മഹാമാരി പൊട്ടിപ്പുറപ്പെട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും, പുതിയ വകഭേദങ്ങൾ, രോഗബാധിതരുടെ വർദ്ധനവ്, ആശുപത്രിവാസം, മരണം എന്നിവ ലോകമെമ്പാടും നടക്കുന്നതായി വാർത്തകൾ വരുന്നു. എന്നിരുന്നാലും സ്ഥിതി ആശങ്കാജനകമായ തലത്തിലേക്ക് എത്തിയിട്ടില്ല. കാപ്പ, ഡെൽറ്റ, ബി.എ.2.75, ബി.എ.2.76 എന്നിവയ്ക്ക് ശേഷം, ഏറ്റവും പുതിയ വകഭേദം (ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്) ഓമിക്രോണിന്റെ പുനസംയോജനമായ എക്സ്.ബി.ബി.1.16 ആണ്. പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ചെറിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾക്കിടയിൽപ്പോലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. ഇത് രോഗം ബാധിച്ച ആളുകളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് സൂചിപ്പിക്കുന്നു. ഈ മാസം നടന്ന ജനിതകഘടനാ തരംതിരിക്കൽ പരിശോധനകൾക്ക് വിധേയമായതിൽ 30 ശതമാനവും ഈ വകഭേദമാണെന്ന് മാത്രമല്ല അതിന്റെ അനുപാതം വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ രണ്ടാഴ്ചകളായി ഈ പുതിയ വകഭേദം പൊതുജനങ്ങൾക്കിടയിൽ വ്യാപിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഓരോ ദിവസവും കണക്കാക്കുന്ന പുതിയ രോഗികളുടെ എണ്ണം കുറച്ച് മാസങ്ങളായി താഴ്ന്ന നിലയിലായിരുന്നതിനാൽ, പരിശോധനയും ജനിതകഘടനയുടെ തരംതിരിക്കലും കുത്തനെ ഇടിഞ്ഞു. പരിശോധനക്ക് വിധേയരാവുന്നവരിൽ കേവലം ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പോസിറ്റീവ് ആകുന്നതെന്നാണ് പ്രതിവാര കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ, ഈ പുതിയ വകഭേദത്തിന്റെ വ്യാപനത്തെ സംബന്ധിച്ച യഥാർത്ഥ ചിത്രം വ്യക്തമല്ല. ഈ പശ്ചാത്തലത്തിലാണ്, പുതിയതും, ഇനി പുറത്തുവരാൻ സാധ്യതയുള്ളതുമായ വകഭേദങ്ങളും നിരീക്ഷണവിധേയമാക്കുന്നതിനായി പൂർണ ജനിതകഘടനാ തരംതിരിക്കൽ പ്രക്രിയ വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഇത് കൃത്യസമയത്ത് ഉണർന്ന് പ്രവർത്തിക്കാൻ രാജ്യത്തെ പ്രാപ്തമാക്കും. പകർച്ചവ്യാധി ഇനിയും വിട്ടുമാറാത്തതിനാൽ, ജനിതകഘടനാ തരംതിരിക്കൽ പ്രക്രിയ തുടരേണ്ടതാണെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ല. മഹാമാരിയുടെ കൊടുങ്കാറ്റിലേക്ക് കണ്ണുമൂടിക്കെട്ടി പറക്കാതിരിക്കാൻ ഇത് ഇന്ത്യയെ സഹായിക്കും.
ഭൂരിഭാഗം മുതിർന്നവരും കൗമാരക്കാരും ഒരു വർഷമെങ്കിലും മുൻപാണ് അവരുടെ രണ്ടാമത്തെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തത്. ബൂസ്റ്റർ പ്രതിരോധകുത്തിവെയ്പ്പ് എടുത്തവരുടെ എണ്ണം തുലോം തുച്ഛമായതിനാൽ പ്രതിരോധ കുത്തിവെയ്പ്പിലൂടേയും, സ്വാഭാവിക അണുബാധയിലൂടേയും ലഭിക്കുന്ന സമ്മിശ്ര പ്രതിരോധശേഷിയെ ഇന്ത്യ പൂർണ്ണമായി ആശ്രയിക്കുന്നു. ഭാഗ്യവശാൽ, 12 വയസ്സിന് മുകളിലുള്ള ഇന്ത്യയിലെ ജനസംഖ്യയുടെ 95 ശതമാനവും സമ്മിശ്ര പ്രതിരോധശേഷിയുള്ളവരായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ചില ഒമിക്‌റോൺ വകഭേദങ്ങൾ രോഗികളുടെ എണ്ണത്തിൽ ഒരു കുതിച്ചുചാട്ടത്തിന് കാരണമായപ്പോഴും, അവസ്ഥ ഗുരതരമാവാതിരിക്കാൻ ഇക്കൂട്ടർ സഹായിച്ചു. വാസ്തവത്തിൽ, ബി.എ.2 -ന് ശേഷം ഉരുത്തിരിഞ്ഞ ഏതെങ്കിലും വകഭേദം മൂലം രോഗമുണ്ടായാൽ അത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. കുറച്ചുപേർക്ക് ഇടയ്ക്കിടെ വീണ്ടും രോഗം പിടിപെടുന്നത് കൊണ്ട് പൊതുജനങ്ങൾക്കിടയിൽ വ്യത്യസ്തമായ രീതിയിലാണ് രോഗപ്രതിരോധശേഷി വർദ്ധിച്ചിരിക്കുന്നത്. ഇതിനാൽ ജനസംഖ്യയുടെ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് രോഗം പിടിപെടാൻ സാധ്യതയുള്ളവർ. എന്നാൽ ആളുകൾ, പ്രത്യേകിച്ച് രോഗസാധ്യതയുള്ളവർ, കോവിഡ് ബാധിക്കാതിരിക്കാൻ പുതിയ വകഭേദങ്ങൾ വരുമ്പോൾ അടിസ്ഥാന മുൻകരുതലുകൾ, പ്രത്യേകിച്ച് അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് പോലുള്ളവ, എടുക്കുന്നത് നന്നായിരിക്കും. മോശം വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ പോലും എല്ലാവരും എപ്പോഴും മുഖാവരണം ധരിക്കുന്നത് ഇന്ത്യയിൽ ഇപ്പോൾ ആവശ്യമായിരിക്കില്ല. പക്ഷേ രോഗസാധ്യതയുള്ള വ്യക്തികൾ പരപ്രേരണ കൂടാതെ സ്വയം സംരക്ഷിക്കുന്നതിൽ നിന്ന് മാറി നിൽക്കരുത്.
This editorial has been translated from English, which can be read here.
COMMents
SHARE