ADVERTISEMENT

ന്യായാധിപ നിയമനം: കോടതിയും, മതാന്ധതയും

February 09, 2023 11:16 am | Updated 11:16 am IST

ഒരു ജഡ്ജിയുടെ നിയമനം കൊളീജിയം സംവിധാനത്തിന്റെ സുതാര്യതയില്ലായ്മയെ തുറന്നുകാട്ടുന്നു

അഭിഭാഷകയായ എൽ. വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ഉയർത്തിയ നടപടി ജുഡീഷ്യൽ നിയമന സമ്പ്രദായത്തിന്റെ സഹജമായ പ്രശ്‌നങ്ങളുടെ മകുടോദാഹരണമാണ്. സർക്കാർ പ്രിയപ്പെട്ടവരെ നിയമിച്ച് ബഞ്ച് ഏറ്റെടുക്കുന്ന ഒരു പദ്ധതിയുടെ സൂചനയുമാണിത്. സുപ്രിം കോടതി പേര് അംഗീകരിച്ചതിന് ശേഷം ഗൗരിയുടെ മുൻകാല പ്രസംഗങ്ങളും അഭിമുഖങ്ങളും വെളിച്ചത്ത് വന്നപ്പോൾ അവർക്ക്  ന്യൂനപക്ഷങ്ങളോടുള്ള കൂസലില്ലാത്ത മുൻവിധി വ്യക്തമായി. തിടുക്കത്തിൽ നടത്തിയ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അവർ അധികാരമേറ്റു. നേരത്തെ, മറ്റ് കേസുകളിൽ പ്രദർശിപ്പിക്കാത്ത അസാധാരണ വേഗതയിൽ ഒരു കൂട്ടം സ്ഥാനാർത്ഥികളെ സംബന്ധിക്കുന്ന ശുപാർശയിന്മേൽ കേന്ദ്ര നിയമ മന്ത്രാലയം നടപടി എടുത്തിരുന്നു. അവരുടെ നിയമനത്തിനെതിരെ ഒരു കൂട്ടം അഭിഭാഷകർ നൽകിയ ഹർജികളിൽ കോടതി എന്തെങ്കിലും ഇടക്കാല ഉത്തരവിടുന്നതിന് മുമ്പ് തന്നെ പ്രവർത്തിക്കാൻ സർക്കാർ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാണ്. ഈ പ്രക്രിയക്കിടയിൽ, അഭിഭാഷകനായ ആർ. ജോൺ സത്യനെ ആദ്യം നിയമിക്കണമെന്ന പ്രത്യേക ശുപാർശ സർക്കാർ അവഗണിച്ചു. നിയമമന്ത്രാലയം ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ നേരത്തെ എതിർത്തിരുന്നു. കൊളീജിയം അംഗീകരിച്ചവരിൽ നിന്ന് രാഷ്ട്രീയ മുൻഗണനകൾക്കനുസരിച്ച് നിലവിലെ ഭരണകൂടം ആളുകളെ തിരഞ്ഞെടുക്കുമെന്ന സന്ദേശം വ്യക്തമാണ്. നിയമന പ്രക്രിയയെച്ചൊല്ലിയുള്ള തർക്കത്തിൽ സർക്കാർ അതിന്റെ താല്പര്യങ്ങൾ എപ്പോഴും നേടിയെടുക്കുന്നു. ഒഴിവുകളിൽ നിയമനം നടത്തുന്നതിൽ എന്തെങ്കിലും അർത്ഥവത്തായ പുരോഗതി വേണമെങ്കിൽ, കൊളീജിയത്തിന് വ്യക്തികളുടെ കാര്യത്തിൽ സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങേണ്ടി വരുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

കൊളീജിയത്തിന് മുമ്പാകെ പ്രസക്തമായ വിവരങ്ങൾ നൽകുകയും ഫലപ്രദമായ കൂടിയാലോചനകൾ നടത്തുകയും ചെയ്തിരുന്നെങ്കിൽ, ഗൗരിയുടെ നിയമനം നടക്കില്ലായിരുന്നു എന്നാണ് തീരുമാനത്തെ  വെല്ലുവിളിക്കുന്ന ഹർജികൾ പറയുന്നത്. കൂടാതെ, ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ആക്ഷേപിച്ചുകൊണ്ടുള്ള പ്രസംഗങ്ങളിലൂടെ ഭയമോ പക്ഷപാതമോ കൂടാതെ പ്രവർത്തിക്കാൻ അയോഗ്യയാണെന്നും, “മതത്തിന്റെ പേരിൽ” വിവേചനം കാണിക്കാതെ അവർ നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും അവർ തന്നെ തെളിയിച്ചു. എന്നിരുന്നാലും, കൊളീജിയം തീരുമാനമെടുത്തതിന് ശേഷം നിയമിക്കപ്പെട്ട ആളുടെ അനുയോജ്യത പുനഃപരിശോധിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച് ബെഞ്ച് ഹർജികൾ യഥോചിതം നിരസിച്ചു. കോടതിക്ക് നീതിന്യായപരമായി അതിന്റെ മുൻനിരയിലെ മൂന്ന് ജഡ്ജിമാർ നടത്തിയ ഒരു തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യാനാകുമായിരുന്നില്ല. കൊളീജിയത്തിന്റെ തീരുമാനം അവലോകനത്തിനായി ഒരു ബെഞ്ചിന് മുന്നിൽ കൊണ്ടുവരുന്നതിൽ അർത്ഥമുണ്ടായിരുന്നില്ല. സംസ്ഥാന സർക്കാരും ഗൗരിയുടെ തീവ്രമായ വീക്ഷണങ്ങളെ സംബന്ധിച്ച സൂചന നൽകിയില്ലെന്ന് വ്യക്തമാണ്. രാഷ്ട്രീയ ബന്ധം ആരെയും ന്യാധിപ സ്ഥാനത്തിന് അയോഗ്യരാക്കാനാവില്ലെങ്കിലും, തുറന്ന മതഭ്രാന്ത് തീർച്ചയായും അയോഗ്യതയ്ക്ക് കാരണമാവാം. ഒരു വിവാദ നിർദ്ദേശം കൊളീജിയത്തിന്റെ സൂക്ഷ്മപരിശോധനയിൽ പെടാതെ പോകുന്നത് ഈ പ്രക്രിയയുടെ പരാജയത്തിന്റ സൂചന കൂടിയാണ്. നിയമന സമ്പ്രദായത്തിലെ പരിഷ്‌കാരങ്ങളേക്കാൾ കൂടുതലായി വേണ്ടത് ഒരുപക്ഷേ, ഉദ്യോഗാർത്ഥികളുടെ യോഗ്യതയുടെ വസ്തുനിഷ്ഠമായ വിലയിരുത്തലും അവരുടെ അനുയോജ്യതയുടെ പൊതു പരിശോധന ഉറപ്പാക്കുന്ന ഒരു സ്വതന്ത്ര സംവിധാനവും ചേർന്ന ഒരു പ്രക്രിയയാണ്. അനാരോഗ്യകരമായ വിട്ടുവീഴ്ചകൾക്ക് ഇടം നൽകിയേക്കാവുന്ന സുതാര്യമല്ലാത്ത, അടച്ചിട്ട  വാതിലുകൾക്ക് പിന്നിലുള്ള ഒരു സമവായ നിർമ്മാണമാണ് ഇപ്പോൾ നിലവിലുള്ളത്.

This editorial has been translated from English, which can be read here.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT