മാനനഷ്ടക്കേസ്സിൽ ഗുജറാത്ത് കോടതിയുടെ വിവാദപരമായ വിധിയെത്തുടർന്ന്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോകസഭയിൽ നിന്ന് പുറത്താക്കിയത് താൽക്കാലികമാണെങ്കിൽ പോലും, പ്രതിപക്ഷത്തിന് ഒന്നിച്ചു അണിചേരാനുള്ള ഒരു കാരണമായിരിക്കുകയാണ്. സാങ്കേതിക വാദങ്ങൾ എന്തുതന്നെയായാലും, ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയത് ഭരണകക്ഷിയായ ബി.ജെ.പി.യുടെ രാഷ്ട്രീയ നീക്കമായാണ് മിക്ക പ്രതിപക്ഷ പാർട്ടികളും കാണുന്നത്. പ്രാദേശിക കക്ഷികൾ രണ്ട് ദേശീയ പാർട്ടികളായ ബി.ജെ.പി.യും കോൺഗ്രസ്സുമായുള്ള ബന്ധത്തിൽ ആവശ്യാനുസരണം സ്വയം മാറ്റങ്ങൾ വരുത്തിയാണ് മുന്നോട്ട് പോകുന്നത്. പല പ്രാദേശിക കക്ഷികളുടേയും കാഴ്ചപ്പാടിൽ, ഈ രണ്ട് ദേശീയ പാർട്ടികളും എല്ലായ്പ്പോഴും രണ്ട് ധ്രുവങ്ങളിലല്ല. ഒരു പൊതു നിയമമെന്ന നിലയിൽ, പ്രാദേശിക പാർട്ടികൾ സാങ്കേതികമായി രണ്ടു ദേശീയ പാർട്ടികളിൽ നിന്നും തുല്യ അകലത്തിലാണ്. എങ്കിലും, ദേശീയ പാർട്ടികളുമായി ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ബന്ധത്തിലൂടെ അവർ തങ്ങളുടെ സ്വാധീനവും ശക്തിയും വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടിക്ക് കാര്യമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ പ്രാദേശിക പാർട്ടികൾ പലപ്പോഴും സമ്മർദ്ദത്തിന് ഇരയാകുന്നു. സമീപ വർഷങ്ങളിൽ ഇ.ഡി., സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വളഞ്ഞ്, അവരെ ബി.ജെ.പി.യുടെ സൗകര്യത്തിനനുസരിച്ച് കേസുകളിൽ കുരുക്കുകയോ, നടപടിയൊന്നും എടുക്കാതിരിക്കുകയോ ചെയ്യുന്നു. ഈ വസ്‌തുതകൾ എല്ലാവർക്കും അറിവുള്ളതാണെങ്കിലും, പ്രാദേശിക നേതാക്കൾ ബി.ജെ.പിയെ നേരിട്ട് എതിർക്കാൻ മടിക്കുകയും, മറ്റുള്ളവരുമായി വിയോജിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അദാനി വിവാദത്തിൽ ബി.ജെ.പിക്കെതിരെയുള്ള കോൺഗ്രസ്സിന്റെ തന്ത്രവുമായി തൃണമൂൽ കോൺഗ്രസ് (ടി.എം.സി.) യോജിപ്പിലായിരുന്നില്ല.
കോൺഗ്രസ്സുമായി സാധാരണഗതിയിൽ അകലം പാലിക്കുന്ന ടി.എം.സി., ആം ആദ്മി പാർട്ടി, ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്.), സമാജ്‌വാദി പാർട്ടി എന്നീ കക്ഷികൾ ഗാന്ധിയെ പുറത്താക്കിയ നടപടിയെ അപലപിക്കുകയും സ്വേച്ഛാധിപത്യമെന്ന് വിളിക്കുകയും ചെയ്തു. പരസ്പര കിടമത്സരങ്ങളും, ബി.ജെ.പിയോടും കേന്ദ്ര ഏജൻസികളോടുമുള്ള ഭയവും നിമിത്തം ഈ കക്ഷികൾ പാർശ്വവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഇതുമൂലം കൂടുതൽ പ്രതികാരനടപടികൾക്ക് തങ്ങൾ വിധേയരാകുമെന്ന് ഈ പാർട്ടികൾ മനസ്സിലാക്കിയിട്ടുണ്ടാവാം. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ 14 കക്ഷികൾ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കക്ഷികൾ 42 ശതമാനം വോട്ടർമാരെ പ്രതിനിധീകരിക്കുന്നുവെന്നും, കേന്ദ്ര ഏജൻസികളുടെ കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും ഹർജിക്കാർ പറയുന്നു. ഇത് സ്വയരക്ഷക്കായുള്ള നീക്കമാണ്; ഈ പാർട്ടികൾക്ക് ഇപ്പോഴും നിർണായകമായ നിരവധി ദേശീയ വിഷയങ്ങളിൽ ഒരു യോജിച്ച അഭിപ്രായത്തിൽ എത്താനായിട്ടില്ല. ബി.ജെ.പി.യും കോൺഗ്രസ്സും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കാതൽ സംശയാസ്പദമായ ഉടമസ്ഥതയിലും ബിസിനസ്സ് ഇടപാടുകളിലും കുറ്റാരോപിതമായ അദാനി ഗ്രൂപ്പിന്റെ കമ്പനികളെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. ബി.ജെ.പി.യും കേന്ദ്രസർക്കാരും ഇതുവരെ ഈ ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം, ബി.ജെ.ഡി., വൈ.എസ്.ആർ.സി.പി തുടങ്ങിയ ചില പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും വിട്ടുനിൽക്കുകയാണ്. എങ്കിലും മറ്റ് പ്രതിപക്ഷ പാർട്ടികൾ പുറത്താക്കലിനെതിരെ പ്രതികരിച്ചത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ബി.ജെ.പി.ക്കെതിരെ ശക്തമായൊരു എതിർപ്പ് ഇപ്പോഴും രൂപപ്പെട്ടിട്ടില്ല. അദാനിക്ക് പകരം, രാഹുലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ബി.ജെ.പി.ക്ക് ഇപ്പോൾ അനുയോജ്യം.
This editorial has been translated from English, which can be read here.
COMMents
SHARE