ADVERTISEMENT

നാണക്കേടിലേക്കുള്ള കൂപ്പുകുത്തൽ  

December 31, 2022 11:59 am | Updated 03:45 pm IST

തിരുത്തൽ നടപടികൾ സ്വീകരിക്കാത്തത്  ഇന്ത്യൻ ഔഷധനിർമാണ മേഖലയിലുള്ള വിശ്വാസത്തിനു മങ്ങലേല്പിക്കുന്നു 

2021-ലേയും 2022-ലേയും ഡിസംബർ മാസങ്ങൾ ഇന്ത്യയുടെ ഔഷധനിർമാണ മേഖലയെ സംബന്ധിച്ചിടത്തോളം അത്യന്തം വൈരുധ്യം നിറഞ്ഞവയാണ്. 2021-ൽ കൊറോണ വൈറസിനെതിരെ കോടിക്കണക്കിന് ആളുകൾക്ക് നൽകാനുള്ള പ്രതിരോധമരുന്നുകൾ വികസിപ്പിച്ചതിന് ആഗോള പ്രശംസനേടുകയും ‘ലോകത്തിന്റെ ഫാർമസി‘ എന്ന പേര് അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ഇന്ത്യൻ മരുന്ന് നിർമ്മാണ സ്ഥാപനങ്ങൾ പുറത്തിറക്കിയ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചുമ സിറപ്പുകൾ  2022-ൽ ഇന്ത്യയുടെ സൽപ്പേരിന് കളങ്കം വരുത്തി.രണ്ടു രാജ്യങ്ങളാണ് ഇപ്പോൾ കുട്ടികളുടെ മരണം സംബന്ധിച്ച ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്‌. ഗാംബിയയിൽ കുറഞ്ഞത് 66-ഉം ഉസ്ബെക്കിസ്ഥാനിൽ 18-ഉം മരണങ്ങൾ ഇന്ത്യയിൽ നിർമിച്ച ചുമ സിറപ്പുമൂലം നടന്നതായി ആ രാജ്യങ്ങൾ ആരോപിക്കുന്നു. ഗാംബിയയിലെ മരണങ്ങൾ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എടുത്തുകാട്ടിയപ്പോൾ, ഉസ്ബെക്ക് ആരോഗ്യ മന്ത്രാലയം ആ രാജ്യത്തിലെ സമാന സംഭവങ്ങൾ ലോകത്തെ അറിയിച്ചു. രണ്ട് സാഹചര്യങ്ങളിലും, സിറപ്പ് നേരിട്ട് കഴിക്കുന്നത് മരണത്തിലേക്ക് നയിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇരു രാജ്യങ്ങളിലും, എഥിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്നീ വ്യാവസായിക രാസപദാർത്ഥങ്ങൾ മരുന്നുകുപ്പിക്കുള്ളിൽ കണ്ടെത്തിയെന്നതാണ് ആശങ്കാജനകമായ കാര്യം. ഈ രാസപദാർത്ഥങ്ങൾ മരുന്നിൽ ഒരുകാരണവശാലും കലരാൻ പാടില്ല.

ഗാംബിയയിലെ സംഭവങ്ങൾക്കുശേഷം ഇന്ത്യൻ സർക്കാർ സുതാര്യമല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ഗാംബിയയ്ക്ക് മരുന്ന് വിതരണം ചെയ്ത ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ കയറ്റുമതി ലൈസൻസ് റദ്ദാക്കിയെങ്കിലും, മരുന്നിൽ എങ്ങനെ മായം കലർന്നുവെന്ന് അന്വേഷിക്കുന്നതിനുപകരം, ചുമമരുന്ന് മൂലമുണ്ടായ വൃക്ക തകരാറുകളാണ് മരണകാരണമെന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിനെ ചോദ്യം ചെയ്യാനാണ് ഇന്ത്യ മുതിർന്നത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡബ്ല്യുഎച്ച്ഒക്ക് അയച്ച കത്തിൽ മെയ്ഡൻ ഫാർമ നിയന്ത്രിത സാഹചര്യത്തിൽ നിർമിച്ച ഉൽപ്പന്നത്തിൽ തങ്ങൾ നടത്തിയ പരിശോധനയിൽ മായം കണ്ടെത്താനായില്ലെന്ന് ഊന്നിപ്പറഞ്ഞു. ഗാംബിയൻ സമിതിയുടെ പരിശോധനകൾ എങ്ങനെയാണ് മലിനീകരണം കണ്ടെത്തിയത് എന്നോ നിയന്ത്രിത സാഹചര്യത്തിൽ നിർമിച്ച മരുന്നും മായംകലർന്ന മരുന്നും തമ്മിൽ താരതമ്യപ്പെടുത്താനാവുമോ എന്നും കത്തിൽ പരാമർശിച്ചിട്ടില്ല. ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ ആഗോള വിതരണക്കാരൻ എന്ന നിലയിൽ ഇന്ത്യയുടെ സൽപ്പേരിനെ “കളങ്കപ്പെടുത്താനുള്ള“ ഗൂഢാലോചനയുടെ ഭാഗമാണ് ഗാംബിയൻ ആരോപണം എന്ന നയം ഡിസിജിഐയും തുടർന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയവും സ്വീകരിച്ചു. 

ഉസ്ബെക്കിസ്ഥാനിലെ മരണവുമായി ബന്ധപ്പെട്ട്, ഡോക്-1 മാക്‌സ് ചുമ മരുന്ന് നിർമ്മിച്ച നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്കിന്റെ കയറ്റുമതി ലൈസൻസ് സർക്കാർ റദ്ദാക്കുകയും ഉൽപ്പാദനം നിറുത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തു. ഇത് ആരോപണത്തിന്റെ തുടക്കമായതിനാലും മരുന്നിലുള്ള മായത്തെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം പുറത്തുവരാത്തതിനാലും ഇന്ത്യൻ സർക്കാർ കാത്തിരിപ്പ് നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചു. തങ്ങൾ ബലിയാടാക്കപ്പെട്ടു എന്ന നിലപാട് സ്വീകരിക്കുന്നതിന് പകരം, എന്തുകൊണ്ടാണ് കയറ്റുമതി ചെയ്ത ചുമമരുന്നിൽ നിരോധിത രാസവസ്തുക്കൾ കണ്ടെത്തിയെന്ന് ഇന്ത്യ ഗൗരവമായി പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തെറ്റുകൾ സംഭവിക്കുമ്പോൾ, തിരുത്തൽ നടപടികൾ സ്വീകരിക്കാത്തത് രാജ്യത്തിൻറെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുകയും ഇന്ത്യൻ വ്യവസായത്തിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.

This editorial has been translated from English, which can be read here.

ADVERTISEMENT

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT