പാർലമെന്റ്: അച്ചടക്കവും ചർച്ചയും

സർക്കാർ ജനങ്ങളോട് ഉത്തരം പറയേണ്ട വേദിയാണ് പാർലമെന്റ്

February 22, 2023 11:02 am | Updated 11:02 am IST

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദത്തിൽ ഒന്നിലധികം തവണ സഭ നിർത്തിവയ്ക്കാൻ ഇടയാക്കിയ 12 പ്രതിപക്ഷ എം.പി.മാരുടെ “നിലവിട്ട പെരുമാറ്റത്തെപ്പറ്റി” അന്വേഷിക്കാൻ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ സഭയുടെ ഉപാധ്യക്ഷനും ജെ.ഡി.യു. എം.പി.യുമായ ഹരിവൻഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാവകാശ സമിതിയെ തിങ്കളാഴ്ച ചുമതലപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 85 മിനിറ്റ് നീണ്ട പ്രസംഗത്തിലുടനീളം പ്രതിപക്ഷം മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടിരുന്നു. നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണം നടത്തുന്ന സൻസദ് ടിവി അത് കാണിച്ചില്ല – ക്യാമറ പ്രതിപക്ഷ ബെഞ്ചുകൾക്ക് നേരെ തിരിഞ്ഞതേയില്ല. നേരത്തെ, ഒരു ബി.ജെ.പി. എം.പി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പാർലമെന്റ് നടപടികൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ച് കോൺഗ്രസ് അംഗം രജനി പാട്ടീലിനെ ധൻഖർ സസ്‌പെൻഡ് ചെയ്തിരുന്നു. പാട്ടീലിന്റെ കാര്യത്തിൽ ശരിയായ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും നിലപാട് വിശദീകരിക്കാൻ അവർക്ക് നോട്ടീസ് നൽകിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചക്കിടെ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ 88-മിനിറ്റ് നീണ്ട പ്രസംഗം ധൻഖർ പലതവണ തടസ്സപ്പെടുത്തി. പ്രസംഗത്തിനിടെ നടത്തിയ പരാമർശങ്ങൾ തെളിവുകളോടെ സമർത്ഥിക്കുവാനുള്ള അധ്യക്ഷന്റെ ആവർത്തിച്ചുള്ള നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. “പ്രതിപക്ഷ അംഗങ്ങൾ പൂർണ്ണമായ അന്വേഷണം നടത്തുകയും, തെളിവുകൾ ശേഖരിക്കുകയും ചെയ്തതിന് ശേഷം മാത്രമേ വിഷയം സഭയിൽ ഉന്നയിക്കാവൂവെന്ന് പ്രതീക്ഷിക്കുന്നെങ്കിൽ അത് ഭരണസംവിധാനത്തെ തകിടംമറിക്കുന്നതിന് തുല്യമായിരിക്കും,” ഖാർഗെ ചൂണ്ടിക്കാട്ടി.

ഖാർഗെയുടെ പ്രസംഗത്തിന്റെ ആറ് ഭാഗങ്ങൾ രാജ്യസഭാ രേഖകളിൽ നിന്ന് ഒഴിവാക്കിയെങ്കിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തിന്റെ 18 ഭാഗങ്ങൾ നീക്കംചെയ്യപ്പെട്ടു. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാൻ പ്രതിപക്ഷത്തിന് ബാധ്യതയുള്ള വേദിയാണ് പാർലമെന്റ്. അതിന് ഉത്തരം നൽകാൻ മന്ത്രിസഭയ്ക്കും ബാധ്യതയുമുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് കാലത്തിനനുസരിച്ച് മാറിയ നിയമങ്ങളും മാനദണ്ഡങ്ങളും പാർലമെന്റിനുണ്ട്. സർക്കാരിൽ നിന്ന് ഉത്തരം തേടുന്നതിന് പ്രതിപക്ഷത്തെ ശിക്ഷിച്ചാൽ അത് പാർലമെന്ററി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരിക്കും. ഇത് സർക്കാരിനെ നിയമത്തിന്റെ പിന്നിൽ ഒളിക്കാനും പുകമറ സൃഷ്ടിക്കാനും അനുവദിക്കും. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാരിന്റെ കൈവശമാണുള്ളത്. ഒരു എം.പി. സഭയിൽ ഉന്നയിക്കുന്ന ഏതെങ്കിലും വിഷയത്തിന്റെ ആധികാരികത അല്ലെങ്കിൽ അതിന്റെ അഭാവം സർക്കാരാണ് വ്യക്തമാക്കേണ്ടത്. അത് സർക്കാരിന്റെ കടമയാണ്. ചോദ്യം ഉന്നയിക്കുന്നവർ അച്ചടക്കത്തിന്റെ പേരിൽ ശിക്ഷാനടപടി നേരിടുമ്പോൾ, പൊതുതാൽപ്പര്യത്തെ ഹനിക്കും വിധം സ്വകാര്യവ്യവസായ താൽപര്യങ്ങൾ സംരക്ഷിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങളോട് സർക്കാർ പ്രതികരിക്കാത്തത് വിചിത്രമാണ്. പാർലമെന്റിലെ അച്ചടക്കം ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം; അതേസമയം സർക്കാർ ഉത്തരങ്ങൾ നൽകുകയും വേണം

This editorial has been translated from English, which can be read here.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.