ADVERTISEMENT

ദുർനിമിത്തമായ അമിതപ്രതികരണം 

January 27, 2023 11:16 am | Updated 11:56 am IST

ബി.ബി.സി. ഡോക്യുമെന്ററി തടഞ്ഞതും ആളുകളെ അറസ്റ്റ് ചെയ്തതും അനാവശ്യമായിരുന്നു

2002-ലെ ഗുജറാത്ത് വംശഹത്യയും അതേത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളേയും ചോദ്യം ചെയ്യുന്ന ബി.ബി.സി. ഡോക്യുമെന്ററിയുടെ പ്രകാശനത്തിനു ശേഷം നടന്ന സംഭവങ്ങളെ ഒരുതരം ‘സ്‌ട്രെയിസാൻഡ് ഇഫക്റ്റ്’ എന്ന് മാത്രമേ വിളിക്കാനാവൂ. 2021-ലെ ഐ.ടി. നിയമങ്ങൾ, 2000-ലെ ഐ.ടി. ആക്ടിന്റെ സെക്ഷൻ 69A, എന്നിവയ്ക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച്  വിവിധ വെബ്സൈറ്റുകളിൽനിന്ന് ആദ്യ അദ്ധ്യായം നീക്കംചെയ്യാൻ നിർദ്ദേശം നൽകിയതിന് ശേഷം, വാർത്താവിതരണ മന്ത്രാലയം അതുമായി ബന്ധിപ്പിക്കുന്ന 50-ലധികം ട്വീറ്റുകൾ ഇല്ലാതാക്കുകയും ചെയ്തു. എന്നാൽ പൊതുപ്രദർശനങ്ങളും സ്മാർട്ഫോൺ വഴിയുള്ള പങ്കുവെക്കലുകളും നിമിത്തം കൂടുതൽ ആളുകൾ ഇത് കാണാനിടയായി. ഇത് ‘സ്‌ട്രെയിസാൻഡ് ഇഫക്റ്റിന്’, അഥവാ വിവരങ്ങൾ അടിച്ചമർത്തുന്നത് മൂലം കൂടുതൽ അവബോധം സൃഷ്ടിക്കപ്പെടുകയും ഉദ്ദേശിക്കാത്ത അനന്തരഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിന്‌, ഉത്തമ ഉദാഹരണമാണ്. ഡൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയിൽ പ്രദർനം നടത്താൻ പോകുന്നുവെന്ന കാരണത്താൽ 13 വിദ്യാർത്ഥികളെ പോലീസ് അറസ്റ്റുചെയ്തത് പോലെയുള്ള നടപടികൾ അനാവശ്യമായ പ്രതികരണവും അധികാര ദുർവിനിയോഗവുമാണ്. നിലവിലുള്ള ഭരണകൂടത്തെ വിമർശിക്കുന്നു എന്ന ഒറ്റക്കാരണത്താൽ മാധ്യമ ഉള്ളടക്കത്തിന്റെ പ്രചാരം ഏകപക്ഷീയമായി തടയുന്നത് ശരിയായ നടപടിയല്ല. ഡോക്യുമെന്ററി വ്യാജപ്രചാരണം നടത്തുന്നുവെന്നും, കോളനി മനോഭാവമുള്ളതാണെന്നും പറഞ്ഞുകൊണ്ട് അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് തടയുന്ന സർക്കാരിന്റെ നടപടി ന്യായീകരിക്കാനാവില്ല, പ്രത്യേകിച്ച് ഇത് വംശഹത്യയുടേയും അനന്തരഫലങ്ങളുടേയും തുടർച്ചയായ ഒരു വാർത്താവതരണം എന്ന രീതിയിൽ വീക്ഷിക്കുമ്പോൾ. എന്തായാലും, പ്രചാരണത്തെ എതിർക്കേണ്ടത് മറ്റൊരു പ്രചാരണത്തിലൂടെയാണ്, അല്ലാതെ നീക്കം ചെയ്യലിലൂടെയല്ല.

കൂട്ടക്കൊലയിലേക്ക് നയിച്ച സംഭവങ്ങൾ, ഭീകരമായ കുറ്റകൃത്യങ്ങൾ, അന്നത്തെ ഭരണകൂടത്തിന്റെ നിസ്സംഗത, ക്രമസമാധാന നടപടികൾക്ക് വേണ്ടത്ര സഹായം ലഭിക്കാത്തത് എന്നിവയെല്ലാം ഇന്ത്യൻ മാധ്യമങ്ങൾ നന്നായി രേഖപ്പെടുത്തുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ മാത്രമല്ല, മറ്റിടങ്ങളിലേയും രാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിച്ച ഇന്ത്യയുടെ ചരിത്രത്തിന്റെ ഒരു ഭാഗത്തെക്കുറിച്ചുള്ള മറ്റൊരു മാധ്യമ അന്വേഷണം മാത്രമാണ് ബി.ബി.സി. ഡോക്യുമെന്ററി. അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ആദ്യ ഭാഗം ഓൺലൈനിൽ തടഞ്ഞത് അത് “വ്യാജവാർത്ത പ്രചരിപ്പിക്കുന്നു” എന്നതുകൊണ്ടാണെന്ന വാർത്താവിതരണ മന്ത്രാലയത്തിന്റെ ന്യായീകരണം വിലക്കെടുക്കാനാവില്ല. മാത്രമല്ല ഇത് അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച പ്രശ്നമായല്ല, മറിച്ച് ഭരണകൂടം അധികാരം ഉറപ്പിക്കാൻ ഐ.ടി. നിയമങ്ങൾ ഉപയോഗിക്കുന്ന സമീപകാല പ്രവണതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഓൺലൈൻ വാർത്താ പ്രസിദ്ധീകരണങ്ങളിൽ സർക്കാർ നിയന്ത്രണം വർദ്ധിപ്പിക്കാൻ അനുവദിക്കുന്നതിനായി 2021 ഫെബ്രുവരിയിൽ ഐ.ടി. നിയമങ്ങൾ ഭേദഗതി ചെയ്തിരുന്നു. ഇതിന്മേലുള്ള വാദം ഇപ്പോൾ കോടതികൾ കേട്ടുകൊണ്ടിരിക്കുകയാണ്. സമീപകാല ഹൈക്കോടതി ഉത്തരവുകളും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ വിലയിരുത്തുകയും ഡിജിറ്റൽ വേദികളിലെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾ താൽക്കാലികമായി സ്തംഭിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഡിജിറ്റൽ മാധ്യമ വ്യവസ്ഥയുടെ യഥാർത്ഥ ശാപമായ വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും നിയന്ത്രിക്കാൻ ഐ.ടി. നിയമങ്ങൾ ഉപയോഗിക്കുന്നതിനേക്കാളധികം, വിമർശനാത്മകമായ ഉള്ളടക്കം തടയുന്നതിലാണ് കേന്ദ്ര സർക്കാർ കൂടുതൽ ഉത്സുകത കാണിക്കുന്നതെന്ന് അതിന്റെ പ്രവർത്തനങ്ങളിൽ നിന്ന് വ്യക്തമാണ്.

This editorial was translated from English, which can be read here.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT