ADVERTISEMENT

വാച്ചാത്തി കേസ്: ദുർബലരുടെ വിജയം

Published - October 02, 2023 10:53 am IST

മദ്രാസ് ഹൈക്കോടതി വിധി ഗോത്രവർഗക്കാരുടെ പോരാട്ടത്തിന്റെ നീതിയുക്തമായ പരിസമാപ്തിയാണ്  

മൂന്ന് പതിറ്റാണ്ട് മുമ്പ് ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച തമിഴ്‌നാട്ടിലെ ഒരു ആദിവാസി സമൂഹം ജനാധിപത്യ പ്രക്രിയയിലും ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലും വിശ്വാസം ഉറപ്പിച്ച ഒരു പോരാട്ടത്തിൽ വിജയിച്ചിരിക്കുന്നു. സെപ്റ്റംബർ 29-ന് മദ്രാസ് ഹൈക്കോടതിയിൽ നടന്ന ഈ വിജയം, ഇന്ത്യൻ നിയമശാസ്ത്രത്തിലെ ഒരു മാതൃകാപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. കാരണം, 655 ആദിവാസികളുടെ ഒരു സമൂഹം ഭരണകൂടത്തിന്റെ കൂട്ടായ ശക്തിയെ പരാജയപ്പെടുത്തുന്നത് ഇതാദ്യമാണ്. തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിൽ കിഴക്കൻഘട്ടത്തിന്റെ ഭാഗമായ ശാന്തസുന്ദരമായ ചിത്തേരി താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന വാച്ചാത്തിയിൽ തലമുറകളായി ജീവിച്ചിരുന്ന ജനങ്ങളുടെ ജീവിതം 1992 ജൂൺ 20-ന് മാറിമറിഞ്ഞു. ഗ്രാമവാസികൾ അനധികൃതമായി മുറിച്ച ചന്ദനം പൂഴ്ത്തിവെച്ചെന്നും കള്ളക്കടത്തിന് കൂട്ടുനിന്നുവെന്നും ആരോപിച്ചുകൊണ്ട് 269 പേർ അടങ്ങിയ പോലീസ്, വനം, റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ഗ്രാമത്തിൽ എത്തിച്ചേർന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ, സ്ത്രീകളും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള ഗ്രാമവാസികളെ മർദ്ധിക്കുകയും, അവരുടെ വീടുകൾ നശിപ്പിക്കുകയും, കിണറുകളിൽ വിഷം കലർത്തുകയും, ഒരു പെൺകുട്ടി ഉൾപ്പെടെ 18 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിരീക്ഷണത്തിലാണ് ഇതെല്ലാം നടന്നത്.

ഉദ്യോസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചതോടെ ഒരു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ഗ്രാമവാസികൾ നിർബന്ധിതരായി. 1996-ൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച ശേഷം ധർമപുരിയിലെ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ 15 വർഷം കൂടി തുടർന്നു. 1989-ലെ എസ്‌.സി./എസ്‌.ടി. (അതിക്രമങ്ങൾ തടയൽ) നിയമ പ്രകാരം ബലാത്സംഗം മുതൽ അതിക്രമം വരെയുള്ള കുറ്റങ്ങൾ ചുമത്തി എല്ലാ പ്രതികളേയും വിചാരണ കോടതി 2011-ൽ ശിക്ഷിച്ചതോടെ ഗ്രാമവാസികൾ അഭൂതപൂർവമായ വിജയം നേടി. എന്നാൽ ഉദ്യോഗസ്ഥരുടെ അപ്പീലുകൾ പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഈ ഉത്തരവ് മരവിപ്പിച്ചു. ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും നേതൃത്വത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ തങ്ങളുടെ ഉദ്യോഗസ്ഥരെ സംരക്ഷിച്ചുകൊണ്ടേയിരുന്നു. ഭരണത്തിന്റെ മൂന്ന് ശാഖകളുടെ സ്വയംഭരണാവകാശം നിലനിർത്താനുള്ള ശ്രമങ്ങളെച്ചൊല്ലി കോടതികൾ സർക്കാരുമായി ഭിന്നതയിലായിരിക്കുന്ന സമയത്ത്, വിചാരണക്കോടതിയുടെ ശിക്ഷാവിധി ശരിവച്ച ഹൈക്കോടതിയുടെ വിധി, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ശിക്ഷാഭീതിയില്ലാതെ ഭരിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് നൽകുന്നു. എസ്‌.സി./എസ്‌.ടി. നിയമം ഫലപ്രദമല്ലെന്ന വാദം പലപ്പോഴും ഉയരുമ്പോൾ, വാച്ചാത്തി കേസ് ഈ നിയമത്തിന്റെ ലക്ഷ്യം നിറവേറ്റിയ അപൂർവ സംഭവങ്ങളിൽ ഒന്നാണ്. ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള നീണ്ട പോരാട്ടത്തിലെ നിർണായക നിമിഷം കൂടിയാണ് ഈ വിധി. ഇന്ത്യയിലെ കടുത്ത അസമത്വങ്ങൾക്കിടയിലും, ജാഗ്രതയുള്ള ജനസമൂഹം, പ്രതിബദ്ധതയുള്ള അഭിഭാഷകർ, സ്വതന്ത്രമായ നീതിന്യായ സംവിധാനം, നീതി തേടുന്ന ഇരകളുടെ ദൃഢനിശ്ചയം എന്നിവ ഒന്നിച്ചാൽ ഒരു ജനാധിപത്യ ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയേയും തങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കുമെന്ന് തെളിയിച്ച ഒരു കേസായി ഇത് ഓർമ്മിക്കപ്പെടും.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT