ADVERTISEMENT

പാകിസ്ഥാൻ: ചാക്രിക പ്രശ്നങ്ങൾ 

February 13, 2023 11:08 am | Updated 11:43 am IST

സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ പാകിസ്ഥാൻ മറ്റൊരു ഐ.എം.എഫ്. ധനസഹായത്തിൽ പ്രതീക്ഷയർപ്പിക്കുന്നു

പാകിസ്ഥാൻ സർക്കാരുമായുള്ള 10 ദിവസത്തെ ചർച്ചകൾക്ക് ശേഷം, നിലവിലുള്ള 700 കോടി ഡോളറിന്റെ വായ്പാ പദ്ധതിയെക്കുറിച്ചോ, തകർന്ന സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനുള്ള ഒരു പുതിയ വായ്പയെക്കുറിച്ചോ പ്രത്യേകിച്ച് തീരുമാനങ്ങളൊന്നും അറിയിക്കാതെ ഐ.എം.എഫ്. പ്രതിനിധി സംഘം ഫെബ്രുവരി 9-ന് ഇസ്ലാമാബാദിൽ നിന്ന് തിരികെ പോയി. ഇത് ഐ.എം.എഫി.ന്റെ ക്രമപ്രകാരമുള്ള പക്രിയയാണെന്നും ആഭ്യന്തര നടപടിക്രമങ്ങൾക്ക് ശേഷം രാജ്യത്തിന് ഒരു വായ്പാ വിഹിതം പ്രതീക്ഷിക്കാമെന്നും ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അവകാശപ്പെട്ടു. എന്നാൽ, ഐ.എം.എഫ്.ന്റെ നിർദേശാനുസരണം പുതിയ നികുതികൾ ഏർപ്പെടുത്താനും, സഹായധന പരിപാടികൾ വെട്ടിച്ചുരുക്കാനും, ഇന്ധന ഉപഭോഗത്തിന്മേൽ കരം വർധിപ്പിക്കാനും സമ്മതിച്ചുവെന്ന വാർത്തകൾ, സർക്കാരിന് മുന്നിൽ മറ്റു വഴികൾ ഇല്ലെന്ന് സൂചിപ്പിക്കുന്നു. പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിട്ടുണ്ട് – നഗരപ്രദേശങ്ങളിൽ പോലും വൈദ്യുതി തടസ്സം തുടരുന്നു; ജനുവരിയിൽ വാർഷിക പണപ്പെരുപ്പം 27.5% ആയി ഉയർന്നു (1975 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്); പാകിസ്ഥാൻ രൂപയുടെ മൂല്യം ഡോളറിന് 270 ആയി കുറഞ്ഞു; വിദേശ കരുതൽ ശേഖരം 2014 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താണ നിലയായ 300 കോടി ഡോളറിന് കീഴെപ്പോയി. ഇവയെല്ലാം വിദേശനാണ്യ സന്തുലനത്തെ പ്രതിസന്ധിയിൽ ആഴ്ത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ ഭീകരമായ വെള്ളപ്പൊക്കം മൂലം സമ്പദ്‌വ്യവസ്ഥയിലുണ്ടായ ഇടിവ് ഇപ്പോഴും തുടരുന്നു. ഭവനരഹിതരും കൃഷിഭൂമി നശിച്ചവരും ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ മതിയായ ഭക്ഷണം പോലുമില്ലാതെ ദുരിതമനുഭവിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ അപകടകരമായ അവസ്ഥ മറ്റൊരു ഐ‌.എം‌.എഫ്. ധനസഹായത്തിനായുള്ള ഈ മുറവിളിയെ ന്യായീകരിക്കുന്നുണ്ട്. യാഥാർഥ്യമായാൽ, 2000 മുതൽ ഐ‌.എം‌.എഫ്. പാകിസ്ഥാന് നൽകുന്ന ആറാമത്തെ ധനസഹായം ആയിരിക്കും ഇത്. തികച്ചും അനിവാര്യമായ ഈ സഹായനിധിയോടൊപ്പം പരമ്പരാഗത സഖ്യകക്ഷികളായ പശ്ചിമേഷ്യൻ രാജ്യങ്ങളും ചൈനയും കൂടി സഹായിച്ചാൽ വിദേശനാണ്യ അസന്തുലന പ്രശ്നം തൽക്കാലത്തേക്ക് ഒഴിവാകും.

കോവിഡ് മഹാമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും പരിണിതഫലങ്ങൾ മാറ്റിനിർത്തിയാൽ, സാമ്പത്തിക പ്രശ്‌നങ്ങളുടെ ചാക്രിക സ്വഭാവവും, പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആവർത്തിച്ച് ഐ‌.എം‌.എഫ്. ധനസഹായം തേടുന്നതും ഭരണ പരാജയത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഇറക്കുമതി ആശ്രിതത്വം, കുറഞ്ഞ കയറ്റുമതി മത്സരശേഷി, മോശം സാമ്പത്തിക നടത്തിപ്പ്, എന്നിവ ഒരു ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ ആവർത്തിച്ചുള്ള പ്രതിസന്ധിക്ക് കാരണമാവാമെങ്കിലും, പട്ടാളത്തിന്റെ അമിത നിയന്ത്രണം മൂലം ഭരണം പൂർണ സ്വാതന്ത്ര്യത്തോടെ നടത്താൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകൾക്ക് ശക്തിയില്ലാത്തതാണ് പ്രശ്നങ്ങളുടെ പരോക്ഷ കാരണം. ഈ വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടാൻ ശ്രമിക്കുന്ന സൈന്യത്തിനും രാഷ്ട്രീയ പാർട്ടികൾക്കും ഇടയിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമല്ല. സമ്പദ്‌വ്യവസ്ഥയിലെ ദീർഘകാലമായുള്ള ഘടനാപരമായ ബലഹീനതകൾ പരിഹരിക്കുന്നതിനും, ഇന്ത്യയെപ്പോലുള്ള അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും അധികാരകേന്ദ്രങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധികൾ വന്നുകൊണ്ടേയിരിക്കും. പ്രശ്നപരിഹാരത്തിനായി പട്ടാളത്തിന് ഭരണത്തിൽ നേരിട്ട് ഇടപെടുന്നത് ഒഴിവാക്കേണ്ടിവരും: പക്ഷെ അടുത്തകാലത്തൊന്നും ഇതിനുള്ള സാധ്യത കാണുന്നില്ല.

This editorial has been translated from English, which can be read here.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT