ADVERTISEMENT

ഏഷ്യാഡ്‌: സ്വർണ്ണ കൊയ്ത്ത് 

Published - October 03, 2023 10:35 am IST

ആഗോള കായികമത്സര വേദിയിൽ ഇന്ത്യ പ്രകടനം മെച്ചപ്പെടുത്തുകയാണ്

ങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ നാടകീയതയും, നിശ്ചയദാർഢ്യവും, ആധിപത്യവും നിറഞ്ഞ ഉജ്ജ്വലമായ ഞായറാഴ്‌ച ഇന്ത്യ അനായാസേന 50 മെഡലുകൾ പിന്നിട്ടു. ഇനിയും 100 മെഡലുകൾക്കായുള്ള മത്സരങ്ങൾ തുടരുന്നു. അത്‌ലറ്റിക്‌സിൽ നിന്നുള്ള ഒൻപത് എണ്ണം ഉൾപ്പടെ 15 മെഡലുകൾ ഇന്ത്യ ഞായറാഴ്ച കരസ്ഥമാക്കി. ഏഷ്യാഡിൽ ഇന്ത്യ ഏറ്റവുമധികം മെഡലുകൾ നേടിയ ദിവസമായിരുന്നു അത്. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഫീൽഡിലുള്ള മറ്റുള്ളവരെ നിഷ്പ്രഭരാക്കി മികച്ച മുന്നേറ്റം നടത്തിയ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോർഡോടെ രാജ്യത്തിനുവേണ്ടി ആദ്യ അത്‌ലറ്റിക്സ് സ്വർണം കൈപ്പിടിയിലൊതുക്കി. നേരെമറിച്ച്, കുറച്ച് മാസങ്ങൾക്ക് മുമ്പ് കീഴ്‌വയറിൽ പരിക്കേറ്റ ഏഷ്യൻ റെക്കോർഡ് ഉടമ തജീന്ദർപാൽ സിംഗ് തൂർ, അവസാന റൗണ്ട് പരിശ്രമത്തിലൂടെ ഷോട്ട്പുട്ട് സ്വർണം നിലനിർത്തിയത് നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിരുന്നു. നാടകീയമായ രംഗങ്ങൾക്കും ഞായറാഴ്‌ച സാക്ഷ്യം വഹിച്ചു. 100 മീറ്റർ ഹർഡിൽസിൽ തെറ്റായ തുടക്കത്തിന്റെ പേരിൽ ജ്യോതി യാറാർജിയെ ചൈനീസ് അത്‌ലറ്റ് വു യാനിക്കൊപ്പം ആദ്യം അയോഗ്യയാക്കി. പ്രതിഷേധത്തെത്തുടർന്ന് പിന്നീട് ഓടാൻ അനുമതി ലഭിച്ച ജ്യോതിയുടെ വെങ്കല മെഡൽ വു തെറ്റായ തുടക്കം നടത്തിയതിന് അയോഗ്യയാക്കപ്പെട്ടതോടെ വെള്ളിയായി ഉയർത്തപ്പെട്ടു. 2018-ൽ ജക്കാർത്തയിൽ നടന്ന കഴിഞ്ഞ ഏഷ്യാഡിൽ അത്‌ലറ്റിക്‌സ് ഇന്ത്യയ്ക്ക് ഒരു സ്വർണ്ണ ഖനിയായിരുന്നു. ഇന്ത്യ മൊത്തത്തിൽ നേടിയ 16 സ്വർണ്ണങ്ങളിൽ പകുതിയും അത്‌ലറ്റിക്‌സാണ് കൊണ്ടുവന്നത്. ടീം ഇനങ്ങളിലെ അഞ്ച് മെഡലുകൾ ഉൾപ്പടെ ഏഴ് സ്വർണ്ണം കൊണ്ടുവന്ന ഷൂട്ടിംഗും ഇത്തവണ സുപ്രധാന സംഭാവന നൽകി.

കുതിരസവാരി ടീം 41 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം സ്വർണ്ണം നേടിയതും, ഷൂട്ടിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എം.ബി.ബി.എസ്. പഠനം ഉപേക്ഷിച്ച ഗിഫ്റ്റ് കൗർ സംര വനിതകളുടെ 50 മീറ്ററിൽ ത്രീ-പൊസിഷൻ സ്വർണം ലോക റെക്കോർഡോടെ സ്വന്തമാക്കിയതും പോലുള്ള ചില അത്ഭുത കഥകളും ഇത്തവണ ഉണ്ടായി. ഏഷ്യാഡ് അരങ്ങേറ്റത്തിൽത്തന്നെ കിരീടം നേടിയ വനിതാ ടീം ക്രിക്കറ്റിനെ ഒരു ആഗോള കായിക വിനോദമാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. ചൈനയിലും ദക്ഷിണ കൊറിയയിലും 2010-ലും, 2014-ലും നടന്ന ഏഷ്യാഡുകളിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നുവെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ടീമുകളെ അയച്ചിരുന്നില്ല. ടേബിൾ ടെന്നീസിലെ വനിതാ ഡബിൾസ് സെമിഫൈനലിലെത്തി ആതിഥേയരായ ചൈനയുടെ ലോക ചാമ്പ്യൻമാരായ ചെൻ മെങ്ങിനെയും വാങ് യിദിയെയും ഞെട്ടിച്ച ഇന്ത്യയുടെ സുതീർഥ മുഖർജിയും അയ്ഹിക മുഖർജിയും അതിശയിപ്പിക്കുന്ന നിമിഷങ്ങൾ കാഴ്ചവെച്ചു. അതുപോലെ, പുരുഷ ഹോക്കി ലീഗിൽ പാക്കിസ്ഥാനെ 10-2-ന് തോൽപ്പിച്ചത് പരമ്പരാഗത വൈരികൾക്കെതിരേയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായിരുന്നു. ആതിഥേയരായ ചൈന ബാക്കിയുള്ളവരേക്കാൾ ഏറെ മുന്നിലാണ്, അവർ നേടിയ സ്വർണ്ണത്തിന്റെ എണ്ണം ഇന്ത്യയ്ക്ക് ലഭിച്ചതിനേക്കാൾ ഏകദേശം 10 മടങ്ങ് കൂടുതലാണ്. എന്നാൽ ഇന്ത്യയുടെ യുവതാരങ്ങൾ വലിയ വേദിയോട് നന്നായി പൊരുത്തപ്പെടാൻ പഠിച്ചുവെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത് ഭാവിയിലേക്ക് ശുഭപ്രതീക്ഷ നൽകുന്നു. ബാഡ്മിന്റൺ, സ്ക്വാഷ്, ടെന്നീസ്, ഗോൾഫ്, റോവിംഗ്, സെയിലിംഗ് താരങ്ങളെല്ലാം അവരുടെ പ്രകടനത്തിലൂടെ മികച്ച സംഭാവന നൽകിയിട്ടുണ്ട്. ഇനി വരുന്ന കുറച്ച് ദിവസങ്ങൾക്കൂടി സംഭവബഹുലമാകാൻ സാധ്യതയുണ്ട്.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT