ADVERTISEMENT

മാലിദ്വീപിലെ മാറ്റം

Published - October 02, 2023 10:58 am IST

ഇന്ത്യ മാലിയിലെ പുതിയ സർക്കാരുമായി ഇടപഴകുകയും ബന്ധം കൂടുതൽ ദൃഢമാക്കുകയും വേണം

2018-ൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രസിഡന്റ് ഇബു സോലിഹിനെ മാറ്റി, മാലി മേയറും മുൻ ഭരണകക്ഷിയായ പി.പി.എം നിർദ്ദേശിക്കുകയും ചെയ്ത മുഹമ്മദ് മുയിസുവിനെ മാലിദ്വീപ് അതിന്റെ പുതിയ നേതാവായി തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സോലിഹിന്റെ 46 ശതമാനത്തിനെതിരെ 54 ശതമാനം വോട്ട് നേടി മുയിസു വിജയിച്ചു. അനിശ്ചിതത്വത്തിലായ ആദ്യ ഘട്ടത്തിൽ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം വോട്ട് നേടാനായില്ല. സോലിഹിന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി പറയപ്പെടുന്നത് കനത്ത ഭരണവിരുദ്ധ വികാരവും വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് കോവിഡ്-19-ന് ശേഷം ഉയർന്നുവന്ന ആശങ്കകളുമാണ്. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദുമായുള്ള പഴയ സൗഹൃദത്തിൽ വിള്ളൽ വീണതിനെ തുടർന്ന് സോലിഹിന്റെ പാർട്ടിയായ എം.ഡി.പിക്കുള്ളിലെ ഭിന്നതയും, ഇന്ത്യൻ സൈനികരെ പുറത്താക്കാനുള്ള “ഇന്ത്യ ഔട്ട്” പ്രചാരണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന മുയിസുവിന്റെ പി.പി.എം. ഇളക്കിവിട്ട “പരമാധികാര” പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഇതിന് കാരണങ്ങളാണ്. പി.പി.എം. മേധാവിയും മുൻ മാലിദ്വീപ് പ്രസിഡന്റുമായ അബ്ദുല്ല യമീൻ, ആ പ്രചാരണത്തിന്റെ മുഖ്യ ശില്പിയാണ്. 11 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന അബ്ദുല്ല യമീൻ തന്റെ ഭരണകാലത്ത് ഇന്ത്യയുമായി പരസ്യമായി വിയോജിച്ചിരുന്നു. ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായുള്ള വായ്പയ്ക്കും വഴിയൊരുക്കിയ അദ്ദേഹം മാലിദ്വീപിനെ “കടക്കെണിയിലേക്ക്” നയിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ന്യൂഡൽഹി മാലിദ്വീപിൽ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ ഏറ്റെടുക്കുകയും, പകർച്ചവ്യാധിയുടെ സമയത്ത് സഹായിക്കുകയും, മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദിനെ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രചാരണ വേളയിൽ സഹായിക്കുകയും ചെയ്തതിനാൽ, “ഇന്ത്യ ആദ്യം” എന്ന നയത്തിന് പരസ്യമായി പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചുകൊണ്ട് സോലിഹ് മാലിദ്വീപിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ വ്യാപ്തിയിൽ മാറ്റം കൊണ്ടുവന്നു. തൽഫലമായി, സോലിഹ്-മുയിസു പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തെ ഒരു ഇന്ത്യ-ചൈന മത്സരമായി നിരീക്ഷകർ വീക്ഷിച്ചു. അവർ തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യയുടെ “പരാജയമായി” ചിത്രീകരിക്കാൻ ശ്രമിച്ചു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുയിസുവിനെ സമൂഹ മാധ്യമങ്ങളിലൂടെ ആദ്യം അഭിനന്ദിച്ച നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്നു. മാലിദ്വീപ് രാഷ്ട്രീയത്തിൽ ചിലരോട് താല്പര്യം കാണിക്കുന്നുവെന്ന പൊതു ധാരണ ന്യൂഡൽഹി ഇല്ലാതാക്കണം. ഇന്ത്യ-മാലിദ്വീപ് ബന്ധം നിലനിർത്തുമെന്ന വാഗ്ദാനം നിറവേറ്റാനുള്ള ചുമതല ഇപ്പോൾ മുയിസുവിനാണ് – തന്റെ പാർട്ടിയെപ്പോലെ അദ്ദേഹം ഇന്ത്യയെ വിമർശിച്ചിട്ടില്ല. കടം തിരിച്ചടക്കേണ്ടി വരുമ്പോൾ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുക, സമീപകാലത്ത് ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്തതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക എന്നിവ അദ്ദേഹത്തിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു. യമീന്റെ മോചനം അദ്ദേഹം ഉറപ്പാക്കുമോയെന്നും, പുതിയ സർക്കാരിന് മേൽ മുൻ പ്രസിഡന്റിന് എത്രമാത്രം നിയന്ത്രണമുണ്ടാകുമെന്നും കണ്ടറിയണം. മാലിദ്വീപ് പ്രസിഡൻഷ്യൽ സമ്പ്രദായത്തിന് പകരം പാർലമെന്ററി സമ്പ്രദായത്തിലേക്ക് മാറണമോ എന്ന് തീരുമാനിക്കാൻ നഷീദ് മുന്നോട്ട് വച്ച ഒരു ഹിതപരിശോധനയ്ക്ക് മുയിസു നേതൃത്വം നൽകേണ്ടിവരും. പ്രധാന കപ്പൽ പാതകളോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലെ അതിന്റെ സ്ഥാനം കണക്കിലെടുത്ത്, അവിടത്തെ സംഭവവികാസങ്ങൾ സൂക്ഷ്മമായി വീക്ഷിക്കുന്ന ചൈനയുമായും അമേരിക്കയുമായും ഇടപഴകുമ്പോൾ തന്നെ ഇന്ത്യയുമായുള്ള പരമ്പരാഗതവും തന്ത്രപരവുമായ താൽപ്പര്യങ്ങൾ സന്തുലിതമാക്കേണ്ടതുണ്ട്. ഡൽഹിയോ മാലിയോ ഈ താൽപ്പര്യങ്ങളെ ഒരാളുടെ ജയം മറ്റൊരാളുടെ തോൽവിയാകുന്ന “സീറോ സം ഗെയിമുകളുടെ” കണ്ണാടിയിലൂടെ വീക്ഷിക്കരുത് എന്നത് പ്രധാനമാണ്, കാരണം ഇത് മുമ്പ് അവർക്കിടയിൽ പിരിമുറുക്കത്തിന് കാരണമായിട്ടുണ്ട്.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT