ADVERTISEMENT

നിയന്ത്രണമാവാം, അതിര് കടക്കരുത്

Published - January 19, 2023 10:46 am IST

സർക്കാർ ഘടനാപരമായ പരിഷ്കരണത്തിനായി പ്രവർത്തിക്കണം; നീതിന്യായ വ്യവസ്ഥയെ ആക്രമിക്കരുത്

ഭരണഘടനാ കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിൽ തങ്ങളുടെ അഭിപ്രായത്തിന് മുൻ‌തൂക്കം വേണമെന്ന് ആവശ്യപ്പെടുന്ന സർക്കാരിന്റെ പ്രവൃത്തികളിൽ പരുഷവും അസുഖകരവുമായ എന്തോ ഒന്നുണ്ട്. ഇപ്പോൾ ജഡ്ജിമാരുടെ കൊളീജിയം കൈകാര്യം ചെയ്യുന്ന നിയമന പ്രക്രിയയിൽ ഭരണകൂടത്തിന് ഒരു പങ്ക് നൽകണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിന് കത്തയച്ച കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിൽ നിന്നുള്ളതാണ് ഏറ്റവും പുതിയ ആക്രമണം. നിയമനങ്ങൾക്കായി ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും കൊളീജിയങ്ങൾക്ക് പേരുകൾ നിർദ്ദേശിക്കാൻ സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു തിരയൽ-വിലയിരുത്തൽ സമിതി (സെർച്ച്-ആൻഡ്-ഇവാല്യൂവേഷൻ കമ്മിറ്റി) രൂപീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സുപ്രീം കോടതി കൊളീജിയത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയേയും ഹൈക്കോടതി കൊളീജിയത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയേയും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി മനസ്സിലാക്കുന്നു. നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള ഔദ്യോഗിക പ്രതിഷേധങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഈ കത്ത്. കൊളീജിയം വ്യവസ്ഥിതിയുടെ അംഗീകരിക്കപ്പെട്ട ചില പിഴവുകൾ ശരിയായി ഉയർത്തിക്കാട്ടിക്കൊണ്ട് ഇടയ്ക്കിടെ ചോദ്യം ചെയ്യുന്ന ഈ ആക്രമണത്തിന്റെ മുൻനിരയിൽ റിജിജു ഉണ്ടായിരുന്നു. ദേശീയ ന്യാധിപനിയമന കമ്മീഷൻ (എൻ.ജെ.എ.സി.) രൂപീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ 2015-ലെ വിധിയോടാണ് സർക്കാരിന്റെ രോഷമെന്നതിൽ തെല്ലും സംശയമില്ല. കൊളീജിയം സമ്പ്രദായം പരിഷ്‌കരിക്കണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ലെങ്കിലും, നിയമന പ്രക്രിയയിൽ പരിഷ്‌കരണം ആവശ്യപ്പെടുന്നതിന്റെ പേരിൽ നീതിന്യായ വ്യവസ്ഥക്കെതിരെ പ്രചാരണം നടത്താനുള്ള സർക്കാരിന്റെ ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

സർക്കാർ ഉന്നയിക്കുന്ന ചില വിഷയങ്ങൾക്കുള്ള ഉത്തരങ്ങൾ വളരെ ലളിതമാണ്. മാത്രമല്ല, ഇത് കോടതിയും പ്രതിപക്ഷവും ആവർത്തിച്ച് ചൂണ്ടിക്കാണിച്ചതുമാണ്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താത്ത ഒരു നിഷ്പക്ഷ സംവിധാനം സ്ഥാപിക്കാൻ പുതിയ നിയമനിർമ്മാണ ശ്രമം നടത്തികൊണ്ട് കൂടുതൽ സുതാര്യവും സ്വതന്ത്രവുമായ പ്രക്രിയ വേണമെന്ന ആവശ്യത്തെ പൂർത്തീകരിക്കാൻ സർക്കാരിന് കഴിയും. ഭരണഘടന ഭേദഗതി ചെയ്യാനുള്ള അത്തരമൊരു ശ്രമം ഫലപ്രാപ്തിയിലെത്തുന്നതുവരെ, രാജ്യത്തെ നിയമം, അതായത് കൊളീജിയം വഴിയുള്ള നിയമന സമ്പ്രദായം, സർക്കാർ പാലിക്കേണ്ടതുണ്ട്. ശുപാർശകളിൽ നടപടി മനഃപൂർവം വൈകിപ്പിക്കുക, ഒന്നിലധികം പുനരാലോചനകൾക്കു ശേഷവും കൊളീജിയം ആവർത്തിച്ച പേരുകൾ അവഗണിക്കുക, ഈ വ്യവസ്ഥയുടെ നിയമസാധുതയില്ലാതാക്കാനുള്ള പ്രചാരണം നടത്തുക എന്നീ സർക്കാർ തന്ത്രങ്ങൾ പരോക്ഷമായ മുന്നറിയിപ്പുകളാണെന്ന തോന്നൽ ഒഴിവാക്കുക പ്രയാസമാണ്. സമീപ വർഷങ്ങളിൽ നിയമവിധികളുടെ കാര്യത്തിൽ സർക്കാരിന്റെ ആശങ്കകളെ പൂർണ്ണമായും ഉൾക്കൊള്ളുന്ന ഒരു നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കാൻ അത് ശ്രമിക്കുന്നത് ആശ്ചര്യകരമാണ്. ഈ രാജ്യത്ത് ആരൊക്കെ ജഡ്ജിയാകണമെന്ന കാര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം നിലവിലെ ഭരണകൂടം ആഗ്രഹിക്കുന്നു എന്നതാണ് ഏക നിഗമനം. ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന്, ഏതെങ്കിലും ഒരു ശാഖ മേൽക്കൈ നേടുന്നത് തടയുന്ന നിയന്ത്രണങ്ങളും സന്തുലനങ്ങളുമുള്ള ഒരു സംവിധാനം അത്യന്താപേക്ഷിതമാണ്.

This editorial was translated from English, which can be read here.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT