ADVERTISEMENT

രാഹുലിന്റെ ശിക്ഷ: കൂച്ചുവിലങ്ങിടുമ്പോൾ

March 25, 2023 09:39 am | Updated 09:39 am IST

രാഹുൽ ഗാന്ധിയുടെ അപരാധനിർണ്ണയം, ജയിൽശിക്ഷ എന്നിവ വിരൽചൂണ്ടുന്നത് ക്രിമിനൽ അപകീർത്തി ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് 

നിയമത്തിന്റെ കാർക്കശ്യവും രാഷ്ട്രീയത്തിലെ ദുരിതങ്ങളും ഒരുമിച്ചുചേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വലയ്ക്കുകയാണ്. 2019-ൽ തിരഞ്ഞെടുപ്പ് കാലത്ത് തന്റെ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് അദ്ദേഹം നടത്തിയ ഒരു പരിഹാസം – ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പൊതുനാമം എങ്ങനെ വന്നു?’ – സൂറത്തിലെ ഒരു കോടതി അപകീർത്തികരമാണെന്ന് പ്രഖ്യാപിച്ചു. ക്രിമിനൽ അപകീർത്തിക്കുള്ള പരമാവധി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ട്, അദ്ദേഹം ലോകസഭയിലെ അംഗത്വത്തിൽ നിന്ന് തന്നെ അയോഗ്യനാക്കപ്പെട്ടു. അപരാധനിർണ്ണയവും ശിക്ഷയും നിയമപരമായ ചോദ്യങ്ങൾ ഉയർത്തുന്നു. പരാമർശം ആരെയെങ്കിലും പ്രത്യേകമായോ അതോ ‘മോദി’ എന്ന കുലനാമമുള്ള ഒരു കൂട്ടം ആളുകളെയോ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണോ? ഐ.പി.സിയുടെ 499-ാം വകുപ്പിൽ അപകീർത്തിപ്പെടാൻ ഇടയുള്ള ആളുകളെ പരാമർശിച്ച് ഉപയോഗിച്ചിരിക്കുന്ന ‘വ്യക്തികളുടെ കൂട്ടം’ എന്ന പ്രയോഗം, തിരിച്ചറിയാവുന്ന ഒരു വർഗ്ഗമോ സംഘമോ ആയിരിക്കണം. മാനനഷ്ടത്തിന് ക്രിമിനൽ നടപടികൾ തുടങ്ങിവെയ്ക്കുന്ന കൂട്ടത്തിലെ ഒരംഗം തനിക്ക് വ്യക്തിപരമായി ആ പരാമർശം കൊണ്ട് ഹാനിയോ പീഢയോ ഉണ്ടായതായി വ്യക്തമാക്കണമെന്നും നിയമം അനുശാസിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പരാമർശിക്കപ്പെട്ട മൂന്ന് വ്യക്തികൾ മാത്രമല്ല, ഈ കുലനാമമുള്ളവരെല്ലാം ദുഖാർത്ഥരാണെന്ന വാദം നിലനിൽക്കാൻ പ്രയാസമാണ്. കൂടാതെ, പരാതിക്കാരനായ ബി.ജെ.പി. എം.എൽ.എ പൂർണേഷ് മോദി വ്യക്തിപരമായോ ‘മോദി’ സമുദായത്തിലെ അംഗമെന്ന നിലയിലോ ആരോപണവിധേയമായ പ്രയോഗം മൂലം വിഷമം അനുഭവിച്ചുവോ എന്ന് വ്യക്തമല്ല.

ADVERTISEMENT

പരമാവധി ശിക്ഷാവിധിയും അസ്വസ്ഥമാക്കുന്നതാണ്. നിയമങ്ങൾ പരമാവധി ജയിൽ ശിക്ഷകൾ നിർദ്ദേശിക്കുന്നത് വിചാരണ കോടതികൾ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് ആനുപാതികമായി ശിക്ഷകൾ വിധിക്കാനാണ്. കൃത്യമായി നിർണയിക്കപ്പെടാത്ത ഒരു കൂട്ടം ആളുകളെ പൊതുവായ ഒരു പരാമർശം ഉപയോഗിച്ച് ആക്രമിക്കുന്നത് അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണോ, അങ്ങനെ ആണെങ്കിൽത്തന്നെ, പരമാവധി ശിക്ഷ നൽകാൻ മാത്രം ഗുരുതരമാണോ ഈ കുറ്റം എന്നതും സംശയാസ്പദമാണ്. വിധിയുടെ പിഴവില്ലായ്‌മ അപ്പീലിൽ തീരുമാനിക്കപ്പെടും. എന്നാൽ കേവലം സസ്പെൻഷന് പകരം ശിക്ഷാവിധി നിർത്തിവെക്കാനുള്ള ആജ്ഞ ലഭിച്ചില്ലെങ്കിൽ, സഭയിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാകുന്ന ഗാന്ധിക്ക് ഇതുകൊണ്ടുണ്ടാകുന്ന രാഷ്ട്രീയ നഷ്ടം ശാശ്വതമായ അനന്തര ഫലങ്ങൾ ഉളവാക്കും. അഴിമതി, വിദ്വേഷ പ്രസംഗങ്ങൾ, രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണം എന്നിവ പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു രാജ്യത്ത്, ഒരു പ്രമുഖ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തെ ക്രിമിനൽ അപകീർത്തി ഇല്ലാതാക്കുന്നത് വിരോധാഭാസമാണ്. ഒരു ആധുനിക ജനാധിപത്യം അപകീർത്തിയെ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കുവാനേ പാടില്ല. ചോദ്യം ചെയ്യാനുള്ള അധികാരം ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിരുന്നത് ഒരു യുഗത്തിന്റെ പാരമ്പര്യമാണ്. ഇക്കാലത്ത്, ക്രിമിനൽ അപകീർത്തി പ്രധാനമായും പൊതുപ്രവർത്തകർക്കും കമ്പനികളുടെ ദുഷ്പ്രവൃത്തികൾക്കും എതിരെ ഉയരുന്ന വിമർശനങ്ങളെ അടിച്ചമർത്താനുള്ള ഒരു ഉപകരണമായാണ് പ്രവർത്തിക്കുന്നത്. 2016-ൽ 

ക്രിമിനൽ അപകീർത്തിയെ ശരിവെച്ച സുപ്രീം കോടതി ഇത് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്നുള്ള വിഷയത്തെ വേണ്ടത്ര പരിഗണിച്ചില്ല. അഭിപ്രായപ്രകടനത്തോടൊപ്പം, ഇപ്പോൾ രാഷ്ട്രീയ എതിർപ്പും വിയോജിപ്പും കൂടി ചേർക്കേണ്ടതുണ്ട്. ഗാന്ധിക്കെതിരായ വിധിയിൽ ആകുലത പ്രകടിപ്പിക്കുന്ന പ്രതിപക്ഷ പാർട്ടികൾ അവരുടെ കാര്യപരിപാടിയിൽ ക്രിമിനൽ അപകീർത്തി ഇല്ലാതാക്കുന്നത് ഉൾപ്പെടുത്തണം.

This editorial has been translated from English, which can be read here.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT