ADVERTISEMENT

അപ്രഖ്യാപിത അടിയന്തരാവസ്ഥ 

Published - October 05, 2023 11:35 am IST

ന്യൂസ്‌ക്ലിക്ക് കേസിലെ അറസ്റ്റുകളും നടപടികളും ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് 

വിമർശനാത്മക പത്രപ്രവർത്തനത്തോട് അസഹിഷ്ണുത കാണിക്കുന്ന ഒരു സർക്കാരിന് പോലും, ന്യൂസ്‌ക്ലിക്ക് എന്ന വാർത്താ വെബ്‌സൈറ്റിനെതിരെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ നടപടികൾ തീവ്രമായ പകപോക്കലിന്റെയും ക്രൂരമായ പീഡനത്തിന്റെയും ഉദാഹരണമായി തോന്നിയേക്കാം. സൈറ്റിന്റെ എഡിറ്റർ-ഇൻ-ചീഫ് പ്രബീർ പുർകയസ്തയേയും മറ്റൊരാളേയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം ഉൾപ്പടെ കർശനമായ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തതിന് കൃത്യമായ കാരണം എന്താണെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. “ചൈനീസ് ബന്ധങ്ങളുള്ള ഒരു തീവ്രവാദ കേസിന്” വെബ്‌സൈറ്റ് അന്വേഷണത്തിലാണ് എന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ “ഭീകരത”, ചൈനീസ് അനുകൂല പ്രചരണം എന്നിവയുമായി എന്തെങ്കിലും ബന്ധം സൂചിപ്പിക്കുന്ന ഒരു ലേഖനമോ വസ്തുതയോ വെളിച്ചത്തുവന്നിട്ടില്ല. പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ് നൽകുകയോ കുറ്റം ചുമത്തിയിരിക്കുന്നതിന്റെ വിശദാംശങ്ങളെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും വാർത്താ സൈറ്റ് അറിയിച്ചു. എന്നിട്ടും, സ്ഥാപനവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകർ, ലേഖകർ, ജീവനക്കാർ എന്നിവരെ റെയ്‌ഡ്‌ ചെയ്ത്, അവരിൽ പലരുടേയും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. വെബ്‌സൈറ്റിനെതിരായ ഈ നടപടികൾ പുതിയതല്ല – 2021 മുതൽ ഇത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും (ഇ.ഡി.) ആദായനികുതി വകുപ്പിന്റേയും നിരീക്ഷണത്തിലാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ മുൻപും പിടിച്ചെടുത്തിട്ടുണ്ടെങ്കിലും അതിനെതിരെ ഒരു കുറ്റപത്രവും ഇതുവരെ സമർപ്പിച്ചിട്ടില്ല. ന്യൂസ്‌ക്ലിക്കിന് അനുകൂലമായി പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന് കണ്ടെത്തിയ ഡൽഹി ഹൈക്കോടതി അറസ്റ്റിൽ നിന്ന് പുർകയസ്തയ്ക്ക് ഇടക്കാല സംരക്ഷണം നൽകുകയും സ്ഥാപനത്തിനെതിരെ നിർബന്ധിത നടപടിയെടുക്കുന്നതിൽ നിന്ന് ഇ.ഡിയെ തടയുകയും ചെയ്തു. സമാനമായ വിഷയത്തിൽ ആദായനികുതി വകുപ്പ് നൽകിയ പരാതി കീഴ്കോടതി തള്ളിയിരുന്നു.

ന്യൂസ്‌ക്ലിക്കിലെ ഒരു നിക്ഷേപകന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയും ചൈനീസ് സർക്കാരുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്ന ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനമാണ് ഇപ്പോഴത്തെ നടപടികൾക്ക് തുടക്കംകുറിച്ചത്. എന്നാൽ ന്യൂയോർക്ക് ടൈംസ് സൈറ്റിലെ ഏതെങ്കിലും ഒരു ലേഖനം ഇന്ത്യക്കെതിരെ നിയമവിരുദ്ധമായ പ്രചരണം നടത്തിയതായി ചൂണ്ടിക്കാണിച്ചിട്ടില്ല. ന്യൂയോർക്ക് ടൈംസിലെ ലേഖനത്തെ അടിസ്ഥാനമാക്കി സർക്കാർ പ്രതിനിധികൾ ആദ്യം സൈറ്റിനെതിരെ ആസൂത്രിതമായ അപകീർത്തിപ്പെടുത്തലും കുപ്രചാരണവും നടത്തി. ചൊവ്വാഴ്ചത്തെ പ്രവർത്തനങ്ങൾ ഒരു മാധ്യമ സ്ഥാപനത്തെ ബലിയാടാക്കാനും, അതിലൂടെ വിമർശനാത്മക പത്രപ്രവർത്തനത്തെ മരവിപ്പിക്കാനുമുള്ള ശ്രമമായി കരുതേണ്ടിയിരിക്കുന്നു. ഒരു സർക്കാരിനും ധനസമാഹരണത്തെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരെ ഉന്നംവെയ്ക്കാനും അതുവഴി ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനും കഴിയില്ല. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി പ്രവർത്തകനായിരിക്കെ, 1975-ലെ അടിയന്തരാവസ്ഥക്കാലത്ത്, ക്രൂരമായ മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ടിന്റെ പേരിൽ, വ്യാജ ആരോപണങ്ങൾ ചുമത്തി പുർകയസ്ഥയെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൂചന പോലുമില്ലാതെ ഇപ്പോൾ ചരിത്രം ആവർത്തിക്കപ്പെടുന്നതായി തോന്നുന്നു.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT