ADVERTISEMENT

ജമ്മു കാശ്മീർ മണ്ഡല പുനർനിർണയം: പരിധികൾക്കും അപ്പുറം 

February 16, 2023 11:21 am | Updated 11:21 am IST

മണ്ഡല പുനഃക്രമീകരണത്തേക്കാൾ ജമ്മു കാശ്മീരിന് ഇപ്പോൾ ആവശ്യം സംസ്ഥാനപദവിയും, പ്രത്യേക പദവിയുമാണ് 

നിയമസാധുതയും രാഷ്ട്രീയ സാധുതയും തമ്മിലുള്ള അന്തരം വളരെ വലിയതായിരിക്കാം. ജമ്മു കാശ്മീരിനായുള്ള മണ്ഡല പുനർനിർണയ സമിതിയുടെ രൂപവൽക്കരണവും തുടർന്നുള്ള അതിർത്തി നിർണയ നടപടികളും ഉയർത്തിപ്പിടിക്കുന്ന സുപ്രീം കോടതി വിധി തീർച്ചയായും സാധുവാണ്, പ്രത്യേകിച്ച് സംസ്ഥാനങ്ങൾ രൂപീകരിക്കാനും നിലവിലുള്ളവയിൽ മാറ്റം വരുത്താനും അവയുടെ പദവിയും അതിരുകളും മാറ്റാനും പാർലമെന്റിനെ അധികാരപ്പെടുത്തുന്ന ഭരണഘടനാ വ്യവസ്ഥകൾ നിലവിലുള്ളപ്പോൾ. ഇത് ജമ്മു കശ്മീർ പുനഃസംഘടന നിയമം, 2019 പ്രകാരവും സാധുവാണ്. എന്നിരുന്നാലും, കേന്ദ്രഭരണ പ്രദേശത്തെ മണ്ഡലങ്ങളുടെ പുനർനിർണയത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് നീതിപീഠം അംഗീകാരം നൽകുന്നുവെന്ന വാദഗതി ശരിയല്ല. 2019 ഓഗസ്റ്റിൽ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയ ജമ്മു കശ്മീരിലെ മിക്ക രാഷ്ട്രീയ പാർട്ടികളും ജമ്മു പ്രദേശത്ത് ആറ് മണ്ഡലങ്ങളും കശ്മീർ പ്രദേശത്ത് ഒന്നും കൂട്ടിചേർത്ത് മൊത്തം മണ്ഡലങ്ങൾ 90 ആക്കിയ സമിതിയുടെ നടപടിയെ എതിർത്തു. മുസ്ലീം ഭൂരിപക്ഷ മേഖലയുടെ തിരഞ്ഞെടുപ്പിലെ പ്രാധാന്യം കുറക്കാനും ജമ്മുവിൽ അടിത്തറയുള്ള കക്ഷികളുടെ സാധ്യതകൾ വർധിപ്പിക്കാനുമുള്ള ശ്രമമായാണ് പാർട്ടികൾ ഇതിനെ കാണുന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികൾ ഇല്ലാതാക്കി, കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് നേട്ടമുണ്ടാക്കാനും അതിന്റെ രാഷ്ട്രീയ സാദ്ധ്യതകൾ വിപുലപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായി അവർ ഇതിനെ കാണുന്നു. സാധുതയെക്കുറിച്ചുള്ള ചോദ്യത്തിന് എപ്പോഴെങ്കിലും നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉത്തരം ലഭിക്കും. എന്നാൽ, അതിരുകളുടെ പുനഃക്രമീകരണം ആ പ്രക്രിയയിലും നിഴൽ വീഴ്ത്തിയേക്കാം.

മണ്ഡല പുനർനിർണയ സമിതിയുടെ രൂപീകരണത്തെ ചോദ്യം ചെയ്തുള്ള ഹർജി വളരെ വൈകിപ്പോയി. സമിതി അതിന്റെ കരട് ഉത്തരവ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമാണ് അത് കോടതിയിലെത്തിയത്. രാജ്യത്തുടനീളം മണ്ഡല പുനർനിർണയം 2026-ന് ശേഷമുള്ള ആദ്യ ജനസംഖ്യാകണക്കെടുപ്പ് വരെ മരവിപ്പിച്ചിരിക്കുകയാണെന്ന പ്രധാന വാദം കോടതി തള്ളിക്കളഞ്ഞു. ഭരണഘടനയുടെ 170-ആം വകുപ്പുപ്രകാരം ഇത് സംസ്ഥാനങ്ങൾക്ക് മാത്രമേ ബാധകമാകൂ. കേന്ദ്രഭരണ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. ജമ്മു കശ്മീരിലെ ഭരണകാര്യങ്ങൾ പുനഃസംഘടനാ നിയമം അനുസരിച്ചായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2011-ലെ ജനസംഖ്യാകണക്കെടുപ്പിനെ അടിസ്ഥാനമാക്കിയാണ് ജമ്മു കശ്മീരിൽ മണ്ഡല പുനർനിർണയം നടത്തേണ്ടത്. അതേസമയം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ, 2001-ലെ ജനസംഖ്യാകണക്കെടുപ്പാണ് മണ്ഡലങ്ങളുടെ അതിരുകൾ പുനർനിർണയിക്കുന്നതിനുള്ള അടിസ്ഥാനം. പുനഃസംഘടനാ നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്ന ആശയത്തിൽ വേരൂന്നിയ വാദങ്ങളും കോടതി നിരസിച്ചു. ഈ വ്യവസ്ഥകൾ പ്രത്യേകമായി ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണയ സമിതിയുടെ രൂപീകരണം, കാലാവധി നീട്ടിക്കൊടുക്കൽ, സാധുതയുള്ളതായി കരുതപ്പെടുന്ന നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അതിന്റെ തീരുമാനങ്ങൾ, എന്നിവ കോടതിയെ സംബന്ധിച്ച് ശരിയായിരിക്കാം. എന്നിരുന്നാലും, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അവരുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച തീരുമാനങ്ങൾ അടിച്ചേല്പിക്കപ്പെട്ടപോലെ തോന്നും – പ്രത്യേകിച്ചും 2019-ൽ അതിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുകളഞ്ഞ തീരുമാനത്തിന്റെ നിയമസാധുത ഉറപ്പാക്കുംവരെ.

This editorial has been translated from English, which can be read here.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT