ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പുകൾ: സുപ്രധാന പോരാട്ടം

October 11, 2023 11:23 am | Updated 11:23 am IST

ഉണർവ്വ് വീണ്ടെടുത്ത കോൺഗ്രസ് ചാതുര്യത്തിലും, സാമ്പത്തിക ശേഷിയിലും മുൻതൂക്കമുള്ള ബി.ജെ.പിയെ നേരിടുന്നു

അടുത്ത മാസം നടക്കാനിരിക്കുന്ന ഛത്തീസ്ഗഡ്, മിസോറാം, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളെ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനൽ ആയി കാണുന്ന ഒരു പ്രവണതയുണ്ടെങ്കിലും, അങ്ങനെ തുലനം ചെയ്യുന്നത് ശരിയല്ല. കാരണം ഈ സംസ്ഥാനങ്ങൾക്കെല്ലാം ലോകത്തെ ചില സുപ്രധാന രാജ്യങ്ങളെക്കാളധികം ജനസംഖ്യയും, പ്രത്യേക തിരഞ്ഞെടുപ്പ് വിഷയങ്ങളുമുണ്ട്. മൂന്ന് സംസ്ഥാനങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിലുള്ള ദ്വിധ്രുവ മത്സരമാണെങ്കിൽ, മിസോറാമിലും തെലങ്കാനയിലും പ്രാദേശിക പാർട്ടികൾക്കാണ് പ്രാധാന്യമെന്നത് ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു. ഹിന്ദി സംസാരിക്കുന്ന വലിയ ജനസംഖ്യയുള്ള മൂന്ന് വടക്കൻ-മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലും, കേന്ദ്ര സർക്കാരിന്റെ ജനപ്രീതി മുതലെടുക്കാനും അതിന്റെ മറയില്ലാത്ത ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനുള്ള പിന്തുണ വർദ്ധിപ്പിക്കാനും ബി.ജെ.പി. ശ്രമിക്കുന്നു. ഒരു ജാതി സെൻസസ് വാഗ്ദാനം ചെയ്തും, ക്ഷേമ നടപടികൾ നടപ്പിലാക്കുന്നതിൽ പാർട്ടിക്കുള്ള ചരിത്രം ഉയർത്തിക്കാട്ടിയും, നടപ്പിലാക്കുമെന്ന് ഉറപ്പുള്ള പ്രതിജ്ഞകളുടെ ഒരു പട്ടിക നിരത്തിയും ഇത് മറികടക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. രാജസ്ഥാനിൽ, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്റെ സർക്കാരിന്റെ ക്ഷേമ നടപടികളുടെ പേരിൽ ജനപ്രിയനായി തുടരുന്നു. വിഭാഗീയതയുടെ ഭീഷണി തൽക്കാലത്തേയ്ക്ക് ശമിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് എം‌.എൽ‌.എമാരെക്കുറിച്ച് അത്ര വിശ്വാസം ഇല്ലാത്തതിനാൽ അധികാരം നിലനിർത്താനുള്ള പാർട്ടിയുടെ ദൗത്യം സങ്കീർണ്ണമാകുന്നു. മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ 18 വർഷമായി ഭരണത്തിലാണ്. സമ്പദ്‌വ്യവസ്ഥ, സാമൂഹിക വിവേചനം എന്നീ വിഷയങ്ങളിലെ സർക്കാർ നടപടികൾ ഭരണ വിരുദ്ധ വികാരം ഉണർത്തിയിട്ടുണ്ട്. എന്നാൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വളക്കൂറുള്ള മണ്ണ് ബി.ജെ.പിക്ക് പ്രതിജ്ഞാബദ്ധരായ ഒരു കൂട്ടം സമ്മതിദായകരെ നൽകുകയും, അവർ പാർട്ടിയെ ഭരണത്തിൽ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡിൽ, മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഭിന്നത തടയാൻ കഴിഞ്ഞു. കൂടാതെ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ – കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, വിളകളുടേയും, ചെറുകിട വന ഉൽപന്നങ്ങളുടേയും താങ്ങുവില വർദ്ധന – എന്നിവ ചൂണ്ടിക്കാട്ടി ഇദ്ദേഹം പോരാട്ടത്തിനിറങ്ങുന്നു. സമ്മതിദായകരുടെ പ്രാദേശിക സ്വത്വബോധത്തെയും ബാഗേൽ ഉണർത്താൻ ശ്രമിക്കുന്നു. എന്നാൽ ബി.ജെ.പി. വീണ്ടും ഇതൊരു ഇഞ്ചോടിഞ്ച് പോരാട്ടമാക്കി മാറ്റുമെന്ന ഭീഷണി ഉയർത്തുന്നു. ഭാരത് ജോഡോ യാത്രയ്ക്കും പാർട്ടി തെരഞ്ഞെടുപ്പിനും ശേഷം ഉണർവ്വ് വീണ്ടെടുത്ത കോൺഗ്രസ് ഈ മൂന്ന് സംസ്ഥാനങ്ങളിലും മികച്ച സാമ്പത്തികശേഷിയും വിഭവശേഷിയുമുള്ള ബി.ജെ.പിയെ നേരിടാൻ സംഘടനാപരമായ ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. കൂടാതെ പാർട്ടിയുടെ പ്രകടനം 2024 തെരഞ്ഞെടുപ്പിൽ ഫലപ്രദമായി മത്സരിക്കാനുള്ള കഴിവിനെ നിർണ്ണയിക്കുമെന്നും പാർട്ടി കരുതുന്നു. തെലങ്കാനയിൽ, കോൺഗ്രസിന്റെ പുനരുജ്ജീവനം കൂടുതൽ പ്രകടമാണ്, പ്രത്യേകിച്ച് കർണാടകത്തിലെ വിജയത്തിന് ശേഷം. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിക്ക് എതിരെ കടുത്ത പോരാട്ടം നടത്താനാവുമെന്ന് കോൺഗ്രസ്സ് ഇപ്പോൾ പ്രതീക്ഷിക്കുന്നു. ഇവിടെ ബി.ജെ.പി. ഇരു കക്ഷികളുടേയും സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്ന ഒരു ചെറിയ കക്ഷി മാത്രമാണ്. സോറം പീപ്പിൾസ് മൂവ്‌മെന്റിന്റെ ആവിർഭാവം മിസോറാമിലെ സമവാക്യങ്ങളെ മാറ്റിമറിച്ചു. പരമ്പരാഗതമായി ദ്വികക്ഷി മത്സരം നടന്നിരുന്ന സംസ്ഥാനത്ത് ഇത് ത്രികോണ പോരാട്ടം കൊണ്ടുവന്നു. എന്നാൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന്റെ വിജയത്തിന് മണിപ്പൂരിലെ സ്ഥിതിഗതികളും അതിനോടുള്ള സർക്കാരിന്റെ നിലപാടുകളും സഹായിക്കുമെന്ന് മുഖ്യമന്ത്രി സോറാംതംഗ പ്രതീക്ഷിക്കുന്നു. ഈ തെരഞ്ഞെടുപ്പുകൾ “സെമി ഫൈനൽ” അല്ല, എന്നാൽ മത്സരരംഗത്തുള്ള രണ്ട് ദേശീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം നേടാനും നഷ്ടപ്പെടാനും ഏറെയുണ്ട്.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT