പുതുവർഷത്തിന്റെ ആദ്യവാരത്തിൽ ജമ്മു കശ്മീരിലുള്ള രജൗരിയിലെ ഡാംഗ്രിയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് കുട്ടികളടക്കം ആറ് ആളുകൾ കൊല്ലപ്പെട്ടു. ശ്രീനഗറിലെയും ന്യൂഡൽഹിയിലെയും പോലീസും അധികാരികളും സംഭവത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. പ്രദേശത്തെ ഹിന്ദുക്കൾക്കിടയിൽ പരമാവധി ഭീകരത പടർത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്. ജനുവരി ഒന്നിന് അവർ വീടുകളിൽ അതിക്രമിച്ച് കയറി തുടർച്ചയായി വെടിയുതീർത്തപ്പോൾ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേവലം 15 മണിക്കൂറിനുള്ളിൽ, ആക്രമണത്തിനിരയായ ഒരാളുടെ വീടിന് പുറത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു മേഖല സമീപ വർഷങ്ങളിൽ സംഘർഷത്തിൽ നിന്ന് താരതമ്യേന അകന്നു നിൽക്കുകയായിരുന്നു. എന്നാൽ സമീപകാല സംഭവങ്ങൾ ഒരു ഭീകരമായ ഭൂതകാലത്തിന്റെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. 16 വർഷം മുമ്പ് ഹിന്ദുക്കൾക്കെതിരെ ആക്രമണമുണ്ടായതിന് ശേഷം രജൗരിയിലെ സ്ഥിതി താരതമ്യേന ശാന്തമായിരുന്നു. പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി നുഴഞ്ഞുകയറ്റത്തിന് സാധ്യതയുള്ള ഒരു നീണ്ട നിയന്ത്രണ രേഖയുണ്ട് രജൗരിക്ക്. തീവ്രവാദികൾ കശ്മീർ താഴ്‌വരയിലേക്ക് കടക്കുന്ന ഒരു സജീവ പാതയായി ഇത് തുടരുന്നു. 2022-ൽ, ഈ ജില്ല അക്രമത്തിന്റെ ഒരു പുതിയ വേദിയായി മാറുന്നതിന്റെ വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു. കുറഞ്ഞത് നാല് ഗ്രനേഡ് ആക്രമണങ്ങളും സുരക്ഷാ സേനകളും തീവ്രവാദികളും തമ്മിൽ ഒന്നിലധികം ഏറ്റുമുട്ടലുകളും നടന്നിട്ടുണ്ട്. തദ്ദേശീയ ഇടപെടലുകളും ഉണ്ടായതായി സൂചനയുണ്ട്.
ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തെ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ ഒരേ സ്വരത്തിൽ അപലപിക്കുകയും പൗരന്മാരെ സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടതിന് ലെഫ്റ്റനന്റ് ഗവർണറുടെ (എൽ.ജി.) ഭരണകൂടത്തെ പഴിചാരുകയും ചെയ്തു. തീവ്രവാദം തടയുന്നതിനും മേഖലയുടെ സുരക്ഷക്കുവേണ്ടിയും കർശന നടപടികൾ സ്വീകരിക്കുമെന്ന് എൽ.ജി. മനോജ് സിൻഹ ഉറപ്പ് നൽകി. സുരക്ഷാ സാന്നിധ്യം കുറവുള്ള വിദൂര പ്രദേശങ്ങളിൽ തീവ്രവാദികളെ നേരിടാൻ ജമ്മു മേഖലയിലെ 10 ജില്ലകളിൽ 1995-ൽ രൂപീകരിച്ച ഗ്രാമ പ്രതിരോധ കമ്മിറ്റികൾ പുനരുജ്ജീവിപ്പിക്കണമെന്ന പുതിയ ആവശ്യം ഉയർന്നിട്ടുണ്ട്. ആയുധധാരികളായ സന്നദ്ധപ്രവർത്തകരുടെ പെരുമാറ്റം ധിക്കാരപരമായി മാറുന്നു എന്ന് ആരോപണങ്ങൾ വന്നതിന് ശേഷമാണ് ഇവ പിരിച്ചുവിട്ടത്. രാഷ്ട്രീയ ചർച്ചകൾ വേണ്ടെന്നുവെച്ച കാശ്മീരിലെ തങ്ങളുടെ ബലപ്രയോഗനയം വിജയമായി ചിത്രീകരിക്കാൻ കേന്ദ്രം ഉത്സാഹിക്കുമ്പോൾ, കേന്ദ്രഭരണ പ്രദേശത്തെ കുടിയേറ്റ തൊഴിലാളികളെ പതിവായി ലക്ഷ്യമിടുന്നതുൾപ്പെടെയുള്ള തീവ്രവാദത്തിലെ പുതിയ പ്രവണതകൾ അസ്ഥിരതയുടെ ഭയാനകമായ ഓർമ്മപ്പെടുത്തലുകളായി മാറുന്നു. 2022-ൽ ജമ്മു കശ്മീരിൽ 29 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികളോ ആ പ്രദേശത്തെ ഹിന്ദുക്കളോ ആണ്. പുതിയ പരീക്ഷണങ്ങൾ ജമ്മു കാശ്മീരിൽ വ്യത്യസ്ത ഫലങ്ങളുണ്ടാക്കിയേക്കാം. ജനാധിപത്യ രീതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പലതരം ഇടപെടലുകൾ അനുവദിക്കുന്ന പഴയ സമീപനം ഇപ്പോഴും ഫലം കൊണ്ടുവന്നേക്കാം. 2018 മുതൽ ജമ്മു കാശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഇല്ലെന്നിരിക്കെ, ഈ മേഖലയുടെ മുഖ്യധാര പോലും ന്യൂഡൽഹിയിൽ നിന്ന് അകന്നുപോകുകയാണ്. ഒരു തുടർ രാഷ്ട്രീയ പ്രക്രിയ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരതയ്‌ക്കെതിരെ മതിയായ ഉറപ്പ് നൽകുന്നില്ലെങ്കിലും കശ്മീർ സംഘർഷത്തിന്റെ ഏത് പരിഹാരത്തിനും അത് അനിവാര്യമാണ്.
This editorial has been translated from English, which can be read here.
COMMents
SHARE