ADVERTISEMENT

തിരഞ്ഞെടുപ്പ് അധികാരിയെ തിരഞ്ഞെടുക്കുമ്പോൾ 

March 04, 2023 11:29 am | Updated 11:29 am IST

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന രീതിയെ സംബന്ധിച്ച പരമോന്നത കോടതിയുടെ വിധി കമ്മീഷന് കൂടുതൽ സ്വാതന്ത്ര്യം നൽകും 

തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിൽ നിന്ന് എടുത്തു മാറ്റിയ സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സ്വാതന്ത്ര്യം വർധിപ്പിക്കും. ഒരു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, അഥവാ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്, സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപൻ എന്നിവർ അടങ്ങുന്ന മൂന്നംഗ സമിതിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റു കമ്മീഷണർമാരേയും തിരഞ്ഞെടുക്കേണ്ടതെന്ന് കോടതി വിധിച്ചു. തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനും, നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും, നിയന്ത്രിക്കാനുമുള്ള പൂർണ്ണ അധികാരമുള്ള ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പ്രവർത്തന സ്വാതന്ത്ര്യവും ഭരണഘടനാ സംരക്ഷണവും ആവശ്യമുള്ള ജനായത്തഭരണത്തിന്റെ സുപ്രധാന ഘടകമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റു കമ്മീഷണർമാരേയും നിയമിക്കുന്നതാണ് പതിവ്. എന്നാൽ നിയമന രീതി പാർലമെന്റിൽ കൊണ്ടുവരുന്ന ഒരു നിയമത്തിലൂടെ വ്യക്തമാക്കണമെന്നതായിരുന്നു ഭരണഘടനാ നിർമ്മാതാക്കളുടെ ഉദ്ദേശമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 324 പ്രകാരം പാർലമെന്റ് അനുശാസിക്കുന്ന നിയമത്തിനു വിധേയമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റു കമ്മീഷണർമാരേയും രാഷ്ട്രപതി നിയമിക്കണം. എന്നാൽ, മാറിമാറി വന്ന ഭരണകൂടങ്ങൾ നിയമം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു. പ്രധാന വിധി എഴുതിയ ജസ്റ്റിസ് കെ.എം. ജോസഫ്, നിയമനിർമ്മാണ സഭയുടെ ആലസ്യത്തേയും, നിയമത്തിന്റെ അഭാവത്തിലുള്ള ശൂന്യതയേയും എടുത്തുകാട്ടി.

തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നവർ പൂർണ സ്വതന്ത്രരായിരിക്കണമെന്നും, സർക്കാരിന്റെ കീഴിലായിരിക്കരുതെന്നും ഉള്ള കോടതിയുടെ മൗലിക നിർദ്ദേശത്തോട് വിയോജിക്കുന്നവർ കുറവായിരിക്കും. കൂടാതെ, നിയമനം നടത്തുന്നവരുമായി യാതൊരു വിധത്തിലുള്ള പരസ്പര ധാരണയോ കൂറോ ഉണ്ടാവാൻ പാടില്ല. നിലവിലുള്ള സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ശൂന്യത അനുഭവപ്പെട്ടിട്ടില്ലെന്നുമുള്ള സർക്കാർ വാദം വളരെ ദുർബലമായിരുന്നു. ഇപ്പോഴത്തെ രീതി അനുസരിച്ച്, മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽനിന്ന് പ്രധാനമന്ത്രി ഒരു പേര് തിരഞ്ഞെടുത്ത് നിയമനം നടത്താൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുന്നു. തിരഞ്ഞെടുപ്പ് സമിതിയിലെ മുഖ്യ ന്യായാധിപന്റെ സാന്നിധ്യം മാത്രമാണോ ഒരു സ്ഥാപനത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗമെന്ന പ്രസക്തമായ ചോദ്യം അവശേഷിക്കുന്നു. മുഖ്യ ന്യായാധിപനോ അദ്ദേഹം നിർദേശിക്കുന്ന ആളോ ഉൾപ്പെടുന്ന ഒരു സമിതി നിയമിക്കുന്ന സി.ബി.ഐ. ഡയറക്ടറുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയോ മെച്ചപ്പെടുകയോ ചെയ്തതിന് വ്യക്തമായ തെളിവുകളില്ല. കൂടാതെ, മുഖ്യ ന്യായാധിപന്റെ സാന്നിദ്ധ്യം എല്ലാ നിയമനങ്ങൾക്കും മുൻകൂർ നിയമസാധുത നൽകുകയും, പ്രക്രിയയിലെ ഏതെങ്കിലും പിശകിന്റെ വസ്തുനിഷ്ഠമായ സൂക്ഷ്മപരിശോധനക്കായി കോടതികൾക്ക് മുന്നിൽ വരികയാണെങ്കിൽ അതിനെ ബാധിക്കുകയും ചെയ്തേക്കാം. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നിയമം കൊണ്ടുവരാൻ കഴിയും – എന്നാൽ അത് കോടതി വിധി മറികടന്നുകൊണ്ട് നിലവിലുള്ള രീതി തുടരാനുള്ള ഒരു മാർഗ്ഗമാവരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള കോടതിയുടെ ഊന്നലിനോട് യോജിക്കുന്ന രീതിയിൽ ആവണം നിയമനിർമ്മാണം.

This editorial has been translated from English, which can be read here.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT