ADVERTISEMENT

കാർഗിൽ തിരഞ്ഞെടുപ്പ്: തദ്ദേശീയ വികാരങ്ങൾ

October 11, 2023 11:14 am | Updated 11:14 am IST

കാർഗിൽ വോട്ടർമാരുടെ രാഷ്ട്രീയ സന്ദേശത്തിന് കേന്ദ്രം ചെവികൊടുക്കണം 

ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ-കാർഗിൽ (എൽ.എ.എച്ച്‌.ഡി.സി-കെ) തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് (എൻ.സി.)-കോൺഗ്രസ് സഖ്യം തകർപ്പൻ വിജയം കരസ്ഥമാക്കി. 2019-ൽ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത് മുതൽ നാലു വർഷത്തിലേറെയായി കാർഗിലിൽ അതിന്റെ പിന്തുണ വർദ്ധിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി നടത്തിയ ശ്രമങ്ങളെ ഇല്ലാതാക്കുന്നതായിരുന്നു ഈ വിജയം. 2019-ന് ശേഷം കാർഗിൽ സമ്മതിദായകരുടെ ആദ്യ പ്രതികരണമാണിത്. മുൻ സംസ്ഥാനമായ ജമ്മു കശ്മീരിന്റെ (ജെ&കെ) പ്രത്യേക ഭരണഘടനാ പദവി അവസാനിപ്പിക്കാനും 2019 ഓഗസ്റ്റ് 5-ന് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും കേന്ദ്രം തീരുമാനിച്ചപ്പോൾ മുസ്ലീം ഭൂരിപക്ഷമുള്ള കാർഗിലും ബുദ്ധമത ഭൂരിപക്ഷമുള്ള ലേ ജില്ലകളും ഉൾപ്പെടുന്ന ലഡാക്കിന് കേന്ദ്ര ഭരണ പ്രദേശ (യു.ടി.) പദവി ലഭിച്ചു. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിലേ 2020-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വിജയിച്ചിരുന്നു. ജമ്മു കശ്മീരിലെ പാർട്ടികൾ യു.ടി.യിലും എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്താൻ ആഹ്വാനം നൽകിയിരുന്നു. കാർഗിലിൽ 26-അംഗ കൗൺസിലിൽ എൻ.സി. 12 സീറ്റും കോൺഗ്രസ് 10 സീറ്റും നേടിയപ്പോൾ ബി.ജെ.പിക്ക് രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പിൽ 77.61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന തദ്ദേശീയരിൽ ഗണ്യമായ ഒരു പങ്ക് വോട്ട് രേഖപ്പെടുത്താൻ മടങ്ങിയെത്തി. ഈ തെരഞ്ഞെടുപ്പുകളെ തദ്ദേശീയ വോട്ടർമാർ എത്ര ഗൗരവത്തോടെയാണ് വീക്ഷിച്ചത് എന്നതിന്റെ പ്രതിഫലനമാണിത്. കാർഗിലിൽ ആകെ പട്ടികയിൽ ചേർക്കപ്പെട്ട 74,026 വോട്ടർമാരുണ്ട്. ഇവർ പർവതങ്ങളിൽ അങ്ങിങ്ങായി ചിതറി കിടക്കുന്നു.

ഭൂമി, സംസ്കാരം, തൊഴിലുകൾ, ഭാഷകൾ, പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്നതിനായി ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം ലഡാക്കിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് വർഷമായി ബുദ്ധമതക്കാരും ഷിയ മുസ്ലീങ്ങളും സംയുക്തമായി പ്രതിഷേധിച്ചിരുന്നു. ജമ്മു കശ്മീരുമായി പുനരേകീകരിക്കുന്നതിനോ ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകുന്നതിനോ വേണ്ടിയുള്ള ആവശ്യം ഇപ്പോഴും നിലനിൽക്കുന്നു. വികസന സംരംഭങ്ങൾ, പ്രത്യേകിച്ച് റോഡുകളുടെ വിപുലീകരണം, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, താഴേത്തട്ടിലുള്ള ജോലികളിൽ തദ്ദേശവാസികൾക്കായുള്ള സംവരണം എന്നിവ കാർഗിലിൽ തങ്ങളുടെ അടിത്തറ വിശാലമാക്കുമെന്ന് ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നു. 2019-ലെ ജമ്മു കശ്മീർ പുനഃസംഘടനയുടെ ഹിതപരിശോധനയായി ആണ് എൻ.സി. ഈ തെരഞ്ഞെടുപ്പുകളെ കണ്ടത്. ഈ വർഷം ഓഗസ്റ്റിൽ ഒരാഴ്ചയിലേറെ ബൈക്കിൽ ലഡാക്കിൽ പര്യടനം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, വിവിധ സാമൂഹിക-രാഷ്ട്രീയ സംഘങ്ങളുടെ കൂട്ടായ്മയായ കാർഗിൽ ഡെമോക്രാറ്റിക് അലയൻസിന്റെ (കെ.ഡി.എ.) ആവശ്യങ്ങൾക്ക് പിന്തുണ നൽകിയ പാർട്ടിയിലെ ആദ്യത്തെ മുതിർന്ന നേതാവായി. ഈ കൂട്ടായ്മ ഭൂമിക്കും ജോലിക്കുമായി പ്രത്യേക ഭരണഘടനാ ഉറപ്പുകളും കാർഗിൽ ജില്ലയ്ക്ക് പ്രത്യേക ലോകസഭാ സീറ്റും ആവശ്യപ്പെടുന്നുണ്ട്. നിലവിൽ, ലേയും കാർഗിലും ഒരു ലോകസഭാ സീറ്റിന്റെ ഭാഗമാണ്. ലഡാക്കിന്റെ അന്തിമ പദവി വൈകാരിക വിഷയമായി തുടരുന്നു എന്നതാണ് കാർഗിൽ വോട്ടർമാർ ബി.ജെ.പിക്ക് നൽകിയ വലിയ സന്ദേശം. കൂടാതെ, പ്രത്യേക പരിരക്ഷകളും ഭരണഘടനാപരമായ അംഗീകാരവും, തിരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭയും ഇല്ലാതെയുള്ള വികസന മുന്നേറ്റം തദ്ദേശീയരുടെ വികാരങ്ങളെ സമാശ്വസിപ്പിക്കില്ല.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT