ADVERTISEMENT

മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: കേന്ദ്ര ബിന്ദു

Published - October 12, 2023 11:26 am IST

വർഗീയതക്ക് എതിരായി കോൺഗ്രസ് ജനങ്ങളെ ജാതീയമായി അണിനിരത്തരുത്

ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ കേന്ദ്രബിന്ദുവായ മധ്യപ്രദേശ് നവംബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയും (ബി.ജെ.പി.) കോൺഗ്രസും തമ്മിൽ നടക്കുന്ന നേരിട്ടുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. അഞ്ച് വർഷം മുമ്പ് 2018-ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് വിജയിച്ചതെങ്കിലും നിലവിൽ സംസ്ഥാനത്ത് ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. കോൺഗ്രസിൽ നിന്നുള്ള കൂറുമാറ്റങ്ങൾ ഉപയോഗിച്ച് രണ്ട് വർഷത്തിന് ശേഷം 2020-ൽ ബി.ജെ.പി. അധികാരം പിടിച്ചെടുത്തു. ചില സമർത്ഥമായ നീക്കങ്ങളിലൂടെയും തിരഞ്ഞെടുപ്പ് പരീക്ഷണങ്ങളിലൂടെയും 18 വർഷത്തെ പാർട്ടി ഭരണത്തിനെതിരെയുള്ള ജനവികാരം മറികടക്കാനാകുമെന്നാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. ബി.ജെ.പി. ഭരണത്തിൽ തിരിച്ചുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ തുടരില്ലെന്ന് പാർട്ടി മതിയായ സൂചനകൾ നൽകിയിട്ടുണ്ട്; മൂന്ന് കേന്ദ്രമന്ത്രിമാർ – നരേന്ദ്ര സിംഗ് തോമർ, ഫഗ്ഗൻ സിംഗ് കുലസ്‌തെ, പ്രഹ്ലാദ് സിംഗ് പട്ടേൽ – എന്നിവരുൾപ്പെടെ ഏഴ് പാർലമെന്റ് അംഗങ്ങളെ പാർട്ടി മത്സരിപ്പിക്കുന്നുണ്ട്. ക്ഷീണിതരായ അണികൾക്കിടയിൽ പുതിയ ആവേശം ഉണർത്താൻ കഴിയുമെന്നാണ് പാർട്ടി കരുതുന്നത്. സംസ്ഥാന സർക്കാരിന്റേയും, ചൗഹാന്റേയും പ്രകടനത്തെ കുറച്ചുകാട്ടുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പ്രതിച്ഛായയിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പിയുടെ തന്ത്രം. അടുത്തിടെ ആദിശങ്കരാചാര്യരുടെ ബൃഹത്തായ പ്രതിമ അനാച്ഛാദനം ചെയ്തത് പോലുള്ള നടപടികളിലൂടെ ഹിന്ദുസ്വത്വ രാഷ്ട്രീയത്തിന്റെ ഏക വക്താവ് എന്ന അവകാശവാദം ഉന്നയിക്കുമ്പോഴും, ഗോത്രവർഗ്ഗക്കാരെപ്പോലുള്ള സാമൂഹിക വിഭാഗങ്ങളിലും പാർട്ടി ശ്രദ്ധ നൽകുന്നുണ്ട്.

2020-ലെ പിളർപ്പിന്റെ മുറിവുകൾ ഉണങ്ങാത്ത കോൺഗ്രസ് ഇത്തവണ ആ തിരിച്ചടി തങ്ങൾക്ക് അനുകൂലമാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിൽ നിന്ന് കൂറുമാറിയവരുടെ കടന്നുവരവ് ബി.ജെ.പിക്കുള്ളിലെ അധികാര സന്തുലിതാവസ്ഥയെ തകിടംമറിച്ചു, പ്രത്യേകിച്ച് ഗ്വാളിയോർ-ചമ്പൽ മേഖലയിൽ. ഇത് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസിനെ സഹായിച്ചേക്കാം. കൂറുമാറ്റങ്ങൾ നിമിത്തം കോൺഗ്രസിന്റെ തലപ്പത്തെ ഭാരം കുറഞ്ഞതിനാൽ, പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങൾ സന്തുലിതമാക്കുന്നത് കൂടുതൽ എളുപ്പമായി. എല്ലാ നേതാക്കളും ഉറ്റുനോക്കുന്ന മുൻ മുഖ്യമന്ത്രി കമൽനാഥാണ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് ആവേശം സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുയായിവൃന്ദം പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുന്നു. രാജ്യത്തുടനീളം ജാതി അധിഷ്ഠിത സർവേ വാഗ്ദാനം ചെയ്ത് ജാതി രാഷ്ട്രീയത്തിലേക്ക് കോൺഗ്രസ് അസാധാരണമായി എടുത്തുചാടിയത് മധ്യപ്രദേശിൽ പരീക്ഷണത്തിന് വിധേയമാകും. രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, മധ്യപ്രദേശിൽ കോൺഗ്രസിന് മറ്റ് പിന്നാക്ക വിഭാഗങ്ങളിനിന്നുള്ള നേതാക്കളില്ല. മത്സരത്തിന്റെ ദ്വികക്ഷി സ്വഭാവം മാറ്റാൻ ശ്രമിച്ചേക്കാവുന്ന ആം ആദ്മി പാർട്ടിയിൽ നിന്നുള്ള ഒളിയാക്രമണങ്ങളും പാർട്ടിക്ക് നേരിടേണ്ടി വന്നേക്കാം. ഹിന്ദു സ്വത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിൽ അടിതെറ്റാതെ പിടിച്ചുനിൽക്കുക, മോശം അവസ്ഥയിലായിരിക്കുമ്പോൾ ബി.ജെ.പി. സഹജമായി അവലംബിക്കുന്ന വർഗീയ ധ്രുവീകരണം ഒഴിവാക്കുക എന്നിവയാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളികൾ.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT