2006 മുതൽ ഇന്ത്യയുടേയും ജപ്പാന്റേയും പ്രധാനമന്ത്രിമാർ “വാർഷിക ഉച്ചകോടിക്കായി” സന്ദർശനങ്ങൾ നടത്താറുണ്ട്. ഈ കൂടിക്കാഴ്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഗതിയെ നയിച്ചിരുന്നത്. എന്നിരുന്നാലും, ഈ ആഴ്ച്ച ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഡൽഹിയിൽ നടത്തിയ പെട്ടെന്നുള്ള “ഔദ്യോഗിക സന്ദർശനത്തിന്റെ” മുഖ്യ ലക്‌ഷ്യം ‘ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളവുമായ കൂട്ടായ്‌മ’ ആയിരുന്നില്ല. രണ്ട് മേഖലകളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ: പ്രധാനമായും യുക്രെയ്ൻ സംഘർഷത്തിൽ നിന്ന് ഉയർന്നുവരുന്ന ഭക്ഷ്യ-ഊർജ്ജ സുരക്ഷാ പ്രശ്‌നങ്ങളിൽ ജി-7, ജി-20 കാര്യപരിപാടികൾ ഏകോപിപ്പിക്കുക. കൂടാതെ, കടക്കെണികൾ ഒഴിവാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും സമുദ്ര, വ്യോമ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും മേഖലയിലെ രാജ്യങ്ങളുമായി പ്രവർത്തിക്കാൻ ജപ്പാന്റെ 75 ബില്യൺ ഡോളറിന്റെ ‘സ്വതന്ത്രവും വിശാലവുമായ ഇൻഡോ-പസഫിക്’ (എഫ്.ഒ.ഐ.പി) പദ്ധതി അവതരിപ്പിക്കുക. റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വെല്ലുവിളികളെ നേരിടുന്നതിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ആഗോള സമവായത്തിന്റെ ആവശ്യകതയെ കിഷിദ ഊന്നിപ്പറയുന്നതായി കാണപ്പെട്ടു. ഈ വിഷയത്തിൽ ജപ്പാൻ പാശ്ചാത്യ ശക്തികളോടൊപ്പമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ, ജി-20 പ്രസിഡന്റ് എന്ന നിലയിൽ, യുക്രെയ്‌ൻ പ്രശ്‌നം പരിഹരിക്കാനുള്ള ജി-7-ന്റെ പദ്ധതികളിൽ ഇന്ത്യ അണിചേരേണ്ടതിന്റേയും ഇതിനെ “റഷ്യൻ ആക്രമണം” എന്ന് വിളിക്കേണ്ടതിന്റേയും ആവശ്യകതയെക്കുറിച്ച് കിഷിദ “വെട്ടിത്തുറന്ന്” സംസാരിച്ചതായി മനസ്സിലാക്കുന്നു. അദ്ദേഹം ചൈനയുടെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും, അയൽപക്കത്തുള്ള ഈ രാജ്യത്തിന്റെ പ്രവർത്തനങ്ങൾ ജപ്പാനെ ആശങ്കയിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്, കൂടാതെ അദ്ദേഹത്തിന്റെ എഫ്.ഒ.ഐ.പി പദ്ധതിയിൽ ഇന്ത്യയെ “അനിവാര്യമായ പങ്കാളി” ആയി ഉൾപ്പെടുത്തിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ സന്ദർശന സമയവും എടുത്ത് പറയേണ്ടതാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് മോസ്‌കോ സന്ദർശനം നടത്തിയ സമയത്തു തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനവും. കൂടാതെ, ശക്തി പ്രകടിപ്പിക്കാനെന്നോണം ചൊവ്വാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഷി കൂടിക്കാഴ്ച നടത്തിയപ്പോൾ, യുക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയെ പിന്തുണക്കാൻ കിഷിദ കീവിലേക്ക് പറന്നു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമായിരുന്നു അത്.
ഉഭയകക്ഷി, ബഹുമുഖ സഹകരണം (ക്വാഡ്) എന്നിവയിൽ ടോക്കിയോയുമായി അടുത്ത ബന്ധമുള്ള ന്യൂഡൽഹി സന്തോഷത്തോടെയാണ് കിഷിദയെ സ്വീകരിച്ചത്. വൈകിക്കൊണ്ടിരിക്കുന്ന ‘ബുള്ളറ്റ് ട്രെയിൻ’ പദ്ധതിക്ക് വേണ്ടിയുള്ള ജാപ്പനീസ് വായ്പയും, ബംഗ്ലാദേശിനേയും ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയും ഉൾപ്പെടുന്ന നിരവധി സഹകരണങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുണ്ട്. ജി-7, ജി-20 എന്നിവയുടെ പ്രസിഡന്റുമാരെന്ന നിലയിൽ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളിൽ സമന്വയം ഉണ്ടാക്കുന്നതിലൂടേയും, രണ്ട് ഉച്ചകോടികളുടെ ഫലങ്ങളിൽ ദക്ഷിണ ലോകത്തിന് ന്യായമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടേയും ഇരു രാജ്യങ്ങൾക്കും പലതും നേടാനാവും. യുക്രെയ്ൻ യുദ്ധത്തിന്റെ അന്ത്യം, അയൽപക്കത്തെ ചൈനയുടെ കടന്നുകയറ്റത്തെ എതിർക്കൽ എന്നിവയും പൊതുവായ ലക്ഷ്യങ്ങളാണ്. എന്നിരുന്നാലും, അവർ സമാനമായ നിലപാടുകൾ പങ്കിടുന്നുവെന്ന് കരുതുന്നത് തെറ്റാണ്. ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, ജപ്പാൻ യു.എസ്. സഖ്യത്തിന്റെ ഭാഗമാണ്. റഷ്യയ്‌ക്കെതിരായ ഉപരോധത്തിൽ ജപ്പാനും ചേർന്നിരുന്നു. അതേസമയം ഇന്ത്യ അതിൽ നിന്ന് വിട്ടുനിന്നു. യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽ.എ.സി) ചൈനയുടെ നടപടികളെ കുറിച്ച് ഇന്ത്യ ശബ്ദമുയർത്തിയിട്ടുണ്ട്, എന്നാൽ ദക്ഷിണ ചൈനാ കടൽ, തായ്‌വാൻ കടലിടുക്ക് തുടങ്ങിയ മേഖലകളിലെ ചൈനയുടെ നടപടികളെ നേരിട്ട് വിമർശിക്കുന്നതിൽ ഇന്ത്യ വിമുഖത കാണിക്കുന്നു. മെയ് മാസത്തിൽ ജി-7-ന്റെ പ്രത്യേക അതിഥിയായി ഹിരോഷിമ സന്ദർശിക്കാൻ മോദി ഒരുങ്ങുന്നു. പിന്നീട് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിയിൽ ഷിയ്ക്കും പുടിനും ആതിഥ്യമൊരുക്കും. ജപ്പാനെപ്പോലുള്ള ഒരു പ്രിയപ്പെട്ട പങ്കാളിയുടെ നിർദ്ദേശപ്രകാരമാണെങ്കിൽ പോലും, ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളിലെ ശ്രദ്ധയോടെയുള്ള കാൽവെയ്പുകളിൽ മാറ്റം വരുത്താൻ ന്യൂഡൽഹിക്ക് ബുദ്ധിമുട്ടായിരിക്കും.
This editorial has been translated from English, which can be read here.
COMMents
SHARE