ADVERTISEMENT

മാരകമായ പരസ്യബോർഡുകൾ

Published - June 08, 2023 11:51 am IST

അപകടങ്ങൾ പതിവായിട്ടും പരസ്യബോർഡുകൾ നിയന്ത്രിക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയില്ല

പടുകൂറ്റൻ പരസ്യബോർഡുകൾ തകർന്ന് മരണക്കെണികളായി മാറുന്നത് നഗര പരിസരങ്ങളിൽ ഒരു പുതിയ സംഭവമല്ല. കഴിഞ്ഞയാഴ്ച കോയമ്പത്തൂരിൽ, മാറ്റിവയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു പരസ്യബോർഡിന്റെ  ഉരുക്ക് ചട്ടക്കൂട് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചതുപോലുള്ള ദുരന്തങ്ങൾ അപൂർവമല്ല. ആ പരസ്യബോർഡ് നിയമവിരുദ്ധമാണെന്ന് ഉടനടി പ്രഖ്യാപിച്ച അധികാരികൾ, അത് എങ്ങനെ ഇത്രയും നാൾ അവിടെ നിലകൊണ്ടു എന്നതിനെക്കുറിച്ച് യാതൊരു വിശദീകരണവും നൽകിയില്ല. വിരോധാഭാസമെന്നു പറയട്ടെ, ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് പരസ്യബോർഡുകൾക്കും, ബാനറുകൾക്കും, വിളംബരങ്ങൾക്കും ലൈസൻസ് നൽകുന്നതിനുള്ള നിബന്ധനകളോടെ 2023-ലെ തമിഴ്‌നാട് നഗര തദ്ദേശ സ്ഥാപന ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. നഗരങ്ങളിൽ പരസ്യബോർഡുകൾ കൂണുപോലെ മുളച്ചുപൊങ്ങുമെന്ന ആശങ്കകൾക്കിടയിൽ, അനധികൃത പരസ്യബോർഡുകൾ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് നിയമങ്ങൾ വിജ്ഞാപനം ചെയ്തതെന്ന് മുനിസിപ്പൽ ഭരണവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ലൈസൻസില്ലാത്ത പരസ്യബോർഡുകൾ തടയുന്നതിൽ പല മുനിസിപ്പൽ കോർപ്പറേഷനുകളും പരാജയപ്പെട്ടതായാണ് കുറഞ്ഞത് രണ്ട് പതിറ്റാണ്ടിലെ റിപ്പോർട്ടുകൾ കാണിക്കുന്നത്. വല്ലപ്പോഴുമുള്ള തിരുത്തൽ നടപടികൾ കോടതികളുടെ ഇടപെടൽ മൂലമോ മാരകമായ അപകടങ്ങളാൽ പ്രേരിതമോ ആണ്. 2008-ൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ആയിരക്കണക്കിന് അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്തപ്പോൾ തമിഴ്‌നാട്ടിലും അതിന്റെ തലസ്ഥാനമായ ചെന്നൈയിലും മറഞ്ഞിരുന്ന ഹരിതാഭയും ചക്രവാളവും വെളിവായത് ഇതിന് ഉദാഹരണമാണ്.

നിർഭാഗ്യവശാൽ, ഈ പ്രവർത്തനം അധികകാലം  നീണ്ടുനിന്നില്ല. ആദ്യ നിയമലംഘനം നടത്തിയവരിൽ രാഷ്ട്രീയ കക്ഷികളും ഉൾപ്പെടുന്നു; പല നേതാക്കളും ഫ്ലെക്സ് ബാനറുകളും, പ്രകാശാലങ്കാരം ഉള്ള അവരുടെ ഭീമാകാരമായ കട്ട്-ഔട്ടുകളും പ്രോത്സാഹിപ്പിച്ചു. 2019-ൽ ചെന്നൈയിൽ ഒരു രാഷ്ട്രീയ പാർട്ടി സ്ഥാപിച്ച ബാനർ വീണതിനെത്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയായ ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ടത് ശക്തമായ രോഷത്തിന് കാരണമായി. ആദായകരമായ വാതില്‍പ്പുറ പരസ്യങ്ങൾ സ്ഥാപിക്കാനുള്ള അവകാശം രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളും സംഘങ്ങളും പിടിച്ചെടുക്കുന്നതിനാൽ, ഇവ നിയമാനുസൃതമായി സ്ഥാപിക്കാനും, ഇവയ്ക്ക് എല്ലാ കാലാവസ്ഥയേയും അതിജീവിക്കുന്ന ഘടനാപരമായ സ്ഥിരത ഉറപ്പാക്കാനുമുള്ള ഭരണപരമായ ഇച്ഛാശക്തി കുറവാണ്. നിയമാനുസൃതമല്ലാത്ത പരസ്യബോർഡുകൾ എണ്ണി തിട്ടപ്പെടുത്താനും, അംഗീകാര്യമുള്ളത് ഇടയ്ക്കിടെ പരിശോധിക്കാനും, അസ്ഥിരമോ നിയമവിരുദ്ധമോ ആയവക്കെതിരെ നടപടിയെടുക്കാനും മുനിസിപ്പാലിറ്റികളിൽ ആവശ്യത്തിന് ആളില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. പരസ്യബോർഡുകൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്ന കോടതികൾ, അനധികൃതമായവ നീക്കം ചെയ്യുന്നതിൽ നിന്ന് അധികാരികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ പലപ്പോഴും പുറപ്പെടുവിക്കുന്നതും ആശങ്കാജനകമാണ്. നിയമലംഘകർ കടുത്ത ശിക്ഷ അർഹിക്കുന്നു; മരണങ്ങൾ നടന്നാൽ, ഗുരുതരമായ കുറ്റങ്ങൾ ചുമത്തുകയും, കരിമ്പട്ടികയിൽ പെടുത്തുകയും അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയും, ഒപ്പം കൂട്ടുനിന്ന ഉദ്യോഗസ്ഥരെ വിചാരണക്ക് വിധേയരാക്കുകയും ചെയ്യുന്നതാണ് ഉചിതം. വാഹനം ഓടിക്കുന്നവരുടെ പ്രതികരണ സമയം, നിയന്ത്രണം, സാഹചര്യ ബോധം എന്നിവയെ ബാധിക്കുന്ന റോഡുകളിലെ പരസ്യബോർഡുകൾ അപകടകരമായ രീതിയിൽ ശ്രദ്ധ തിരിക്കുമെന്ന് അന്താരാഷ്ട്ര പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം അശ്രദ്ധകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഇന്ത്യയിലെ റോഡപകടങ്ങളുടെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തണം. 2023-ൽ ആഗോളതലത്തിൽ 67.8 ബില്യൺ ഡോളറായി വളരാൻ തയ്യാറെടുക്കുന്ന പരസ്യബോർഡുകളുടേയും വാതില്‍പ്പുറ പരസ്യ വിപണിയുടേയും വികസനത്തിനായി മികച്ച നയങ്ങൾ രൂപീകരിക്കാൻ ഇത് സഹായിക്കും.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT