ADVERTISEMENT

ഹമാസ് ആക്രമണം: ആദിപാപം

October 10, 2023 11:46 am | Updated 11:46 am IST

ശാശ്വത സമാധാനത്തിന് പാലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണം

700-ഓളം പേർ കൊല്ലപ്പെട്ട ഇസ്രായേലിന് നേരെ ശനിയാഴ്ച ഹമാസ് നടത്തിയ അഭൂതപൂർവമായ ആക്രമണം, അധിനിവേശം ചെയ്യപ്പെട്ടതും ഉപരോധിക്കപ്പെട്ടതുമായ പാലസ്തീൻ പ്രദേശങ്ങളിലെ സാഹചര്യത്തിന്റെ സുസ്ഥിരതയില്ലായ്മയുടേയും, ഹമാസിനെപ്പോലുള്ള ഭരണകൂട ഇതര സംഘടനകൾ ഇസ്രായേലിന് നേരെ ഉയർത്തുന്ന ഭീഷണികളുടേയും ഓർമ്മപ്പെടുത്തലാണ് – അവരുടെ സൈനിക, രഹസ്യാന്വേഷണ ഏജൻസികൾ എത്ര ശക്തമാണെങ്കിലും. മാസങ്ങളായി വെസ്റ്റ്ബാങ്കിൽ പിരിമുറുക്കം വർദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും, ഗാസയിൽ നിന്ന് ഇത്തരമൊരു ഏകോപിതവും, സാങ്കേതിക വിദ്യ കുറഞ്ഞതെങ്കിലും മാരകവുമായ കടന്നുകയറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ വെസ്റ്റ്ബാങ്കിൽ ദിവസേന അക്രമം നടക്കുന്നുണ്ട്. ശനിയാഴ്ചത്തെ ആക്രമണത്തിന് മുമ്പ് ഈ വർഷം മാത്രം 200 പാലസ്തീൻകാരും 30 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. ബെഞ്ചമിൻ നെതന്യാഹു സർക്കാർ അക്രമ സംഭവങ്ങളെ ഏറെക്കുറെ അവഗണിക്കുകയും നീതിന്യായ വ്യവസ്ഥയുടെ അഴിച്ചുപണി ഉൾപ്പെടെയുള്ള മറ്റ് നയപരിപാടികളുമായി മുന്നോട്ട് പോകുകയും ചെയ്തു. ഗാസയിലെ സ്ഥിതിഗതികൾ കലുഷിതമാണെങ്കിലും നിയന്ത്രണത്തിലാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, ഇസ്രായേൽ സൈന്യം സ്ഥിതിഗതികളെ “സുസ്ഥിരമായ അസ്ഥിരത” എന്ന് വിശേഷിപ്പിച്ചു. പിന്നീടായിരുന്നു ഈജിപ്തും സിറിയയും ഇസ്രായേലിനെ വിറപ്പിച്ച 1973-ലെ യോം കിപ്പൂർ യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ഹമാസ് ആക്രമണം. 1990-കളിലും 2000-കളുടെ തുടക്കത്തിലും ചാവേർ ആക്രമണങ്ങൾ നടത്തിയ ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയായ ഹമാസ്, പൊതുജനങ്ങളും സൈനികരും തമ്മിൽ ഒരു വേർതിരിവും കാണിച്ചില്ല. അത് സമീപകാല ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ പ്രഹരമാണ് ഇസ്രായേലിന് നൽകിയത്.

ആക്രമണം ധാർമ്മികവും പ്രായോഗികവുമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇസ്രായേലി പൊതുജനങ്ങൾക്കെതിരായ ഹമാസിന്റെ വിവേചനരഹിതമായ അക്രമം വെറുപ്പുളവാക്കുന്നതാണ്. അത് പാലസ്തീന്റെ ലക്ഷ്യത്തെ ഒരു തരത്തിലും സഹായിക്കാൻ പോകുന്നില്ല. നേരെമറിച്ച്, പൊതുജനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളെ അതേരീതിയിൽ ഇസ്രായേലും അവഗണിക്കുന്നതിനാൽ ഉപരോധിക്കപ്പെട്ട പ്രദേശത്തെ കൂടുതൽ പാലസ്തീനികളുടെ ജീവൻ അപകടത്തിലാകും. അതേസമയം, ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അധിനിവേശത്തിന്റെ നുകത്തിൻ കീഴിലുള്ള പാലസ്തീൻ പ്രദേശങ്ങൾ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നിപർവ്വതമാണ്. സമാധാന പ്രക്രിയയില്ല. സുരക്ഷാ തടകളും ചെക്ക്‌പോസ്റ്റുകളും ഉയർത്തി, പാലസ്തീൻ നീക്കങ്ങൾ പരിമിതപ്പെടുത്തി, സംഘടിത പാലസ്തീനികളെ നിയന്ത്രണത്തിലാക്കാൻ ബലപ്രയോഗമോ കൂട്ടായ ശിക്ഷയോ പ്രയോഗിക്കാൻ ഒരിക്കലും മടിക്കാതെ, ഇസ്രായേൽ വെസ്റ്റ്ബാങ്കിൽ അധിവാസകേന്ദ്രങ്ങൾ നിർമ്മിക്കുന്നത് തുടരുന്നു. ഈ അവസ്ഥ പാലസ്തീനികളെ കൂടുതൽ തീവ്ര ചിന്താഗതിയുള്ളവരാക്കി മാറ്റുകയും ഹമാസിനെ കൂടുതൽ ശക്തമാക്കുകയും ചെയ്തു. ഇസ്രായേൽ ഇപ്പോൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ മുൻകാല ആക്രമണങ്ങൾ – കര വഴിയുള്ള അധിനിവേശവും, വ്യോമാക്രമണങ്ങളും – ഹമാസിനെ കാര്യമായി ദുർബലപ്പെടുത്തിയിട്ടില്ല. ഇസ്രായേൽ-അറബ് അനുരഞ്ജനം മുതൽ ഇറാൻ-സൗദി പിരിമുറുക്കം വരെയുള്ള ഭൗമരാഷ്ട്രീയ പുനഃക്രമീകരണങ്ങൾക്ക് പശ്ചിമേഷ്യയും സമീപ വർഷങ്ങളിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ ഈ മാറ്റങ്ങൾ പശ്ചിമേഷ്യയുടെ ആദിപാപമായ പാലസ്തീന്റെ അധിനിവേശത്തെ സൗകര്യപൂർവ്വം ഒഴിവാക്കി, തൽസ്ഥിതി നിലനിൽക്കാൻ അനുവദിച്ചു. എന്നാൽ പരിണതഫലങ്ങളില്ലാതെ നിലവിലെ സ്ഥിതി തുടരില്ല. ഇസ്രായേലും മറ്റ് പ്രാദേശിക, അന്തർദേശീയ ശക്തികളും മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ ശ്രദ്ധ പാലസ്തീൻ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിലേക്ക് തിരിയണം. കാതലായ പ്രശ്നം പരിഹരിക്കാതെയുള്ള സൈനിക നടപടികൾ ഉപരിപ്ലവമായ ഇടപെടലുകൾ മാത്രമായിരിക്കും.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT