ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൽ നിന്നുള്ള ഏറ്റവും പുതിയ വ്യാവസായിക ഉൽപ്പാദന കണക്കുകൾ പ്രകാരം മൊത്തത്തിലുള്ള ഉൽപ്പാദനത്തിലെ വാർഷിക വളർച്ച നവംബറിലെ 7.3% നിന്ന് ഡിസംബറിൽ 4.3% ആയി കുറഞ്ഞു. വ്യാവസായിക ഉൽപ്പാദന സൂചികയിലെ ഖനനം, ഉൽപ്പാദനം, വൈദ്യുതി എന്നീ മൂന്ന് ഘടകങ്ങളിലെ പ്രവർത്തനം അല്പം കുറഞ്ഞോ അല്ലെങ്കിൽ മാറ്റമില്ലാതെയോ കാണപ്പെട്ടു. ഏറ്റവും വലിയതും 78% പ്രാതിനിധ്യവുമുള്ള ഉൽപ്പാദനത്തിന്റെ വളർച്ച 2.6% ആയി കുറഞ്ഞത് സൂചികയെ മൊത്തമായി ഇടിച്ചു. മുൻപുള്ള മാസം ഇതിന്റെ വർധന 6.4% ആയിരുന്നു. ക്രമാനുഗതമായ അല്ലെങ്കിൽ മാസാമാസമുള്ള വളർച്ച വിലയിരുത്തുമ്പോൾ, ഖനനവും നിർമ്മാണവും മാന്ദ്യം രേഖപ്പെടുത്തി. നവംബറിലെ 1.5% സങ്കോചവുമായി താരതമ്യം ചെയ്യുമ്പോൾ വൈദ്യുതി മാത്രം 7.6% വളർന്നു. ഉൽപ്പാദനം, മുൻ മാസത്തെ 6.9 ശതമാനത്തിൽ നിന്ന് 2 ശതമാനത്തിലധികം പോയിൻറ് കുറഞ്ഞ് 4.7% ആയി. ഗാർഹിക ഉപകരണങ്ങൾ, ഗാർഹികേതര ഉപകരണങ്ങൾ, മൂലധന ചരക്കുകൾ എന്നിവയുൾപ്പെടെ ആറ് ഉപഭോഗാധിഷ്ഠിത മേഖലകളിൽ മൂന്നെണ്ണത്തിന്റെ തളർച്ചയാണ് ഇതിന് കാരണം. ഈ മൂന്ന് ഇനങ്ങളും സമ്പദ്‌വ്യവസ്ഥയിൽ മൊത്തത്തിലുള്ള പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. മഹാമാരിക്ക് ശേഷമുള്ള കുതിപ്പ് ഉണ്ടായിരുന്നെങ്കിലും വ്യക്തിഗത ഉപഭോഗം ശാശ്വതമായ അടിത്തറ വീണ്ടെടുക്കേണ്ടതുണ്ട്. ഇത് സേവനമേഖലയിലാണ് കൂടുതൽ ദൃശ്യമാവുന്നത്. ഉത്സവാവശ്യങ്ങൾ കാരണം നവംബറിൽ കുതിച്ചുയർന്നതിന് ശേഷം ഗാർഹിക ഉപകരണങ്ങളുടെ ഉത്പാദനത്തിന്റെ വാർഷിക വളർച്ച ഡിസംബറിൽ 10.4% മായും ക്രമാനുഗത വളർച്ച 2.2% മായും കുറഞ്ഞു. ഗാർഹികേതര ഉപകരണങ്ങളിലാവട്ടെ കുത്തനെയുള്ള ക്രമാനുഗത മന്ദത അനുഭവപ്പെട്ട ഡിസംബറിൽ മാസാമാസ വളർച്ച 7.4% ആയി കുറഞ്ഞു.
മൂലധന ചരക്കിന്റെ സ്ഥിതിവിവര കണക്കുകൾ സ്വകാര്യ മേഖലയുടെ നിക്ഷേപ രംഗത്ത് തുടരുന്ന അനിശ്ചിതത്വത്തിലേക്ക് വിരൽ ചൂണ്ടുന്നു. സംരംഭങ്ങൾ വികസിപ്പിക്കുമ്പോഴോ പുതിയവ ആരംഭിക്കുമ്പോഴോ നിർമ്മാതാക്കൾക്ക് വേണ്ടിവരുന്ന വ്യവസായ ശാലകളുടേയും യന്ത്രസാമഗ്രികളുടെയും നിർമ്മാണം വളർച്ച നിലനിർത്താൻ പാടുപെടുകയാണ്. ഈ ചരക്കുകളുടെ ഉൽപ്പാദനത്തിലെ വളർച്ച ക്രമാനുഗതമായും വാർഷികമായും താഴ്ന്നു. നവംബറിലെ 21.6 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വിഭാഗത്തിലെ വാർഷിക വളർച്ച 7.6% ആയി കുറഞ്ഞു. ക്രമാനുഗതമായി നോക്കുമ്പോൾ, നവംബറിലെ 13% വികാസത്തിന് ശേഷം, വളർച്ച മന്ദിച്ച് 0.2% ആയി. എന്നിരുന്നാലും, ശരിയായ നയ പരിപാടികളുണ്ടെങ്കിൽ പ്രാഥമിക ചരക്കുകളും, അടിസ്ഥാന സൗകര്യവികസനവും കെട്ടിട നിർമ്മാണ സാമഗ്രികളും ശക്തമായ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷ നൽകുന്നു. പ്രാഥമിക ചരക്കുകളുടെ ഉൽപ്പാദനത്തിന്റെ ക്രമാനുഗതമായ വളർച്ച 1.1% ൽ നിന്ന് 9.2% ആയി ഉയർന്നപ്പോൾ, അടിസ്ഥാന സൗകര്യവികസനത്തിന്റേയും കെട്ടിട നിർമ്മാണത്തിന്റേയും മാസാമാസ വളർച്ച നവംബറിലെ 3.2% ൽ നിന്ന് 4% ആയി ഉയർന്നു. ഉൽപ്പാദന മേഖലയുടെ അനുമാനങ്ങളെ സംബന്ധിച്ച ആർ.ബി.ഐ.യുടെ ഏറ്റവും പുതിയ സർവേ പ്രകാരം കമ്പനികൾ നിലവിലെ പാദത്തിൽ ലഭിക്കുന്ന ഓർഡറുകളിലും വിദേശ വിപണികളിലെ ആവശ്യകതയിലും കുറവ് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് ഇവയുടെ വളർച്ച നയ പരിപാടികളുടെ പിന്തുണയെ ആശ്രയിച്ചിരിക്കും. സർക്കാരിന്റെ മൂലധനച്ചെലവ് ഗണ്യമായി വർധിപ്പിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്തേജനം നൽകാനുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനം തീർച്ചയായും കെട്ടിട നിർമ്മാണ സാമഗ്രികൾക്ക് വലിയൊരു കുതിപ്പ് നൽകാനും, വരും മാസങ്ങളിൽ ഇത് മറ്റ് മേഖലകളിലേക്ക് പടരാനും സാധ്യതയുണ്ട്.
This editorial has been translated from English, which can be read here.