ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തിറക്കിയ ഏറ്റവും പുതിയ ജി.ഡി.പി. കണക്കുകൾ പ്രകാരം 2022 ഒക്‌ടോബർ-ഡിസംബർ പാദത്തിൽ വളർച്ചയിൽ കൂടുതൽ ഇടിവിന് സാധ്യത കാണുന്നു. ഈ മാന്ദ്യത്തിന്റെ പ്രധാന കാരണം മുൻവർഷം ഇതേ പാദത്തിലെ പുതുക്കിയ ഉയർന്ന നിരക്കാണെന്നാണ് സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സി.ഇ.എ.) പറയുന്നത്. മൊത്ത ആഭ്യന്തര ഉൽപ്പാദനം മുൻ പാദത്തെ അപേക്ഷിച്ച് 4.4 ശതമാനം വർദ്ധിച്ചതായി കണക്കാക്കുന്നു; കഴിഞ്ഞ മൂന്ന് മാസങ്ങളിൽ രേഖപ്പെടുത്തിയ 6.3 ശതമാനത്തിൽ നിന്ന് ഗണ്യമായ ഇടിവാണിത്. കൂടാതെ, 2021 ഒക്ടോബർ-ഡിസംബർ കാലയളവിലെ 5.2 ശതമാനം വളർച്ചയേക്കാൾ പിന്നിലുമാണ്. ഉൽപ്പാദനത്തിലെ തുടർച്ചയായ സങ്കോചം മൂലം മൊത്ത മൂല്യവർദ്ധിത വളർച്ച (ജി.വി.എ.) രണ്ടാം പാദത്തിലെ 5.5 ശതമാനത്തിൽ നിന്ന് 4.6 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പാദത്തിൽ ഉൽപ്പാദനത്തിലെ വാർഷിക സങ്കോചം (മൈനസ് 1.1 ശതമാനം) ജൂലായ്-സെപ്റ്റംബറിലെ വാർഷിക സങ്കോചത്തേക്കാൾ (മൈനസ് 3.6 ശതമാനം) കുറവായിരുന്നെങ്കിലും, ക്രമാനുഗതമായും ഇത് 2.4 ശതമാനം ചുരുങ്ങി. നിർണായകമായ വ്യാപാരം, ഹോട്ടൽ, ഗതാഗതം, വാർത്താവിനിമയം, സാമ്പത്തികം, സ്ഥാവര വസ്തുക്കൾ, പ്രൊഫഷണൽ സേവനങ്ങൾ എന്നീ മേഖലകളിൽ മൂന്നെണ്ണത്തിലെ വളർച്ച രണ്ടാം പാദത്തിൽ നിന്ന് കുത്തനെ ഇടിഞ്ഞു. ഇത് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച തീവ്ര സമ്പർക്ക സേവനങ്ങളുടെ അടക്കിവച്ചിരുന്ന ആവശ്യകത ക്ഷയിച്ചു തുടങ്ങിയിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ചെലവുകളുടെ കാര്യത്തിൽ, മുഖ്യമായിട്ടുള്ള സ്വകാര്യ ഉപഭോഗം ആക്കം നഷ്ടപ്പെട്ട്, മൊത്തത്തിലുള്ള ജി.ഡി.പി.യുടെ 61.6 ശതമാനമായി കുറഞ്ഞു. മുൻവർഷത്തെ ഇതേ പാദത്തിൽ ഇത് 63 ശതമാനമായിരുന്നു. ഉപഭോഗച്ചെലവ് സാധാരണയായി ഉയരുന്ന ഉത്സവ പാദത്തിൽ ഇത് സംഭവിച്ചത് ആശങ്കയ്ക്ക് കാരണമാണ്. ഉപഭോക്തൃ പണപ്പെരുപ്പത്തിന്റെ നിരന്തരമായ വർദ്ധനവ് ഉപഭോഗ ശേഷിയെ ഇല്ലാതാക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, വാർഷിക വളർച്ച കണക്കാക്കാൻ ഉപയോഗിച്ച മുൻവർഷത്തെ ഉൽപ്പാദന നിരക്ക് പരിഷ്ക്കരിക്കാതെ തുടരുകയായിരുന്നെങ്കിൽ, എൻ.എസ്.ഒ. കണക്കുകൾ കാണിക്കുന്ന പോലെ 1.1 ശതമാനം ചുരുങ്ങുന്നതിന് പകരം ജി.ഡി.പി. യഥാർത്ഥത്തിൽ 3.8 ശതമാനം വളർച്ച രേഖപ്പെടുത്തുമായിരുന്നുവെന്ന് സി.ഇ.എ. അഭിപ്രായപ്പെട്ടു. അതുപോലെ, പുനരവലോകനത്തിന് മുമ്പുള്ള നിരക്ക് ഉപയോഗിച്ചിരുന്നെങ്കിൽ സ്വകാര്യ ഉപഭോഗച്ചെലവ് എൻ.എസ്.ഒ.യുടെ 2.1 ശതമാനത്തിനുപകരം, മൂന്നാം പാദത്തിൽ ഏകദേശം 6 ശതമാനം വളർച്ച രേഖപ്പെടുത്തുമായിരുന്നുവെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ആറ് ശതമാനമാണെങ്കിൽ പോലും ഉപഭോഗ ചെലവിന്റെ വളർച്ച രണ്ടാം പാദത്തിലെ 8.8 ശതമാനം വളർച്ചയേക്കാൾ കുറവാണ്. വളർച്ചയുടെ ആക്കം കുറയുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. ബിസിനസ് സംരംഭങ്ങളുടെ ശേഷി വർധിപ്പിക്കാനുള്ള നിക്ഷേപത്തെ പ്രതിഫലിപ്പിക്കുന്ന മൊത്ത സ്ഥിര മൂലധന രൂപീകരണം ക്രമാനുഗതമായി ചുരുങ്ങി ജി.ഡി.പി.യുടെ 31.8 ശതമാനമായി കുറഞ്ഞു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഇത് 34.2 ശതമാനമായിരുന്നു. ആഗോള ഉപഭോഗം ഗണ്യമായി കുറഞ്ഞതുകൊണ്ടും, 2023-ൽ ഇത് വീണ്ടെടുക്കാൻ സാധ്യതയില്ലാത്തതിനാലും, വരും മാസങ്ങളിൽ പ്രതികൂല കാലാവസ്ഥ മൂലമുണ്ടാകാവുന്ന കാർഷിക ഉൽപാദനത്തിലെ അനിശ്ചിതത്വം കാരണവും ആഭ്യന്തര ആവശ്യകത ശക്തിപ്പെടുത്തുന്നതിന് നയരൂപകർത്താക്കൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. റിസേർവ് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇടയ്ക്കിടെ ചൂണ്ടിക്കാണിക്കുന്നത് പോലെ, നിരക്കുകൾ പുതുക്കിയത് കാരണം അർത്ഥവത്തായ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് പ്രയാസകരമായി. ഇത് നയപരമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള വെല്ലുവിളികളിലേക്ക് വെളിച്ചം വീശുന്നു.
This editorial has been translated from English, which can be read here.
COMMents
SHARE