വെർച്വൽ ആസ്തികൾ ഉൾപ്പെടുന്ന എല്ലാ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമത്തിന്റെ (പി.എം.എൽ.എ.) പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ധനമന്ത്രാലയത്തിന്റെ മാർച്ച് 7-ലെ വിജ്ഞാപനം വൈകിയതാണെങ്കിലും അത്യന്താപേക്ഷിതമായ നടപടിയാണ്. വെർച്വൽ ആസ്തികളിൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്ന പരസ്യങ്ങളിലും യഥാർത്ഥ നിക്ഷേപങ്ങളിലും മഹാമാരിയുടെ കാലഘട്ടത്തിൽ കണ്ട കുതിപ്പിനെ നേരിടാൻ ഉചിതമായ ഒരു നിയന്ത്രണ സംവിധാനം രൂപീകരിക്കാൻ സർക്കാർ സമീപ വർഷങ്ങളിൽ യത്നിക്കുകയായിരുന്നു. ഉദാഹരണത്തിന്, ബ്രോക്കർചൂസർ.കോമിന്റെ 2021 ജൂലൈയിലെ റിപ്പോർട്ട് പ്രകാരം, ഏറ്റവും കൂടുതൽ ‘ക്രിപ്‌റ്റോ ഉടമകൾ’ ഉള്ള രാജ്യം ഇന്ത്യയാണ് –10.07 കോടി. ഇത് രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിലെ ക്രിപ്‌റ്റോ ആസ്തി ഉടമകളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയിലധികം വരും. ഇത് ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഗമനമാണെന്ന് കണക്കാക്കിയാൽ പോലും, സർക്കാരിന്റെ നടപടികളും വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത് നിയന്ത്രിക്കപ്പെടാത്ത വെർച്വൽ ആസ്തികളിലെ വ്യാപാരത്തിന്റെ അളവ് സമീപ വർഷങ്ങളിൽ ഗണ്യമായി വർദ്ധിച്ചുവെന്നാണ്. ‘ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ അന്വേഷിക്കുകയാണെന്നും, അതിൽ ചില ക്രിപ്‌റ്റോ വിപണികൾ കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്’ കണ്ടെത്തിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ ഉദ്ധരിച്ച് കഴിഞ്ഞ മാസം ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയെ അറിയിച്ചു. കുറ്റകൃത്യത്തിന്റെ വരുമാനമായി കണക്കാക്കി ജനുവരി 31 വരെ 936 കോടി രൂപ കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്‌തിട്ടുണ്ട്. വെർച്വൽ ഡിജിറ്റൽ ആസ്തികളിലെ എല്ലാ വ്യാപാരവും പി.എം.എൽ.എ.യുടെ കീഴിൽ നിർബന്ധമായും കൊണ്ടുവരുന്നതോടെ, അത്തരം ആസ്തികളിൽ സുരക്ഷിതമായി സൂക്ഷിക്കൽ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളുടേയും ഉറവിടം കണ്ടെത്താനുള്ള ഉത്തരവാദിത്തം ഈ ഇടപാടുകളിൽ പങ്കെടുക്കുന്നവർക്കോ, അതിന് സൗകര്യം ഒരുക്കുന്ന വ്യക്തികൾക്കോ, വ്യാപാര സ്ഥാപനങ്ങൾക്കോ ആയിരിക്കും.
ആഗോള കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന ഇന്റർഗവൺമെന്റൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്.), വേഗത്തിലും അജ്ഞാതമായും ലോകമെമ്പാടും വ്യാപാരം ചെയ്യാനുള്ള വെർച്വൽ ഡിജിറ്റൽ ആസ്തികളുടെ കഴിവ് കണക്കിലെടുത്ത് കുറ്റകൃത്യങ്ങൾക്കായി ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെ തുടർച്ചയായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എഫ്.എ.ടി.എഫ്. പറയുന്നത് പോലെ, വെർച്വൽ ആസ്തികൾ നിയന്ത്രിക്കാൻ ഏതാനും രാജ്യങ്ങൾ നീങ്ങുകയും, മറ്റു ചിലർ അവ പൂർണ്ണമായും നിരോധിക്കുകയും, ഭൂരിപക്ഷം രാജ്യങ്ങളും ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് കുറ്റവാളികൾക്കും തീവ്രവാദികൾക്കും ദുരുപയോഗം ചെയ്യാനുള്ള പഴുതുകളുള്ള ഒരു ആഗോള സംവിധാനം സൃഷ്ടിച്ചിരിക്കുകയാണ്. ക്രിപ്‌റ്റോ ആസ്തികൾ കൈകാര്യം ചെയ്യുന്നതിന് ആഗോളതലത്തിൽ ഏകോപിപ്പിച്ച നിയന്ത്രണ സംവിധാനം ആവശ്യമാണെന്ന് G-20-യുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ ഊന്നിപ്പറയുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ വെർച്വൽ ഡിജിറ്റൽ ആസ്തികൾക്ക് നികുതി വ്യവസ്ഥ ഏർപ്പെടുത്തിയതിനെത്തുടർന്ന് പി.എം.എൽ.എ.യുടെ കീഴിൽ നിരീക്ഷണ സംവിധാനം കൊണ്ടുവന്ന കേന്ദ്രത്തിന്റെ തീരുമാനം, അതിനെ നിരോധിക്കുന്നതിനുപകരം നിയന്ത്രിക്കാനുള്ള നീക്കങ്ങളായി ക്രിപ്‌റ്റോ ആസ്തി മേഖല വ്യാഖ്യാനിക്കുന്നുണ്ട്. വെർച്വൽ ആസ്തികളിൻമേൽ കൊണ്ടുവരാൻ വളരെ വൈകിപ്പോയ കരട് നിയമത്തെക്കുറിച്ച് എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ആർ.ബി.ഐ. നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നിരോധനം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.
This editorial has been translated from English, which can be read here.
COMMents
SHARE