തടവുകാരെ തൂക്കിലേറ്റുന്ന രീതിയെ ക്രൂരമോ പ്രാകൃതമോ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് വിധിച്ച് നാൽപ്പത് വർഷങ്ങൾക്ക് ശേഷം, വധശിക്ഷ നടപ്പാക്കാൻ കൂടുതൽ മാന്യവും വേദന കുറഞ്ഞതുമായ ഒരു മാർഗമുണ്ടോ എന്ന് കണ്ടെത്താൻ സുപ്രീം കോടതി ഇപ്പോൾ തുനിഞ്ഞിരിക്കുകയാണ്. വേദനയും ക്രൂരതയും കുറഞ്ഞ ഒരു ബദൽ വധശിക്ഷാ രീതി കണ്ടെത്തുക എന്ന ആശയം വധശിക്ഷ നിർത്തലാക്കണമോ എന്ന വിശാലമായ ചർച്ചയുടെ ഭാഗമാണ്. നീതിന്യായ വ്യവ്യസ്ഥയും ഭരണകർത്താക്കളും വധശിക്ഷയെന്ന ആശയത്തേയും തൂക്കിലേറ്റുന്ന സമ്പ്രദായത്തേയും അനുകൂലിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. കൂടുതൽ മനുഷ്യത്വപരമായ വധശിക്ഷാ മാർഗം കണ്ടെത്താനാകുമെന്ന വാദം പരിശോധിക്കാനാണ് ബെഞ്ച് പുതിയ വിവരങ്ങൾ തേടിയത്. ഈ വിഷയത്തിൽ രണ്ട് സുപ്രധാന വിധിന്യായങ്ങൾ ഉണ്ട് – ബച്ചൻ സിംഗും, പഞ്ചാബ് സംസ്ഥാനവും തമ്മിലുള്ള കേസിൽ (1980), വധശിക്ഷ ശരിവച്ചുവെങ്കിലും അത് “അപൂർവങ്ങളിൽ അപൂർവമായ” കേസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി; ദീന ദയാലും, ഇന്ത്യൻ യൂണിയനും, മറ്റുള്ളവരും തമ്മിലുള്ള കേസിൽ (1983), തൂക്കിക്കൊല്ലൽ “ഏറ്റവും വേദനകുറഞ്ഞ” രീതിയാണെന്നും, “നിലവിലുള്ള മറ്റേത് രീതിയേക്കാളും അധികം വേദന ഉണ്ടാക്കുന്നില്ലെന്നും” വിധിച്ചു കൊണ്ട് വധശിക്ഷ ഉയർത്തിപ്പിടിച്ചു. വൈദ്യുതാഘാതം, ഗ്യാസ് ചേമ്പറിന്റെ ഉപയോഗം, മാരകമായ കുത്തിവയ്പ്പ് എന്നിവ വേദന കുറഞ്ഞ രീതികളാണെന്ന് ചിലർ കരുതുന്നുണ്ടെങ്കിലും, ഒരു ശരിയായ നിഗമനത്തിലെത്താൻ കഴിയുന്നില്ലെന്ന് നിയമ കമ്മീഷന്റെ 35-ാമത് റിപ്പോർട്ട് (1967) പറയുന്നു. എന്തെങ്കിലും മാറ്റം നിർദ്ദേശിക്കുന്നതിൽനിന്ന് അത് വിട്ടുനിന്നു.
സുപ്രീം കോടതി വധശിക്ഷ നിർത്തലാക്കുന്നതിനെ അനുകൂലിച്ചിട്ടില്ലെങ്കിലും, അത് ശക്തവും മാനുഷികവുമായ നടപടിക്രമങ്ങൾ വികസിപ്പിച്ചിട്ടുള്ളതിനാൽ ഭരണകർത്താക്കൾക്ക് വധശിക്ഷ നടപ്പാക്കാൻ ബുദ്ധിമുട്ടാണ –. വധശിക്ഷ “അപൂർവങ്ങളിൽ അപൂർവമായ” കേസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി; ആരെയെങ്കിലും തൂക്കുമരത്തിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് അവർക്ക് പ്രതികൂലവും അനുകൂലവുമായ സാഹചര്യങ്ങൾ തുലനംചെയ്യാൻ നിർബന്ധിച്ചു; തുറന്ന കോടതിയിൽ അപ്പീലിന് ശേഷം പുനരവലോകന വാദം കേൾക്കാൻ അനുവദിച്ചു. ദയാഹർജികളിന്മേലുള്ള തീരുമാനങ്ങൾ നീതിയുക്തമാക്കുന്നതിനായി ഒരു നിയമനടപടിക്രമം കോടതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദയാഹർജികൾ തീർപ്പാക്കുന്നത് അകാരണമായി വൈകിയാൽ, ഒരു ശിക്ഷാനടപടിയെന്ന രീതിയിൽ, വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കാനും അത് അനുശാസിക്കുന്നു. ഇപ്പോൾ കോടതിയുടെ മുമ്പിലുള്ള വിഷയം അതിന്റെ സമീപനത്തെ കൂടുതൽ മാനുഷികമാക്കാൻ പുതിയൊരു അവസരം നൽകുന്നു. തൂക്കിലേറ്റുന്നതുകൊണ്ട് നേരത്തേയുള്ളതോ വേദനാജനകമായതോ ആയ മരണം ഉണ്ടാവണമെന്നില്ലെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള തെളിവുകൾ സൂചിപ്പിക്കുന്നു. അതേസമയം വൈദ്യുതാഘാതം ഏൽപ്പിക്കുന്നതിലും മാരകമായ കുത്തിവയ്‌പ്പ് നല്കുന്നതിലും ക്രൂരതയുണ്ടെന്നുള്ളതിന് തെളിവുകളുമുണ്ട്. ക്രൂരവും മനുഷ്യത്വരഹിതവും അല്ലാത്തത് കൊണ്ട് മാത്രമല്ല, നടത്തിപ്പിൽ പരാജയപ്പെടുന്നവയുടെ എണ്ണം ഏറ്റവും കുറവായത്കൊണ്ട് കൂടിയാണ് തൂക്കിക്കൊല്ലൽ തുടരണമെന്ന് കേന്ദ്ര സർക്കാർ കരുതുന്നത്. ഏത് തരത്തിലുള്ള വധശിക്ഷയും മനുഷ്യത്വത്തെ ഹനിക്കുന്നതും, വ്യക്തികളുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതും, ക്രൂരവുമാണ് എന്നതാണ് യഥാർത്ഥ പ്രശ്നം. വധശിക്ഷയുടെ രീതിയെക്കുറിച്ചുള്ള പുതിയ സംവാദം, ജീവനെടുക്കുന്നതിനെതിരെയുള്ള ശരിയായ പ്രതികരണം മറ്റൊരു ജീവനെടുക്കുന്നതാണോ എന്ന ധർമ്മസങ്കടം കൂടുതൽ രൂക്ഷമാക്കുന്നു. ക്രൂരതയും മാനക്കേടും ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കിൽ, വധശിക്ഷയുടെ നിരോധനമാണ് ഏക പോംവഴി.
This editorial has been translated from English, which can be read here.
COMMents
SHARE