ADVERTISEMENT

ജാതി സർവേ: സമത്വവും സ്വത്വവും

October 06, 2023 11:47 am | Updated 11:47 am IST

വിഭവങ്ങളുടെ തുല്യമായ വിതരണം ജാതി സ്വത്വത്തിന് ഊന്നൽ നൽകിക്കൊണ്ടാകരുത്

ഒരു ജാതി സർവേ നടത്തി ജനസംഖ്യയുടെ ജാതി തിരിച്ചുള്ള കണക്ക് ബീഹാർ പ്രസിദ്ധീകരിച്ചതിന്റെ പ്രാധാന്യം വളരെ വലുതാണ്. രണ്ട് ഘട്ടങ്ങളായി നടത്തിയ പ്രക്രിയ വീടുകൾ പട്ടികയിൽ ഉൾപ്പെടുത്തുന്നതും, വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതും ഉൾപ്പടെ ഒരു ജനസംഖ്യാകണക്കെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പിന്തുടർന്നു. ബീഹാറിലെ 13 കോടി ജനസംഖ്യയിൽ 63 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളും (ഇ.ബി.സി.), മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒ.ബി.സി.) ആണെന്ന് സർവേ കണ്ടെത്തി. വ്യക്‌തികളുടെ സാമൂഹിക-സാമ്പത്തിക വിവരങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വിശദാംശങ്ങൾ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ദേശീയ തലത്തിൽ, ഇത് രാജ്യവ്യാപകമായി ജാതി കണക്കെടുപ്പ് എന്ന രാഷ്ട്രീയ ആവശ്യത്തിന് ഉത്തേജനം നൽകുകയും, വിദ്യാഭ്യാസത്തിലും സർക്കാർ സേവനങ്ങളിലും മൊത്തം സംവരണത്തിന്റെ നിയമപരമായ പരിധിയായ 50 ശതമാനം പുനഃപരിശോധിക്കുന്നതിലേക്ക് കോടതി വ്യവഹാരത്തെ തള്ളിവിടുകയും ചെയ്തേക്കാം. കക്ഷിരാഷ്ട്രീയത്തിന്റെ കാര്യത്തിൽ, തങ്ങളെ പിന്തുണക്കുന്ന ഒരു വലിയ അടിത്തറയായി എല്ലാ വിഭാഗം ഹിന്ദുക്കളേയും ഏകീകരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയും, ഒ.ബി.സിയിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണകൊണ്ട് പിടിച്ചു നിൽക്കുന്ന മറ്റ് പാർട്ടികളും തമ്മിലുള്ള പരമ്പരാഗത പോരാട്ടത്തിൽ ഇത് ഒരു പുതിയ അധ്യായം തുറന്നേക്കാം. ഒ.ബി.സികളുടെ പിന്തുണയിൽ പിടിച്ചുനിന്ന കക്ഷികളെ ഹിന്ദുത്വ രാഷ്ട്രീയം തകിടം മറിച്ചതായി കാണപ്പെടുന്നുണ്ടെങ്കിലും, സ്വാധീനമുള്ള സാമൂഹിക ഗ്രൂപ്പുകൾ തങ്ങളുടെ അംഗബലം ചൂണ്ടിക്കാട്ടി രാഷ്ട്രീയ വർഗ്ഗത്തെകൊണ്ട് കാര്യങ്ങൾ നേടിയെടുക്കാൻ ഈ അവസരം ഉപയോഗിച്ചേക്കാം. നിയമപരമായി, വിവിധ സംസ്ഥാനങ്ങളിൽ ലഭിക്കുന്ന സംവരണത്തിന്റെ അളവിനെ ന്യായീകരിക്കാൻ കോടതികൾ ആവശ്യപ്പെടുന്ന തരം ‘അളക്കാവുന്ന വിവരങ്ങൾ’ അവതരിപ്പിക്കാൻ ഈ കണക്കുകൾ ഉപയോഗിച്ചേക്കാം.

ബീഹാറിൽ നടത്തിയ സർവേ ജാതി കണക്കെടുപ്പ് എങ്ങനെ നടത്തണം എന്നതിന്റെ ഒരു മാതൃകയാണ്. സംസ്ഥാനത്തെ നിലവിലുള്ള പട്ടികയിൽ ഉൾപ്പെട്ട 214 ജാതികളിൽ ഓരോന്നിനും ഓരോ പ്രത്യേക കോഡ് നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു. ഉപജാതികളും വിഭാഗങ്ങളും മുൻകൂട്ടി തിരിച്ചറിഞ്ഞ് വിശാലമായ ജാതി നാമത്തിൽ ഉൾപ്പെടുത്തി. ഇതിനർത്ഥം, പ്രതികരിക്കുന്നയാൾ നൽകുന്ന ഏത് ജാതി നാമത്തിനും കണക്കെടുപ്പ് നടത്തുന്നയാൾക്ക് ഒരു കോഡ് നൽകാനാവും എന്നാണ്. കേന്ദ്ര സർക്കാർ അതിന്റെ 2011-ലെ ‘സാമൂഹിക-സാമ്പത്തിക-ജാതി കണക്കെടുപ്പിന്റെ’ ജാതി സംബന്ധിയായ വിശദാംശങ്ങൾ പുറത്തുവിടാത്തതിന്റെ ഒരു പ്രധാന കാരണം, അത് നൽകിയ കണക്കുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതും ഒതുക്കമില്ലാത്തതും ആയിരുന്നു എന്നതാണ്. ജാതി ഏതാണെന്ന് ചോദിക്കുമ്പോൾ ജനങ്ങൾ ജാതി, ഉപജാതി, വിഭാഗങ്ങൾ, കുലങ്ങൾ, കുടുംബപ്പേരുകൾ എന്നിവ ഉത്തരമായി നൽകിയതുകൊണ്ടാകാം 46 ലക്ഷം ജാതികളുണ്ടെന്നാണ് ഈ കണക്കുകൾ പറയുന്നത്. കൃത്യമായ ജാതി സംഖ്യകൾ അറിയുന്നതിന് പ്രവർത്തനപരവും പ്രായോഗികവുമായ നേട്ടങ്ങൾ ഉണ്ടെങ്കിലും, ഭരണഘടനയുടെ ആത്യന്തിക ലക്ഷ്യം ഒരു ജാതിരഹിത സമൂഹമാണ് എന്നത് ഓർക്കേണ്ടതുണ്ട്. സമൂഹത്തിലെ അസമത്വങ്ങളെ അഭിസംബോധന ചെയ്യാൻ ശക്തമായ നടപടികൾ സഹായിക്കുന്നു. ജാതി സ്വത്വത്തിന് ഊന്നൽ നൽകാതെ അവസര സമത്വവും വിഭവങ്ങളുടെ തുല്യമായ വിതരണവും ഉറപ്പാക്കാനുള്ള വഴികൾ ഭരണകൂടം കണ്ടെത്തണം.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT