ്ടെങ്കിലും, ശക്തമായ നിയന്ത്രണം വേണ്ട സാഹചര്യം നിലവിലുണ്ട്. വൈദഗ്ധ്യത്തിന്റെയായാലും ഭാഗ്യത്തിന്റെയായാലും, എല്ലാ ഓൺലൈൻ ഗെയിമുകളും വ്യക്തികളെയും സമൂഹത്തെയും ഹ്രസ്വവും ദീർഘവുമായ കാലത്തേക്ക് സ്വാധീനിക്കുന്നു
.കരട് ഭേദഗതിയിൽ ഓൺലൈൻ ഗെയിമിന്റെ നിർവചനം വാതുവെപ്പ് വേദികൾക്ക് മാത്രമായി ഇപ്പോൾ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭാവിയിൽ എല്ലാ ഗെയിമുകളും ഉൾപ്പെടുത്തുന്നതിനായി വിപുലീകരിക്കുമെന്ന് സർക്കാർ സൂചിപ്പിച്ചു. ലോകമെമ്പാടുമുള്ള സമൂഹങ്ങൾ വീഡിയോ ഗെയിമുകൾ ചെറുപ്പക്കാരിൽ ഉണ്ടാക്കുന്ന പരിണിതഫലങ്ങളെ നേരിടുന്നുണ്ട്. ഗെയിമുകളോടുള്ള ആസക്തി ചില ചെറുപ്പക്കാരെ ദുഃശീലത്തിന്റെ കുരുക്കിൽ പെടുത്തുന്നു. ഇതിനെ നേരിടുന്നതിനായി ചൈന യുവാക്കൾക്ക് ദിവസേന കളിക്കാൻ അനുവദിക്കുന്ന മണിക്കൂറുകളുടെ എണ്ണത്തിൽ പരിധി കൊണ്ടുവന്നു -- സമയപരിധി കഴിഞ്ഞാൽ ആ ദിവസം വീണ്ടും കളിക്കാൻ അനുവദിക്കാതെ, ‘ലോക്കോട്ട്’ ചെയ്യുന്നു. ഇന്ത്യയിൽ സമാനമായ നടപടികളെക്കുറിച്ച് ആലോചിക്കുമ്പോൾ ജാഗ്രതയും സംയമനവും പാലിക്കേണ്ടതുണ്ട്. കാരണം ഇത് ചെറുകിട ആഭ്യന്തര ഗെയിം നിർമാതാക്കളെയും ഇന്ത്യൻ പ്രേക്ഷകരുള്ള വലിയ അന്താരാഷ്‌ട്ര സ്റ്റുഡിയോകളേയും അനിശ്ചിതത്വത്തിലാക്കും. ഈ വ്യവസായത്തെ സുഗമമാക്കുകയാണ് ലക്ഷ്യമെന്നും വളർച്ചയെ തടസ്സപ്പെടുത്തില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഭാവിയിൽ, വീഡിയോ ഗെയിമുകളിലെ “അക്രമവും, ആസക്തിയും, ലൈംഗിക ഉള്ളടക്കവും” നിയന്ത്രിക്കാൻ ശ്രമിക്കുമെന്നും സർക്കാർ സൂചിപ്പിച്ചു. സാമ്പത്തിക അവകാശങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക അനിവാര്യതകൾ എന്നിവ സന്തുലിതമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ വ്യാപകമായി പൊതുജനാഭിപ്രായം ആരായേണ്ടിയിരിക്കുന്നു.
This editorial has been translated from English, which can be read here.
COMMents
SHARE