ADVERTISEMENT

ഏഷ്യാഡ്‌: മിന്നുന്ന പ്രകടനം   

October 10, 2023 11:37 am | Updated 11:37 am IST

വ്യത്യസ്തങ്ങളായ കായിക ഇനങ്ങളിലൂടെയാണ് ഏഷ്യൻ ഗെയിംസിൽ എക്കാലത്തെയും മികച്ച നേട്ടം ഇന്ത്യ കൈവരിച്ചത്  

ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ നൂറിലധികം മെഡലുകൾ കരസ്ഥമാക്കിയത് ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഒരു നിർണായക നിമിഷമാണ്. ഈ സുപ്രധാന നേട്ടം, ഇക്കഴിഞ്ഞ ദിവസം ആരംഭിച്ച പുരുഷ ക്രിക്കറ്റ് ലോകകപ്പിനെ നിഷ്പ്രഭമാക്കുന്ന തരത്തിലുള്ള ഒരു ആഹ്‌ളാദാവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചു. 107 മെഡലുകൾ (28 സ്വർണം, 38 വെള്ളി, 41 വെങ്കലം) ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് – ജക്കാർത്ത 2018-ൽ നേടിയ 70 മെഡലുകളെക്കാൾ ഏറെ കൂടുതൽ. അതേസമയം സ്വർണ്ണ മെഡലുകളുടെ ഭൂരിഭാഗവും മൂന്ന് ഇനങ്ങളിൽ നിന്നാണ് – ട്രാക്ക് ആൻഡ് ഫീൽഡ് (ആറ്), ഷൂട്ടിംഗ് (ഏഴ്), അമ്പെയ്ത്ത് (അഞ്ച്). 22 വ്യത്യസ്ത കായിക ഇനങ്ങളിൽ വിജയ പീഠത്തിൽ സ്ഥാനം നേടിയത് രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന വൈവിധ്യമാർന്ന മികവിലേക്ക് വെളിച്ചം വീശുന്നു. തുഴച്ചിൽക്കാരും, സ്ക്വാഷ് താരങ്ങളും, കബഡി കളിക്കാരും, പുരുഷ ഹോക്കി ടീമും മതിപ്പുളവാക്കി; കുതിരസവാരിയിൽ ആദ്യമായി ഒരു സ്വർണ്ണ മെഡൽ ലഭിച്ചു; റോളർ സ്കേറ്റിംഗ്, വിൻഡ് സർഫിംഗ്, വുഷു, സെപക്തക്രാ എന്നിവയിലും പുതിയ താരങ്ങളെ കണ്ടെത്തി. വലിയ ബഹുമുഖ കായികമത്സരങ്ങളിൽ നിന്ന് ഏറെക്കാലം വിട്ടുനിന്ന ക്രിക്കറ്റ് പോലും ഈ ആഘോഷത്തിൽ പങ്കെടുത്ത്, രണ്ട് സ്വർണവുമായി ഇന്ത്യയുടെ നേട്ടത്തിന് കൂടുതൽ തിളക്കമേകി. ഇതൊരു ദൃശ്യയുഗമായതിനാൽ, സ്ത്രീകളുടെ 5000 മീറ്ററിൽ വിജയം നേടാനായി അവസാന 50 മീറ്ററിൽ പരുൾ ചൗധരി നടത്തിയ അതിശയിപ്പിക്കുന്ന കുതിപ്പും, പുരുഷ ജാവലിൻ ഒളിമ്പിക്‌സിൽ ലോക ചാമ്പ്യനായ നീരജ് ചോപ്രയുടെ മുന്നിലെത്തിയശേഷം പിന്നീട് പ്രശംസയർഹിക്കുന്ന വെള്ളി നേടിയ കിഷോർ ജെനയും ജനമനസ്സിൽ മായാതെ നിൽക്കുന്ന ചില അസുലഭ നിമിഷങ്ങൾ സമ്മാനിച്ചു.

കേൾക്കുമ്പോൾ പരുഷമെന്ന് തോന്നുമെങ്കിലും, ഭൂഖണ്ഡാന്തര മത്സരങ്ങളിൽ ചില മെഡലുകൾ മറ്റുള്ളവയേക്കാൾ വിലയുള്ളതാണ്. ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് തുടങ്ങിയ ഇനങ്ങളിൽ ഏഷ്യ ലോകോത്തര മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനാൽ ഇവയിൽ നേടിയ മെഡലുകൾക്ക് കൂടുതൽ തിളക്കമുണ്ട്. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ സ്വർണം, എച്ച്.എസ്. പ്രണോയിയുടെ പുരുഷ സിംഗിൾസ് ബാഡ്മിന്റണിലെ വെങ്കലം, വനിതാ ഡബിൾസ് ടേബിൾ ടെന്നീസിൽ ചൈനയുടെ ലോക ചാമ്പ്യൻമാരായ ചെൻ മെങ്ങിനും വാങ് യിദിക്കും എതിരെ വെങ്കലമെഡൽ നേടിയ സുതീർത്തയുടേയും അയ്ഹിക മുഖർജിയുടേയും തകർപ്പൻ വിജയവും ഈ വിഭാഗത്തിൽ പെടും. 28 സ്വർണങ്ങളിൽ 12 എണ്ണം മാത്രമാണ് ഒളിമ്പിക്‌സ് പട്ടികയിൽ ഉള്ള ഇനങ്ങൾ എന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. ഇത്തരം ഇനങ്ങളിലും, നീരജിന്റെ 88.88 മീറ്റർ ത്രോ പോലെ വിരലിലെണ്ണാവുന്ന പ്രകടനങ്ങൾ മാത്രമാണ് ലോകോത്തരമായത്. ഇന്ത്യൻ കായികരംഗം ഏറെ മുന്നേറിയെങ്കിലും ആഗോള നിലവാരത്തിനൊപ്പം എത്താൻ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നാണ് ഇത് കാണിക്കുന്നത്. കേന്ദ്ര സർക്കാരും സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും വിവിധ സംസ്ഥാന സർക്കാരുകളും കായികതാരങ്ങളെ സഹായിക്കാൻ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാൽ കാര്യക്ഷമതയില്ലാത്ത ഭരണാധികാരികൾ, സംഘടനകളിലെ വിഭാഗീയത, അനന്തമായ കോടതി വ്യവഹാരങ്ങൾ, ഉത്തേജക മരുന്നുപയോഗത്തിന്റെ കരിനിഴൽ എന്നിവ നിരന്തരം ഉയരുന്ന ഭീഷണികളാണ്. അഭിമാനത്തോടെ നിൽക്കാൻ, ശരീരവും കാലുകളും ഇടറാൻ അനുവദിക്കരുത്.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT