തിങ്കളാഴ്ച പുലർച്ചെ ഇന്ത്യ ഉണർന്നത് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന 95-ാമത് അക്കാദമി അവാർഡ് ചടങ്ങ് കാണാനും രണ്ട് വിജയങ്ങളിൽ ആവേശം കൊള്ളാനുമാണ്. സംവിധായിക കാർത്തികി ഗോൺസാൽവസിന്റെ തമിഴ് ഹ്രസ്വചിത്രം ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യൻ നിർമ്മിതിയായി. സംവിധായകൻ എസ്.എസ്. രാജമൗലിയുടെ തെലുങ്ക് ചിത്രമായ ‘ആർആർആർ’ ഓസ്കർ നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ്. അതിലെ ‘നാട്ടു നാട്ടു’ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരത്തിന് (സംഗീതസംവിധായകൻ എം.എം. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും) അർഹമായി. ഈ ആഹ്ളാദത്തിനിടയിൽ, സംവിധായകൻ ഷൗനക് സെന്നിന്റെ ‘ഓൾ ദാറ്റ് ബ്രീത്സ്ന്’ മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള അവാർഡ് നഷ്ടമായി. സംവിധായകൻ ഡാനിയൽ റോഹറിന്റെ ‘നവൽനി’ ഈ വിഭാഗത്തിലെ അവാർഡ് നേടി. 2009-ലാണ് ഇന്ത്യ അവസാനമായി ഓസ്കാർ നേടിയതെന്ന പശ്ചാത്തലത്തിൽ ‘ആർആർആർ’-ന്റെ വിജയം പ്രാധാന്യമർഹിക്കുന്നു. അന്ന് ഒരു ബ്രിട്ടീഷ് നിർമ്മിതിയായ ‘സ്ലംഡോഗ് മില്യണയർ’ നിരവധി അവാർഡുകൾ നേടി. മികച്ച ഒറിജിനൽ ഗാനത്തിന് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, ഗാനരചനക്ക് ഗുൽസാറിന്റെ ‘ജയ് ഹോ’, മികച്ച ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടി എന്നിവർ ആദരിക്കപ്പെട്ടു. ഇന്ത്യൻ സിനിമയുടെ പാട്ട്, നൃത്തം, മുഖ്യധാരാ മസാല എന്നിവയുടെ പാശ്ചാത്യ ലോകത്തിന്റെ വ്യാഖ്യാനമായി ഈ ഡാനി ബോയ്ൽ ചിത്രത്തെ വിശേഷിപ്പിക്കാമെങ്കിലും, ആക്ഷൻ-നൃത്ത രംഗങ്ങൾ കുറ്റബോധമില്ലാതെ ദൃശ്യവിസ്മയമാക്കിയ ‘ആർആർആർ’ എല്ലാ അർത്ഥത്തിലും ഒരു ഇന്ത്യൻ മുഖ്യധാരാ സിനിമയാണ്. സാംസ്കാരിക വൈവിധ്യമുള്ള അമേരിക്കൻ സമൂഹത്തിന്റെ ഭാവനയെ പിടിച്ചടക്കിയ സിനിമക്കുള്ള അക്കാദമിയുടെ അംഗീകാരമായി ‘നാട്ടു നാട്ടു’ വിജയത്തെ വിലയിരുത്താം.
ഓസ്‌കറുകൾ “വളരെ വെളുത്തതാണ്” എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് അവാർഡുകൾ വീണ്ടും തുടക്കമിട്ടു. ‘ടു ലെസ്‌ലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആൻഡ്രിയ റൈസ്‌ബറോക്ക് ലഭിച്ച മികച്ച നടിക്കുള്ള നാമനിർദേശം ഏറെ വിമർശിക്കപ്പെട്ടു. ‘ദി വുമൺ കിംഗ്’ എന്ന ചിത്രത്തിന് വിയോള ഡേവിസ്, ‘ടിൽ’ എന്ന ചിത്രത്തിന് ഡാനിയേൽ ഡെഡ്‌വൈലർ തുടങ്ങിയ വിജയസാധ്യതയുള്ള പേരുകൾ ഒഴിവാക്കപ്പെട്ടതായി പറയപ്പെടുന്നു. ഹോളിവുഡ് സതീര്‍ത്ഥ്യരുടെ ശക്തമായ പ്രചാരണം മൂലമാണോ റൈസ്ബറോ നാമനിർദ്ദേശം ചെയ്യപ്പെട്ടതെന്ന് അക്കാദമി അന്വേഷിക്കുന്നു. പതിനൊന്ന് നാമനിർദേശങ്ങളും, ഏഴ് അവാർഡുകളും നേടിയ ‘എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ്’ (ഒരു കുടിയേറ്റ ചൈനീസ് കുടുംബത്തിന്റെ കഥ) എല്ലാത്തരം ആളുകളേയും ഉൾക്കൊള്ളാനുള്ള താല്പര്യത്തിന് ഉദാഹരണമായി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സഹനടൻ (വിയറ്റ്നാമീസ്-അമേരിക്കൻ കെ ഹുയ് ക്വാൻ) എന്നീ അവാർഡുകൾ ഇവയിൽ ഉൾപ്പെടുന്നു. മികച്ച നടിക്കുള്ള നോമിനേഷൻ ലഭിക്കുകയും വിജയിക്കുകയും ചെയ്ത ആദ്യ ഏഷ്യൻ വനിതയായി മാറി അതിലെ പ്രധാന നടി മിഷേൽ യോ. 20 വർഷത്തിനിടെ വെള്ളക്കാരല്ലാത്തവർക്ക് ലഭിക്കുന്ന ആദ്യ മികച്ച നടിക്കുള്ള അവാർഡ് കൂടിയാണിത്. തങ്ങളുടെ നല്ലപ്രായം കഴിഞ്ഞെന്ന് പറയാൻ ആരേയും അനുവദിക്കരുതെന്ന് സ്ത്രീകളോട് അഭ്യർത്ഥിച്ച 60-കാരിയെ കാണികൾ ഹർഷാരവത്തോടെ അഭിവാദ്യം ചെയ്തു. നാമനിർദേശങ്ങളിലൂടേയും മികച്ച വസ്ത്രാലങ്കാരത്തിനുള്ള വിജയത്തിലൂടേയും സാന്നിധ്യം അറിയിച്ച വെള്ളക്കാരിൽനിന്നല്ലാത്ത മറ്റൊരു ചിത്രം ‘ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ’ ആയിരുന്നു. വരാനിരിക്കുന്ന വർഷങ്ങളിൽ, ഈ ബഹുസ്വര സാംസ്കാരിക വിജയങ്ങൾ കൂടുതൽ കലാകാരന്മാരെ ആഗോള തലത്തിലേക്ക് കൊണ്ടുപോകാൻ വഴിയൊരുക്കണം.
This editorial has been translated from English, which can be read here.
COMMents
SHARE