ADVERTISEMENT

ഇല്ലാത്ത ന്യൂസ്‌ക്ലിക്ക് കേസ് 

Published - October 09, 2023 11:40 am IST

വ്യക്തികളുടേയും മാധ്യമങ്ങളുടേയും അവകാശങ്ങളെ തുരങ്കം വയ്ക്കാൻ തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്യാനും, ദേശീയ സുരക്ഷാ വികാരം ഉണർത്താനുമുള്ള ഭരണകൂടത്തിന്റെ അസ്വസ്ഥജനകമായ പ്രവണതയെ ഈ കേസ് തുറന്നുകാട്ടുന്നു

ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനായ പ്രബിർ പുർകയസ്തയ്‌ക്കും മറ്റുള്ളവർക്കുമെതിരെ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്‌ത എഫ്‌.ഐ.ആർ. വ്യാപകമായ ആരോപണങ്ങളുടെ അവ്യക്തമായ ഒരു സംയോജനമാണ്. തീവ്രവാദം എന്നല്ല, പ്രത്യേകിച്ച് ഒരു കുറ്റവും ഇതിൽ വെളിപ്പെടുന്നില്ല. പ്രസിദ്ധീകരിച്ച ഉള്ളടക്കമൊന്നും ഉദ്ധരിക്കാതെ, രാജ്യത്തിന്റെ സുരക്ഷയെ തകർക്കാനുള്ള ഗൂഢാലോചന, 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തിയത്, സർക്കാരിനെതിരെ അതൃപ്തി ഉണ്ടാക്കിയത്, അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തിയത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ എഫ്‌.ഐ.ആർ. ആരോപിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യു.എ.പി.എ.) വ്യവസ്ഥകളും, ഗൂഢാലോചനയ്ക്കും, വിവിധ സമൂഹങ്ങൾ തമ്മിൽ ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനും എതിരെയുള്ള ശിക്ഷാ നിയമങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നിയമവിരുദ്ധ പ്രവർത്തനമെന്നോ തീവ്രവാദ പ്രവർത്തനമെന്നോ വിശേഷിപ്പിക്കാവുന്ന ഏതെങ്കിലും പ്രത്യക്ഷമായ പ്രവൃത്തിയെക്കുറിച്ച് അതിൽ പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സർക്കാരിനെതിരെ അതൃപ്തി ഉളവാക്കുക, രാജ്യത്തിന്റെ പരമാധികാരവും, പ്രദേശിക അഖണ്ഡതയും തകർക്കുക, ഐക്യത്തിനും സുരക്ഷയ്ക്കും ഭീഷണിയുയർത്തുക എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്തോട് ശത്രുത പുലർത്തുന്ന ശക്തികൾ അനധികൃതമായി ഇന്ത്യയിലേക്ക് പണം അയച്ചതായി പൊതുവായ ഒരു വിവരണമുണ്ട്. അരുണാചൽ പ്രദേശും കശ്മീരും “ഇന്ത്യയുടെ ഭാഗമല്ല” എന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്ന ഇമെയിൽ സന്ദേശങ്ങളെ അടിസ്ഥാനമാക്കിയ ഒരു ‘ഗൂഢാലോചനയും’, 2020-21-ലെ കർഷക പ്രക്ഷോഭം നീട്ടിക്കൊണ്ടുപോകാനും അതുവഴി സേവനങ്ങളുടേയും അവശ്യവസ്തുക്കളുടേയും ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കങ്ങളും ഇതിൽ പരാമർശിക്കുന്നു.

 മൊത്തത്തിൽ നോക്കുമ്പോൾ, “ചൈനീസ്” നിക്ഷേപം കുപ്രചരണത്തിനും, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും, രാജ്യത്തിന്റെ സുരക്ഷയെ തകർക്കുന്നതിനും ഉപയോഗിക്കുന്നു എന്ന കേസ് കെട്ടിപ്പടുക്കാൻ ന്യൂസ്‌ക്ലിക്കിൽ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗം നടത്തിയ നിക്ഷേപം അതിന്റെ വാർത്താസംബന്ധിയായ ഉള്ളടക്കവുമായി പോലീസ് ചേർത്തുവെയ്ക്കുകയാണെന്ന് വ്യക്തമാണ്. യു.എ.പി.എ. ഇത്തരം ദുരുപയോഗത്തിന് ഏറെ സഹായകരമാണ്; കാരണം അതിന്റെ വിശാലമായ നിർവചനം ആളുകളെ അവരുടെ പ്രവൃത്തികൾക്ക് മാത്രമല്ല, ‘സമൂഹത്തിനെതിരെയുള്ള ചിന്തകൾക്കും’ കുറ്റാരോപിതരാക്കാൻ സഹായിക്കും. വിയോജിപ്പുള്ളവരുടേയും ഇഷ്ടമില്ലാത്തവരുടേയും തടവുശിക്ഷ നീട്ടുന്നതിന് മാത്രമല്ല, മാധ്യമ പ്രവർത്തകരെ മൊത്തത്തിൽ നിയമനടപടികൾ കാട്ടി വരുതിയിൽ നിർത്താനുള്ള ഒരു സന്ദേശം കൂടിയാണ് യു.എ.പി.എയുടെ പ്രയോഗം. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ചൈനീസ് ഗൂഢാലോചനാ’ സിദ്ധാന്തം ഉയർത്തിക്കാട്ടി ഭരണത്തിലുള്ള ബി.ജെ.പി. നേട്ടം കൊയ്യുന്നത് ഇതിന്റെ ഉപോല്പന്നമാണ്. രണ്ട് ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ ഷെൽ കമ്പനികൾ സ്ഥാപിച്ചത് ഇതുമായി ബന്ധമില്ലാത്ത ഒരു എഫ്‌.ഐ.ആറിൽ ഒരു പരാമർശത്തേക്കാൾ അധികം പ്രാധാന്യം അർഹിക്കുന്നുണ്ടോ എന്നതും, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇവയെ കേന്ദ്രീകരിച്ച് ഒരു പ്രത്യേക അന്വേഷണം ആവശ്യമാണോ എന്നതും ഇതുമായി ബന്ധപ്പെട്ട ചോദ്യമാണ്. ഈ കമ്പനികളുടെ പ്രതിരോധത്തിനായി ഒരു നിയമ ശൃംഖല സൃഷ്ടിക്കാൻ സഹായിച്ചവരിൽ ഒരു അഭിഭാഷകനും ഉണ്ടെന്ന് പരാമർശിക്കുമ്പോൾ, നിയമ സേവനങ്ങൾ നൽകുന്നത് കുറ്റകൃത്യമായി മാറ്റുന്ന കാര്യം പോലീസ് പരിഗണിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. ഈ കേസ് അസ്വസ്ഥജനകമായ ഒരു പ്രവണതയെ സൂചിപ്പിക്കുന്നു: വ്യക്തികളുടേയും മാധ്യമങ്ങളുടേയും അവകാശങ്ങളെ തുരങ്കം വയ്ക്കാൻ തീവ്രവാദ വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്യാനും, ദേശീയ സുരക്ഷാ വികാരം ഉണർത്താനുമുള്ള ഭരണകൂടത്തിന്റെ അസ്വസ്ഥജനകമായ താല്പര്യം. 

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT